Thursday, October 13, 2016


ആനവാൽ മോതിരം.

എടോ അപ്പുണ്ണി നായരെ ഓർമ്മയുണ്ടോ തനിക്കു ? കുട്ടിക്കാലത്ത്

ഒരു ആനവാലിനു വേണ്ടി ഒരുപാട് നടത്തിപ്പിച്ചിട്ടുണ്ട് താൻ എന്നെ ! ഇപ്പോഴും

വാക്കു പാലിച്ചിട്ടില്ല .

 " അയ്യോ അങ്ങുന്നിനെന്തിനാണാവോ ഈ കിഴവൻ ആനയുടെ വാൽ .? "

   "അപ്പുണ്ണി   നായരേ , ഒരായിരം മോഹങ്ങളെ വീട്ടു പടിക്കൽ എറിഞ്ഞുടച്ചിട്ടാണ് അന്ന് വീട് വിട്ടിറങ്ങിയത് . എന്നെങ്കിലും വിജയിച്ചു തിരിച്ചു വരും എന്ന പ്രതീക്ഷയിൽ . കുട്ടിക്കാലം തൊട്ടേ കാണുന്നതാ മുത്തശ്ശന്റെ വിരലിലെ ആനവാൽ മോതിരം . അത് കണ്ടു കണ്ടു കുട്ടിയായിരുന്ന എന്നിലും അങ്ങനെ ഒരു മോഹം ഉദിച്ചു . ഒന്നും നടന്നില്ല ."

എല്ലാം കേട്ട് സഹതാപത്തോടെ അപ്പുണ്ണി നായരൊന്നു നോക്കി , ഒന്നും ഉരിയാടാതെ അയാൾ തന്റെ ജോലി തുടർന്നു.

എന്താണാവോ അയാളുടെ മനസ്സിൽ .ഒന്നും മനസ്സിലാവാതെ പതിയെ ഉമ്മറത്തെ ചാരു കസേരയിൽ  വന്നിരുന്നു .  പിന്നിലേക്ക് പതിയെ ചായ്ഞ്ഞു കിടക്കവേ മനസും വർഷങ്ങൾക്കു പിന്നിലേക്ക് പോയി .

അന്നാട്ടിലെ പേരുകേട്ട തറവാട്ടിലെ ഏക ആൺ തരിയായി ഒരു രാജകുമാരനെ പോലെ ജീവിച്ചിരുന്ന കാലം . ആജ്ഞാനു വർത്തികളായി ചുറ്റും ധാരാളം പേർ. മാനത്തെ അമ്പിളി അമ്മാവനെ പിടിച്ച് തരാം എന്ന് പറഞ്ഞു മടിയിൽ ഇരുത്തി മുത്തശ്ശി എന്നും ചോറുരുട്ടി വായിൽ വച്ച്‌ തരുമായിരുന്നു .കുറച്ചു കൂടി വളർന്നപ്പോൾ കൂടെ കളിക്കാൻ കൂട്ടുകാർ ഏറെയായി . എല്ലാവരെയും വെല്ലുവിളിച്ച് മുറ്റത്തെ ചക്കര മാവിൽ നിന്നും മാമ്പഴം പറിയ്ക്കാൻ കയറിയതും കൊമ്പ് ഒടിഞ്ഞു താഴേക്കു വീണതും അമ്മയുടെ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ ഓടി പോയി മുത്തശ്ശിയുടെ അടുക്കൽ അഭയം പ്രാപിച്ചതും ഒക്കെ ഓർത്തപ്പോൾ താനേ ചിരിച്ചു പോയി .കുസൃതികൾ കൂടി കൂടി വന്നതേ ഉള്ളു വളരുംതോറും .അച്ഛന്റെ വക തല്ലും ശകാരവും പതിവായി മാറി .കൂട്ടുകെട്ടുകൾ ഒരുപാട് ദുശീലങ്ങൾ സമ്മാനിച്ചു . വല്യച്ഛൻ വലിച്ചെറിഞ്ഞ ബീഡികുറ്റി പിന്നാമ്പുറത്തെ വളക്കുഴിയുടെ പിന്നിൽ പമ്മിയിരുന്നു വലിച്ചത് ചെറിയച്ഛൻ കണ്ടു പിടിച്ചു. അന്ന് ചെറിയച്ഛന്റെ ഊഴമായിരുന്നു .

എല്ലാവരുടെയും പ്രിയങ്കരനായിരുന്നു താൻ പതിയെ പതിയെ എല്ലാവരുടെയും കണ്ണിൽ ചതുർത്ഥിയായി മാറുകയായിരുന്നു .പത്താം തരത്തിലെ പരീക്ഷാ ഫലം വന്നപ്പോളും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല .ആദ്യമായി അന്ന് മുത്തശ്ശിയും തനിക്കെതിരായി .അത്രയൊക്കെ ആയിട്ടും എന്ത് കൊണ്ടോ അമ്പാടിയിലെ ശങ്കരൻ ഉണ്ണിത്താൻ എന്ന താൻ വീണ്ടും വീണ്ടും ചെളിക്കുഴികളിലേക്കു പൊയ്ക്കൊണ്ടിരുന്നു . വാശിയോ പകയോ ഒക്കെ ആയിരുന്നു മനസ്സ് നിറയെ . എല്ലാവരും ശകാരിച്ചതു തന്റെ നന്മയ്ക്കാണെന്നു മനസ്സിലാക്കാൻ അന്ന് മനസ്സൊരുങ്ങിയില്ല . ആരും അറിയാതെ സ്വന്തം പറമ്പിലെ തേങ്ങാ മോഷ്ടിച്ച് വിൽക്കാൻ നടത്തിയ ശ്രമം പാളിപോകുകയും , മുറ്റത്തെ തെങ്ങിൽ കെട്ടിയിട്ടു പൊതിരെ അച്ഛൻ തല്ലിയപ്പോളും ഒരു തുള്ളി കണ്ണീർ പൊടിച്ചില്ല കണ്ണിൽ നിന്നും .

 അച്ഛന്റെ കല്പന ഇപ്പോളും ചെവിയിൽ കേൾക്കാം ,

 " ഒരുതുള്ളി വെള്ളം പോലും ആരും കൊടുത്തു പോകരുത് ഈ നിഷേധിയ്ക്കു ." 

ഇരുൾ പരക്കാൻ തുടങ്ങിയപ്പോളും കെട്ടഴിച്ച് വിട്ടില്ല . അല്പം വെള്ളത്തിനായി നാവു കൊതിച്ചു .വിശപ്പു വേറെയും . ശരിക്കും ക്ഷീണിതൻ ആയിരുന്നു . പിന്നിൽ ഒരു അനക്കം കേട്ട് തിരിഞ്ഞു നോക്കി .പേടിച്ചരണ്ട മുഖവുമായി ഒരു മൊന്തയിൽ വെള്ളവും പിടിച്ചു സുജാത .അടിച്ചു തളിക്കാരി കാർത്ത്യായനി അമ്മയുടെ മകൾ . വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നുവെങ്കിലും അഭിമാനം അവൾക്കു മുന്നിൽ അടിയറവു വയ്ക്കാൻ മനസ്സ് വന്നില്ല . വല്ലാത്ത അരിശത്തോടെ മൊന്ത തട്ടിക്കളഞ്ഞു കൊണ്ട് അവളോട് അമർത്തിയ സ്വരത്തിൽ ആക്രോശിച്ചു

"പെറ്റമ്മയ്ക്കില്ലാത്ത ദാക്ഷിണ്യം എന്നോട് കാണിക്കാൻ നീ എന്റെ ആരാ ?"

അവൾ ഭയത്തോടെ ചുറ്റും നോക്കി . പിന്നീട് ഇരുട്ടിലേക്ക് ഓടി മറഞ്ഞു  .

വീട് തന്നെ സംബന്ധിച്ച് ഉറങ്ങാനുള്ള ഒരു താവളം ആയി മാറുകയാരുന്നു .

ശകാരങ്ങൾക്കു മാത്രം ഒരു കുറവും ഉണ്ടായില്ല .

അച്ഛന്റെ വാക്കുകൾ ഇടയ്ക്കിടെ കേൾക്കാം ,

" നിഷേധി ! എന്ത് കേട്ടാലെന്താ ഒരു കൂസലുണ്ടോന്ന് നോക്ക്  "

മുത്തശ്ശി ഒരു ദിവസം പറയുന്നത് കേട്ടു ,

" എന്താണാവോ ഈ കുട്ടിയ്ക്ക് പറ്റീത് ? എപ്പോഴും  മുഖത്ത് പകയുടെ കനലുകൾ തന്നെ , ആരോടാണാവോ ഈ കുട്ടിയ്ക്ക് ഇത്രയ്ക്കു ദേഷ്യം ."

ആ വാക്കുകൾ മനസ്സിൽ ഒന്ന് തട്ടിയോ ? അമ്പലത്തിലേക്കുള്ള വഴിയിൽ ഉള്ള ആൽത്തറയിൽ കണ്ണടച്ച് കിടന്നു മുത്തശ്ശിയുടെ വാക്കുകൾ ഓർത്തു കൊണ്ട് .

" ഉണ്ണ്യേട്ടാ !!

പെട്ടെന്ന് കണ്ണുകൾ തുറന്നു . മുന്നിൽ സുജാത , അമ്പലത്തിൽ നിന്ന് മടങ്ങുന്ന വഴിയാകും .പേടിച്ച് നിൽക്കുന്ന അവളോട് എപ്പോഴത്തെയും പോലെ ദേഷ്യം ഒന്നും തോന്നീല . എഴുന്നേറ്റിരുന്നിട്ടു അവളുടെ മുഖത്തേക്കൊന്നു നോക്കി . എന്തോ പറയാനായി ഭയത്തോടെ നിൽക്കുന്ന

അവളെ നോക്കി ചോദ്യ ഭാവത്തിൽ .

   അവളുടെ ഭയം അവളെ കൊണ്ട് ഒന്നും പറയാൻ അനുവദിക്കില്ലെന്ന് മനസ്സിലായി . വെറുതെ ചോദിച്ചു ,

" എന്ത്യേ ? ആർക്കും തോന്നാത്ത ഒരു കാരുണ്യം ."

"  പൊയ്ക്കൊള്ളൂ " . ഒന്നും മിണ്ടാതെ അവൾ നോക്കി നിന്നതേ ഉള്ളു .

"എനിക്കാരുടെയും സഹതാപം ആവശ്യമില്ല്യ "

" എനിക്കാരോടും സഹതാപം ഒന്നൂല്ല " അവൾ പതിയെ പറഞ്ഞു .

"പിന്നെ ? " തെല്ല് ആശ്ചര്യത്തോടെ ഞാൻ അവളെ നോക്കി

"അറിയില്ല " അതും പറഞ്ഞു മെല്ലെ പുഞ്ചിരിയോടെ അവൾ ഓടി പോയി .

അത് തനിക്കൊരു പുതിയ അനുഭവം ആയിരുന്നു .ചുട്ടു പഴുത്ത കനലിലേക്ക് ഒരിറ്റു വെള്ളം വീണ പോലെ ,മനസ്സിനൊരു സുഖം അനുഭവപ്പെട്ടു .

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു . അമ്മയെ തേടി സുജാത വീട്ടിൽ വരുന്നത് കാണാറുണ്ട് . ആരും കാണാതെ അവളുടെ കണ്ണുകൾ തന്നെ തിരയുന്നത് കാണുമ്പോൾ മനസ്സിൽ എവിടെയോ ഒരു പുതിയ അനുഭൂതി ഉറവെടുക്കുക ആയിരുന്നു താൻ പോലും അറിയാതെ .ആരോടും ഒന്ന് ചിരിക്കാൻ മിനക്കെടാത്ത താൻ ആദ്യമായി അവളെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി . ദിവസങ്ങൾ പോകവേ സുജാതയും ആയി കൂടുതൽ അടുത്തു. എല്ലാവരിൽ നിന്നും നഷ്ടപെട്ട സ്നേഹം അവളിലൂടെ തിരിച്ചു കിട്ടുകയായിരുന്നു . വസന്തങ്ങളും ഗ്രീഷ്മങ്ങളും കടന്നു പോയപ്പോൾ എല്ലാ അതിർവരമ്പുകളും ലംഘിച്ച് കൊണ്ട് ഞങ്ങളുടെ പ്രണയവും പൂത്തുലഞ്ഞു . ഒടുവിൽ ആ അരമന രഹസ്യം അങ്ങാടി പാട്ടായി . തറവാട്ടിലും വാർത്ത എത്തി .

അച്ഛന്റെ അലർച്ച എനിക്ക് കേൾക്കാമായിരുന്നു .

" തറവാടിന്റെ മാനം കളയാൻ ഉണ്ടായ നശിക്കപ്പെട്ട സന്തതി ."

തറവാട്ടിൽ എല്ലാവരും എതിർത്തു .

" ഇന്നത്തോടെ ഈ ബന്ധം അവസാനിപ്പിച്ചേക്കണം ." കല്പനയും വന്നു .

ഒരു പാവം പെൺകുട്ടിയെ ചതിക്കുവാൻ പക്ഷെ എന്റെ മനസ്സനുവദിച്ചില്ല . അത്രമാത്രം താൻ അവളെ സ്നേഹിച്ചിരുന്നു .അത്രയ്ക്കും അവൾ തന്റെ ആത്മാവിന്റെ ഭാഗമായി തീർന്നിരുന്നു .സുജാതയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് തീരുമാനത്തിൽ ഉറച്ച് നിന്നു അച്ഛനും മറ്റുള്ളവരും .എല്ലാവരെയും ധിക്കരിച്ച് കൊണ്ട് ഒടുവിൽ വീടിന്റെ പടിയിറങ്ങിയപ്പോൾ മുത്തശ്ശി പോലും ശപിച്ചു .എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് അന്ന് സുജാതയേയും കൂട്ടി നാടും വീടും വിട്ടിറങ്ങി തിരിക്കുമ്പോൾ എന്നെങ്കിലും ഒരിക്കൽ വിജയശ്രീലാളിതനായി തിരിച്ചു വരണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു .

എനിക്കവളും അവൾക്കു ഞാനും മാത്രമായി ഒതുങ്ങി ഞങ്ങളുടെ ലോകം .ദിവസങ്ങൾ പറന്നു പൊയ്ക്കൊണ്ടിരുന്നു .ഞങ്ങൾ ഒരുമിച്ചിരുന്നു ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി .സ്വന്തമായി ഒരു കൊച്ചു കൂര . പുര നിറയെ ഓടിക്കളിക്കുവാൻ ഞങ്ങളുടെ കുട്ടികൾ . തുലാ വർഷം പലതവണ വന്നു പോയി .പക്ഷെ ഞങ്ങളുടെ മോഹങ്ങളൊന്നും പൂവണിഞ്ഞില്ല . ഒരിക്കൽ വേദനയോടെ ഞാൻ ആ സത്യം അറിഞ്ഞു .എന്റെ സുജാതയ്ക്കൊരിക്കലും ഒരമ്മയാകാൻ കഴിയില്ലെന്ന് ; ഒരുപക്ഷെ മുത്തശ്ശിയുടെ ശാപം അല്ലെങ്കിൽ അമ്മയുടെ ,അച്ഛന്റെ എന്തിനു ഏറെ അനുഗ്രഹിച്ച മനസ്സുകൾ കാണില്ലല്ലോ .യാഥാർഥ്യത്തോട് പൊരുത്തപ്പെടുവാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടേ ഇരുന്നു . പക്ഷെ പതിയെ ജീവിതം കൈവിട്ടു പോവുകയായിരുന്നു .മനസ്സിനേറ്റ ആഘാതം മൂലം സുജാതയുടെ പഴയ പ്രസാദവും ചൊടിയും ചുണയും എല്ലാം മങ്ങിക്കൊണ്ടിരുന്നു .

വടക്കു ഉത്സവത്തിന് പോയി വന്നവരാരോ പറഞ്ഞറിഞ്ഞു മുത്തശ്ശിയും മുത്തശ്ശിക്ക് പിന്നാലെ അച്ഛനും കടന്നു പോയെന്നു . മനസ്സ് നീറിപുകഞ്ഞു . അവസാനമായി ആ കാലിൽ വീണൊന്നു മാപ്പു ചോദിയ്ക്കുവാൻ പോലും കഴിഞ്ഞില്ല .

                   തുലാമഴ ഇടിവെട്ടി പെയ്യുന്ന ഒരു രാത്രിയിൽ തന്നെയും തന്റെ സ്വപ്നങ്ങളെയും തനിച്ചാക്കിയിട്ടു സുജാതയും പോയി എന്നെന്നേക്കുമായി .മരവിച്ച് പോയ മനസ്സിലെ തേങ്ങലുകൾ കേൾക്കുവാനോ ആശ്വസിപ്പിക്കുവാനോ ആരും ഉണ്ടായിരുന്നില്ല .ജീവിതത്തിൽ ഏകനായി തീർന്നു . ജീവിതം ആകുന്ന അങ്കത്തിൽ പടവെട്ടി തോറ്റുപോയ തേരാളി ,അതായി ഒടുവിൽ ശങ്കരൻ ഉണ്ണിത്താൻ ,അമ്പാടിയിലെ ശങ്കരൻ ഉണ്ണിത്താൻ .

                സ്വപ്നങ്ങളും മോഹങ്ങളും ഇല്ലാതെ മരവിച്ച് പോയ മനസ്സുമായി കഴിഞ്ഞ ഇരുപതു വർഷമായി കാത്തിരിക്കയാണ് .കൂട്ടിക്കൊണ്ടു പോകുവാനായി അവൾ വരുന്നതും കാത്ത് , എന്റെ സുജാത . വർഷങ്ങൾക്കു ശേഷം ഇന്ന് അപ്പുണ്ണി നായരെ കണ്ടപ്പോൾ ആണ് മനസ്സൊന്നുണർന്നതു .അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് ആനയെയും കൊണ്ട് വന്നതാണ് അപ്പുണ്ണി നായർ .ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു പഴയ കാര്യങ്ങൾ ഒക്കെ അയവിറക്കി .നഷ്ടപ്പെട്ട ബാല്യവും നശിപ്പിച്ച് കളഞ്ഞ കൗമാരവും യവ്വനവും എല്ലാം എല്ലാം .അപ്പുണ്ണി നായർ എത്താൻ വൈകും . അൽപ നേരം ഒന്ന് മയങ്ങാം .

                                      ഉത്സവം കഴിഞ്ഞു അപ്പുണ്ണി നായരും ആനയും എത്തി .

" ശങ്കരേട്ടാ ...ഇതാ നോക്കൂ എന്താണിതെന്നു . ശങ്കരേട്ടന്റെ സ്വപ്നമായ ആനവാൽ .ഇനി പരാതി പറയരുത് മേലിൽ ,അപ്പുണ്ണി നായരേ താൻ എന്റെ ആഗ്രഹം സാധിച്ചു തന്നില്ലല്ലോടോ എന്ന് . "

 

"ശങ്കരേട്ടാ... ശങ്കരേട്ടാ ."...ആനവാൽ കൊടുക്കാൻ എടുത്ത് പിടിച്ച കൈകൾ തണുത്ത് വിറങ്ങലിച്ചിരുന്നു . " ശങ്കരേട്ടാ ... ഇടനെഞ്ചിലെ ഗദ്ഗദം ഇടർച്ചയോടെ പുറത്ത് വന്നു പോയി .

പലവുരു വിളിച്ചിട്ടും ശങ്കരേട്ടൻ കണ്ണ് തുറന്നില്ല .വിളിച്ചാൽ കേൾക്കുന്ന ദൂരത്തിനപ്പുറത്തേക്കു ,തന്റെ സുജാതയുടെ അടുത്തേക്ക് അയാൾ പോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും .സ്വപ്നങ്ങളും മോഹങ്ങളും ബാക്കിയാക്കി .ജീവിതത്തിൽ ആദ്യമായി താൻ ജയിച്ചു എന്ന ഭാവം ആയിരുന്നു ആ മുഖത്ത് .

Friday, August 19, 2016



      
മറഞ്ഞു പോയീ ആ മന്ദഹാസം ... PART 2

എന്റെ ആദ്യ പോസ്റ്റ് ആയ മറഞ്ഞു പോയീ ആ മന്ദഹാസത്തിന്റെ തുടർച്ചയായി അല്പം കാര്യങ്ങൾ കൂടി പറഞ്ഞു കൊള്ളട്ടെ . അമ്മച്ചിയില്ലാത്ത ഞങ്ങളുടെ ആദ്യത്തെ വെക്കേഷനെ പറ്റി .
ഓരോന്നും നമ്മുടെ ജീവിതത്തിൽ എത്ര വലുതാണെന്നറിയണമെങ്കിൽ
നഷ്ടപ്പെടീലിന്റെ നൊമ്പരം അനുഭവിച്ചു തന്നെ അറിയണം .
മുൻപ് ഞാൻ പറഞ്ഞപോലെ തന്നെ ഇത്തവണ ഞങ്ങളുടെ വരവും കാത്തിരിക്കാൻ പൂമുഖത്തെ കസേരയിൽ അമ്മച്ചി ഇല്ലായിരുന്നു .അനാഥത്വം വഹിച്ചു നിൽക്കുന്ന വീട് .

'' എന്റെ മക്കൾ എന്തിയെ ? അമ്മച്ചി നോക്കട്ടെ വലുതായോ എന്ന് "

വിശക്കുന്നമ്മച്ചീ എന്ന് പറയുമ്പോൾ  " ഓരോരുത്തർക്കും ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട് .മിനിയെ ... കുഞ്ഞുങ്ങൾക്ക് ചായ കൊടുക്കടീ "  " അമ്മച്ചീ കൊച്ചുമക്കളെ മാത്രം കണ്ടാൽ മതിയോ ? അപ്പൊ എന്നെ കാണണ്ട അല്ലെ ? "

" അയ്യോ പിന്നെ വേണ്ടായോ നീ എന്റെ പുന്നാര മരുമകളല്ലേ ?"

എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു മാറോടു ചേർക്കാൻ .

" എന്റെ മോനെന്തിയെ ? ഞാനൊന്നു ശരിക്കു കണ്ടില്ലല്ലോ "

പതിവ് പോലുള്ള ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നു . അത് പറയാൻ  അമ്മച്ചി അവിടെ ഇല്ലായിരുന്നു . തീർത്തും ശാന്തമായ അന്തരീക്ഷം .വല്ലാതെ വീർപ്പുമുട്ടിക്കുന്ന ഏകാന്തത .
                                ഗൾഫുകാരെ                          ഗൾഫുകാരെ മറ്റൊരു കണ്ണ് കൊണ്ട്  കാണുന്ന സമൂഹം .തീർത്തും ഒറ്റപ്പെട്ടു പോകും പോലെ തോന്നി . പിരിവിനു വരുന്നവരുടെ എണ്ണത്തിന് മാത്രം യാതൊരു വ്യത്യാസവും ഇല്ല . ഓർക്കുമ്പോൾ അത്ഭുതം തോന്നുകയാണ് .മുറ്റത്തും പറമ്പിലും നിറയെ പുല്ലും പോച്ചയും വളർന്നു കാട് കയറുകയാണ് . ജോലി ചെയ്യാൻ ആളെ കിട്ടാനുള്ള പ്രയാസം വേറെ .കൂലി കേട്ടാലോ നമ്മളൊക്കെ വിഡ്ഢികളാണോ എന്ന് തോന്നി പോകുന്നു .പിരിവിനു വരുന്നവരിൽ മിക്കതിനും മേലനങ്ങിയാൽ വിയർപ്പിന്റെ അസുഖം . വെറുതെ കാശു കിട്ടിയാൽ വളരെ സന്തോഷം .ഒട്ടുമിക്ക എണ്ണവും കാശു കിട്ടിയാൽ ഉടൻ നേരെ കള്ളുഷാപ്പ് ലക്‌ഷ്യം ആക്കി വിടുന്നത് കാണാം .ഗൾഫിൽ ഈ പൊരിയുന്ന , കരിയുന്ന വെയിലത്തും കോച്ചുന്ന തണുപ്പത്തും ഒക്കെ പ്രവാസികൾ സുഖിക്കുകയാണെന്നും പണം ഇഷ്ടം പോലെ വെറുതെ കിട്ടുന്നുണ്ടെന്നും ധരിച്ച് വച്ചിരിക്കുന്ന പോലെ . ക്ഷമിക്കണം മനസിലെ രോഷം എവിടെയെങ്കിലും ഒന്ന് പറഞ്ഞു തീർക്കണ്ടേ ? നിസ്സഹായ അവസ്ഥ ഓർത്തു പറഞ്ഞു പോയതാ .തൽക്കാലം അതിലേക്കു ഞാൻ കടക്കുന്നില്ല .

August 7 /2016

തിരിച്ചു പോകാൻ ഒരു ദിവസം കൂടി മാത്രം . എല്ലാ പ്രാവശ്യവും വന്നു പോകും പോലെ പറ്റില്ലല്ലോ ഇപ്പ്രാവശ്യം .ഒരുപാട് ഉത്തര  വാദിത്ത്വങ്ങൾ ഉണ്ടായിരുന്നു . അതിന്റെ കൂടെ ലീവ് ഇല്ലാത്തതു കൊണ്ട് അദ്ദേഹം നേരത്തെ പോയിരുന്നു .ഞാനും പറക്കമുറ്റാത്ത എന്റെ മക്കളും മാത്രം . മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ . ആകുലതപ്പെടുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ . ഓരോ മുറിയിലും ഞാൻ കയറി ഇറങ്ങി . പൂമുഖത്തെ തൂണുകളുടെ അരികിൽ ചെന്ന് അതിനെ തഴുകി തലോടി . " ഞങ്ങളെ തനിച്ചാക്കി വീണ്ടും പോകുകയാണ് . അല്ലെ ? " ആ തൂണുകൾ എന്നോട് ചോദിയ്ക്കുന്ന പോലെ എനിക്ക് തോന്നി . ഇനിയും ഒരു വെക്കേഷന് വരണോ എന്ന് തോന്നുമാറ് മനസ്സ് നൊന്തു . ഈ ഒരു രാത്രി വിടവാങ്ങി അടുത്ത പകൽ അവസാനിക്കുമ്പോൾ വീണ്ടും ഇവയെല്ലാം അനാഥത്തിലേക്കു വിട്ടിട്ടു ഞങ്ങൾ യാത്ര പറയും ... വാക്കുകൾക്കതീതമായ വേദന ഇതാ ഇവിടെ . ഇത് മനസ് കാണിക്കാൻ മാത്രം ഉദ്ദേശിച്ചെടുത്തതാ . അൽപ സമയം ചിലവാക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറഞ്ഞതിലൊക്കെ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് . " കണ്ണുള്ളപ്പോൾ ആരും അതിന്റെ വില അറിയുന്നില്ല " എന്ന സത്യം അനുസ്മരിപ്പിച്ച് കൊണ്ട് നിർത്തുന്നു .അമ്മച്ചിയുടെ ഓർമയിൽ ഈ വീഡിയോ സമർപ്പിക്കുന്നു .

 

 

Saturday, August 13, 2016





വാടക വീടൊഴിഞ്ഞു ഞാൻ എന്റെ ...............

ലോകമാകുന്ന തറവാട്ടിലെ വാടകക്കാരായ നമ്മൾ എല്ലാവരും ഇന്നല്ലെങ്കിൽ

നാളെ ഈ വീടൊഴിഞ്ഞു കൊടുക്കേണ്ടി വരും .തുടക്കം ഞാൻ അങ്ങനെ എഴുതിയെങ്കിലും പറയാനുള്ളത് അതിനു വിപരീതമായ ചില കാര്യങ്ങൾ ആണ് . വായനക്കാർക്കു ചിലപ്പോൾ തോന്നാം എന്താപ്പോ ഇതിലിത്ര എന്ന് .ശരിയാ എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടാകുമോ ? ചിലപ്പോൾ ഉണ്ടാകാം ; ചിലപ്പോൾ ഇല്ലായിരിക്കാം .

എന്ത് തന്നെ ആയാലും ഇതെഴുതുമ്പോൾ എന്റെ ഹൃദയത്തിൽ ഒരായിരം കഠാര മുള്ളുകൾ കുത്തിയിറങ്ങുന്ന വേദനയുണ്ട് . എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാത്തതു കൊണ്ട് അല്പം പിറകിലേക്ക് പോകുകയാണ്

                                      രണ്ടാം ക്ലാസ്സിൽ പഠിക്കാനാണ് ഞാൻ ആ നാട്ടിലേക്കു ആദ്യമായി എത്തുന്നത് . സാധാരണയിലും സാധാരണക്കാരായ കുറെ പാവം മനുഷ്യർ ജീവിച്ചിരുന്ന ഒരു കൊച്ചു കുഗ്രാമം .എല്ലാം എനിയ്ക്കു കൗതുകങ്ങൾ ആയിരുന്നു . ഓരോന്നും കണ്ടും കേട്ടും ഞാൻ വളർന്നു . ഞാൻ ആ നാടിനെ സ്നേഹിച്ച പോലെ ആ നാടും നാട്ടുകാരും എന്നെ സ്നേഹിച്ചു . വളർന്നപ്പോൾ ആ നാട്ടിൽ തന്നെ ( അല്പം ദൂരമുണ്ട് ) എന്നെ വിവാഹം ചെയ്തു അയയ്ക്കുകയും ചെയ്തു .എനിക്ക് വലിയ സന്തോഷമായിരുന്നു കാരണം എനിയ്ക്കു എന്റെ നാടും നാട്ടുകാരും ഒന്നും നഷ്ടമാകില്ലല്ലോ എന്നോർത്തിട്ടു .വർഷങ്ങൾ കടന്നു പോയി . ഞാൻ ഉൾപ്പെടെ എല്ലാവരും വിദേശത്തായി .എങ്കിലും എപ്പോൾ നാട്ടിൽ വന്നാലും എല്ലാവരും ഉറങ്ങാൻ പോകുമ്പോൾ ഞാൻ വേഗം കുളിച്ച് റെഡി ആയി വീട്ടിലേക്കു പോകും . അവിടെ ചെന്ന് മമ്മി ഇട്ടു തരുന്ന ഒരു ചായയും എടുത്ത് അടുക്കളയിൽ ഇട്ടിരിക്കുന്ന അരിപ്പെട്ടിയുടെ മുകളിൽ കയറി ചാരി ഇരുന്നു അത് കുടിക്കുമ്പോൾ എത്ര ആശ്വാസമായിരുന്നെന്നോ . അവിടെ ആകെ ഓടി നടന്നു ഞാൻ എത്തി എന്ന് ഓരോ മൺതരികളോടും അറിയിക്കും . അവയുടെ ഒക്കെ സന്തോഷം എനിക്ക് കാണാമായിരുന്നു .

കാലം കടന്നു പോയപ്പോൾ എല്ലായിടവും പുതിയ സ്റ്റൈലിലുള്ള വീടുകളായി. ഞങ്ങളുടെ വീട്ടിൽ അത് നടപ്പാക്കണമെങ്കിൽ ഇപ്പൊ ഉള്ള വീട് ഇടിച്ച് കളയണം ആയിരുന്നു . അങ്ങനെ കുറെ ദൂരേക്ക് മാറി പുതിയ വീട് വെച്ച് താമസവും ആരംഭിച്ചു .അപ്പോഴാണ് ഒഴിഞ്ഞു കിടന്ന വീട് വാടകയ്ക്ക് ചോദിച്ചു ആളുകൾ എത്താൻ തുടങ്ങിയത് . അങ്ങനെ ഒടുവിൽ കൊള്ളാം എന്ന് തോന്നിയ ഒരു കൂട്ടർക്കു വീട് കൊടുക്കാൻ തീരുമാനമായി . അന്ന് പാലുകാച്ചൽ നടത്തി വീട് മാറിയ ദിവസം എന്റെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു .എന്തിനെന്നു ഞാൻ ഒരുപാട് ആലോചിച്ചപ്പോഴാ മനസ്സിലാകുന്നത് എന്റെ വീടിനെ ഞാൻ എത്രയധികം സ്നേഹിച്ചിരുന്നെന്നു ,എന്റെ മാതാപിതാക്കളെ ഞാൻ സ്നേഹിച്ച പോലെ തന്നെ ആ വീടും പരിസരവും എല്ലാം എല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു .ഞാൻ കളിച്ചു വളർന്ന വീട് , വീട്ടുമുറ്റം , പറമ്പ് അങ്ങനെ ഓരോ മണൽത്തരിക്കും

ഞാൻ സുപരിചിതയായിരുന്നു .എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേക്കുള്ള യാത്ര ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു . സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിൽ ബസ് സ്റ്റോപ്പിൽ നിന്നും കൂട്ടുകാരുമൊത്ത് കഥ പറഞ്ഞു നടന്നിരുന്ന പാതയോരങ്ങൾ , കൗമാര സ്വപ്നങ്ങൾക്ക് ചിറകു മുളച്ചതിനും സ്വപ്‌നങ്ങൾ വിവിധ വർണ്ണങ്ങളോടെ പീലി വിടർത്തിയാടിയതിനും എല്ലാം സാക്ഷ്യം വഹിച്ച വഴിയോരങ്ങൾ. ടെൻഷൻ ഇല്ലാതെ ഉല്ലസിച്ചു നടന്നിരുന്ന ആ കാലഘട്ടത്തിലെ മധുരസ്മരണകൾ ആകാം ഒരുപക്ഷെ വീണ്ടും അവിടെയെത്തുമ്പോൾ എനിക്ക് കൂടുതൽ ഊർജം നൽകിയിരുന്നത് . എനിക്കീ വഴികളെല്ലാം ഇനി നഷ്ടമാകുകയാണല്ലോ എന്ന ഓർമ്മ എന്നിൽ നീറി പുകഞ്ഞു കൊണ്ടേയിരുന്നു . അപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പും കടിച്ചു എന്ന് പറഞ്ഞപോലെ വാടകക്കാരുടെ രംഗപ്രവേശം .                                       വാടകക്കാർ വരുന്നതിന്റെ തൊട്ടു മുന്നത്തെ ദിവസം വീട്ടിൽ നിന്നും എന്തൊക്കെയോ കൂടി എടുക്കാനുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ അവിടെ പോയി . ഞാൻ വീട്ടിലേക്കു കടന്നില്ല .എന്റെ നെഞ്ചു പൊട്ടുകയായിരുന്നു .ഞാൻ ഓടി ടെറസ്സിലേക്കു പോയി . കുറെയേറെ വർഷങ്ങൾ പിറകിലേക്ക് മനസ്സ് പോയി . കണ്ണുനീർ മൂടിയ കണ്ണുകൾ കൊണ്ട് ഞാനാ കാഴ്ചകൾ ഒക്കെ കണ്ടു .ഞാനും എന്റെ അനിയനും സമപ്രായക്കാരായ എല്ലാവരും കൂടി കളിച്ചതും ചിരിച്ചതും തമാശകൾ  ഒപ്പിച്ചതും വഴക്കു കൂടിയതും വൈകുന്നേരങ്ങളിൽ ഇളം കാറ്റ് ഏറ്റു വെറുതെ  ഓരോന്ന് പറഞ്ഞു ഇരിക്കാറുള്ളതും എല്ലാം കുറച്ച് നേരം കൊണ്ട് ഒരു സിനിമയുടെ ഫ്‌ളാഷ് ബാക് പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി .

ആരും അടുത്തെങ്ങും ഇല്ലാതിരുന്നതിനാൽ ഞാൻ ഉറക്കെ കരഞ്ഞു .അമ്മെ എന്തിനാ 'അമ്മ കരയുന്നെ ?  എന്ന എന്റെ മോളുടെ ചോദ്യം കേട്ടപ്പോഴാ പരിസരബോധം ഉണ്ടായത് തന്നെ . വീടിനോടു വിട പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി . വീണ്ടും രണ്ടു ദിവസത്തിനു ശേഷം എനിക്കവിടെ പോകേണ്ടി വന്നു . കൂടെ എന്റെ സഹോദരനും ഉണ്ടായിരുന്നു. ഗേറ്റിന്റെ അവിടെ വച്ചെ കണ്ടു മുറ്റത്ത് മറ്റുള്ളവരുടെ കാറ് കിടക്കുന്നതു .മനസ്സൊട്ടും വഴങ്ങാഞ്ഞിട്ടും യാന്ത്രികമായി ഞാൻ നീങ്ങി . മുൻവശത്തെ വാതിലിൽ കൂടി അകത്തേക്ക് നോക്കിയ എന്റെ മനസ്സ് തകർന്നു .ഇന്നലെ വരെ എന്റെ വീടെന്നു പറയാമായിരുന്നിടത്ത് വീടിന്റെ ഉള്ളിൽ യാതൊരു പരിചയവും ഇല്ലാത്ത കുട്ടികളും മുതിർന്നവരും .മുറ്റത്തും പറമ്പിലും ഒക്കെ പരിചയമില്ലാത്ത മുഖങ്ങൾ . സഹോദരൻ അവർക്കു ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ ഒന്ന് ചിരിക്കാൻ കൂടി ആകാതെ നിറഞ്ഞു വരുന്ന കണ്ണുകൾ കവിഞ്ഞൊഴുകാതെ ഇരിക്കാൻ പാഴ്‌ശ്രമം നടത്തുക ആയിരുന്നു ഞാൻ . എന്റെ സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞു നിന്നിരുന്ന എന്റെ ബെഡ് റൂം എന്റെ നെടുവീർപ്പുകളും നിശ്വാസങ്ങളും തട്ടിയ ഭിത്തികൾ ഡൈനിങ് ടേബിളിൽ നിന്നും ചോറും എടുത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് കഴിക്കാനായി വന്നിരിക്കാറുള്ള പിന്നാമ്പുറം ( വർക്കേരിയ ) .മമ്മിയുടെ നാലുമണി സ്പെഷ്യലായ ഉഴുന്ന് വടയോ ഏത്തക്ക അപ്പമോ കഴിച്ച് കൊണ്ട് ചായയും കുടിച്ച്‌ തമാശകൾ പറഞ്ഞിരുന്നിരുന്ന പടികൾ എല്ലാം ഇനിയും എനിക്കന്യം .പെട്ടെന്ന് തന്നെ ഞാൻ അവിടെ ആരുമല്ലാതായി . നിറഞ്ഞ കണ്ണുകളോടെ വിങ്ങുന്ന ഹൃദയത്തോടെ പടിയിറങ്ങുമ്പോൾ മനസ്സും ശരീരവും മരവിച്ചപോലെ ആണ് തോന്നിയത്  . ജീവനുള്ള ഒരു ശവം പോലെ ഇരിക്കവേ ഞാൻ ഓർക്കുക ആയിരുന്നു.                                                         കടബാധ്യത മൂലം സ്വന്തം വീട് ജപ്തിചെയ്തു വഴിയിലേക്കിറങ്ങുന്നവർ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ ഉള്ളതെല്ലാം വിറ്റുപെറുക്കി തെരുവിലാക്കപ്പെടുന്നവർ എത്രയോ മടങ്ങു വലുതായിരിക്കും ഇവരുടെ ഒക്കെ അവസ്ഥ .ഞാൻ എന്റെ മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു ഇതൊക്കെയാണ് ജീവിതം .അതെ ഇതാണ് ജീവിതം . എല്ലാം നമ്മൾ വിചാരിക്കും പോലെ നടക്കാൻ ആയിരുന്നെങ്കിൽ ഇവിടെ ദൈവങ്ങൾ എന്തിനു ? പള്ളികളും അമ്പലങ്ങളും എന്തിനു ?

എങ്കിലും ഈ നീറ്റൽ മാറാൻ ഇനി എത്ര കാലം എടുക്കും .

( ഞാൻ പറഞ്ഞില്ലേ ഇതെന്റെ മാത്രം ഒരു സ്വകാര്യ ദുഃഖം ആണെന്ന് )

 

       

Sunday, June 26, 2016





 

`മാമ്പഴക്കാലം ....അന്നും ...ഇന്നും

കുറെ നാളുകളായി പ്രവാസികളായ ഞങ്ങളുടെ കുട്ടികളുടെ അവധിക്കാലം അഥവാ മാമ്പഴക്കാലം എന്റെ മനസിനെ ശല്ല്യം ചെയ്യാൻ തുടങ്ങിയിട്ട് . എന്റെ മക്കളുടെ തന്നെ ജീവിത ശൈലി കാണുമ്പോൾ എനിക്കവരോട് സഹതാപവും ഒപ്പം എന്റെ നിസ്സഹായതയിൽ ഖേദവും തോന്നാറുണ്ട് .കാരണം വേനലവധി എന്നു കേൾക്കുമ്പോൾ മനസ്സിലേക്കോടി എത്തുന്നത് ഞങ്ങളുടെ കുട്ടിക്കാലമാണ് .അപ്പോഴാണ് എന്റെ ചിന്തകളോട് സാമ്യം തോന്നിക്കുന്ന ഒരു പോസ്റ്റു വാട്സാപ്പിൽ കാണാനിടയായത് . പ്രവാസി കുട്ടികളുടെ പരിമിതമായ സൗകര്യങ്ങളിൽ ഉള്ള വളർച്ച ആയിരുന്നു അതിൽ ഞാൻ കണ്ടത് .

                          അതിന്റെ തുടർച്ച എന്നപോലെ ഞാനും എന്റെ ചില ചിന്തകൾ നിങ്ങളോടു പങ്കു വെയ്ക്കുകയാണ് .                 ഞങ്ങൾ പ്രവാസികളുടെ അവധിക്കാലം ആണ് ഇപ്പോൾ .

എല്ലാവരെയും പോലെ കുഞ്ഞുങ്ങളോടൊത്ത് അവധിക്കാലം ചിലവഴിക്കാൻ ഞങ്ങളും എത്തി .രണ്ടു രാജ്യങ്ങളും തമ്മിലുള്ള സമയ വ്യത്യാസം കാരണം കുട്ടികൾ രാവിലെ ഉറക്കം ഉണർന്നു വരുമ്പോൾ തന്നെ താമസിക്കും . പ്രഭാത ഭക്ഷണം കഴിഞ്ഞാൽ നേരെ ടി വി യുടെ മുന്നിലേക്ക്‌ .അതു മടുക്കുമ്പോൾ ഐ പാഡ് , ടാബ് , മൊബൈൽ ഇതിലേതിലെങ്കിലും ഉള്ള ഗെയിംസ് പിന്നെ ഉച്ച ഊണ് , അതു കഴിഞ്ഞാൽ ഉറക്കം .ഉച്ച മയക്കം കഴിഞ്ഞാൽ കുറച്ച് നേരത്തേക്ക്  സൈക്കിൾ സവാരി .അല്പനേരം ആകുമ്പോഴേക്കും അതും മടുക്കും . ഇതിനിടയിൽ വീട്ടിൽ ആരെങ്കിലും ഒക്കെ വരികയും പോകുകയും ഒക്കെ ചെയ്യുന്നുണ്ടാവും .പക്ഷെ അതൊന്നും കുട്ടികൾക്കൊരു വിഷയമേയല്ല .സന്ധ്യാസമയം വീണ്ടും ടി വി യ്ക്കു മുന്നിൽ .അത്താഴത്തിനുള്ള നേരം ആകുമ്പോഴേക്കും ഒരു ജോലി ചെയ്തു തീർക്കുന്ന പോലെ ആ കർമ്മവും നിർവഹിച്ചു വീണ്ടും ബെഡ് റൂമിലേക്ക്‌ . ഇതു ഒരു സാധാരണ ദിവസത്തിന്റെ ടൈംടേബിൾ. എന്നുവച്ച് എല്ലാ ദിവസവും ഇതേപോലെ അല്ല കേട്ടോ ! ബന്ധുക്കളുടെ സന്ദർശനവും ബന്ധു വീട് സന്ദർശനവും അവിടെയുള്ള സമപ്രായക്കാരായ കുട്ടികളോടൊത്തുള്ള കളികളും ഒക്കെയായി അവരുടെ രീതിയിൽ അവർ അതു ആസ്വദിക്കുന്നുണ്ടു . എല്ലാവരുടെയും കാര്യം എനിക്കറിയില്ല എങ്കിലും ഇപ്പോഴത്തെ കുട്ടികളുടെ കളികൾ എന്തെന്ന് അറിയാൻ എനിക്കും ഒരു കൗതുകം തോന്നി . പ്രധാനമായി അവര് കളിക്കുന്നത് ടി വി യിലെ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളാണ് . പിന്നെയുള്ള ഒരു കളിയാണ് ഏതെങ്കിലും  ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള സ്കിറ്റ്  .ഇതൊക്കെ കണ്ടിട്ടു  ശുഷ്ക്കമായ ബാല്യകാലം എന്നു വിശേഷിപ്പിക്കാനാണ് തോന്നിയത് ..

                                                                   കാരണം മറ്റൊന്നുമല്ല .എത്രയോ വർഷങ്ങൾക്കു മുൻപ്

ദിവസങ്ങൾക്കു 24 മണിക്കൂർ പോരാ എന്നു ചിന്തിച്ചിരുന്ന എന്റെ അവധിക്കാലം ആണ് ഓർമ്മയിൽ തെളിഞ്ഞു വരുന്നത് . വർണ്ണനാതീതമായ

ആ കാലഘട്ടം എന്നാലാവും വിധം ചുരുക്കി പറയാം .

വേനലവധിയ്ക്കായി സ്‌കൂൾ അടയ്ക്കാൻ പോകുന്ന സമയം; അവസാന ദിവസത്തെ പരീക്ഷ എഴുതുമ്പോൾ മനസ്സിലാകെ ഒരു ഉത്സവ പ്രതീതി ആയിരുന്നു .അടുത്ത രണ്ടു മാസത്തേക്കുള്ള പദ്ധതികളും പ്രതീക്ഷകളും

ആയിരിക്കും മനസ്സു നിറയെ . വീടുകൾക്കും മനുഷ്യമനസ്സുകൾക്കും വേലിക്കെട്ടുകൾ  ഇല്ലാതിരുന്ന കാലമായിരുന്നതിനാൽ കൂടെ കളിയ്ക്കാൻ കൂട്ടുകാർക്കു യാതൊരു ക്ഷാമവും ഇല്ലായിരുന്നു .നേരം പുലരാനായുള്ള കാത്തിരുപ്പായിരുന്നു അന്നൊക്കെ: ഏതെങ്കിലും ഒരു സ്ഥലത്ത് എല്ലാവർക്കും കൂടി ഒന്നു ഒത്തു കൂടാൻ . എന്തൊക്കെ തരത്തിലുള്ള കളികളായിരുന്നു ! ഓല വച്ച് ഓലപന്തുണ്ടാക്കി തലപ്പന്തും കുഴിപ്പന്തും കളിച്ചു . കുട്ടിയും കോലും , പോലീസും കള്ളനും , സാറ്റ് , തൊട്ടാതൊടീൽ , അക്ക് , ചെക്ക് , ഞൊണ്ടി തൊടീലു , പൊട്ടിപ്പോയ വളപ്പൊട്ടുകൾ കൂട്ടി വെച്ച് സെറ്റുകളി , എല്ലാ പെൺകുട്ടികളുടെയും കയ്യിലുള്ള വളകളെല്ലാം ഊരിയെടുത്തു വളകളി ,  ആൺപെൺ ഭേദമന്യേ ക്രിക്കറ്റ് കളി , മടലുകൾ വെട്ടി ക്രിക്കറ്റ് ബാറ്റുകൾ ആക്കി ഓല പന്തിനുള്ളിൽ ഭാരം കൂടാൻ വേണ്ടി കല്ലുകളും കൂടി കുത്തി തിരുകി ക്രിക്കറ്റ് ബോളുകൾ ആക്കി . മഞ്ഞും മഴയും വെയിലും ഒന്നും ആർക്കും ഒരു പ്രശ്നമായിരുന്നില്ല , ഒന്നും വകവെക്കാതെ കഞ്ഞിയും കറിയും വെച്ചു , ഇലകളും മണ്ണും സാധന സാമഗ്രികളാക്കി കടലാസു കഷണങ്ങൾ നോട്ടുകളാക്കി പലചരക്കു കടകൾ നടത്തി . മണ്ണ് കുഴച്ച് വിവിധ പലഹാരങ്ങൾ ഉണ്ടാക്കി ബേക്കറി നടത്തി ,  മരച്ചീനി കമ്പുകളും ഓലയും വച്ച് വീടുകൾ ഉണ്ടാക്കി , ഓരോരുത്തരും മറ്റുള്ളവരുടെ വീട്ടിൽ വിരുന്നിനു പോയി , ഡോക്ടറും രോഗിയും കളിച്ചു ,ഹോ ! പറഞ്ഞാലും പറഞ്ഞാലും തീരാത്ത കളികൾ . പത്ത് മാസം സ്‌കൂളിൽ പോയി കഷ്ടപ്പെട്ടു പഠിച്ചു നേടിയ അറിവുകളെക്കാൾ എത്രയോ അധികം ഈ രണ്ടു മാസങ്ങൾ കൊണ്ടു സ്വായത്തമാക്കി . നിസ്സാരമായ ഓരോ കളികളിലൂടെയും നമ്മളിൽ ഒളിഞ്ഞു കിടന്നിരുന്ന ഓരോ കഴിവുകളും വികസിച്ച് വന്നു നമ്മൾ പോലും അറിയാതെ .കളികൾക്കിടയിലെ വഴക്കും വാക്കുതർക്കങ്ങളും ഗുസ്‌തികളും പരിഹരിക്കാൻ  കോടതിയും ജഡ്ജിയും വക്കീലും ഒക്കെ സ്വന്തമായി സൃഷ്ടിച്ചെടുത്തു . കഞ്ഞിയും കറിയും വച്ച് കളിച്ചു പാചകത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു .പലചരക്കു കടകൾ നടത്തി കണക്കുകൾ കൂട്ടാനും കുറയ്ക്കാനും സ്വയം പഠിച്ചു കൊണ്ടു ബിസിനസ്സിന്റെ ബാലപാഠങ്ങൾക്കു ഹരിശ്രീ കുറിച്ചു.മണ്ണുകുഴച്ച് പലഹാരങ്ങൾ ഉണ്ടാക്കി കുറഞ്ഞത് ഓരോ പലഹാരത്തിന്റെയും പേരുകളും അതിന്റെ രൂപങ്ങളും പഠിച്ചു . കമ്പുകളും ഓലയും എടുത്ത് കൊച്ചു കൊച്ചു വീടുകൾ ഉണ്ടാക്കിയപ്പോൾ സിവിൽ എഞ്ചിനീറിംഗിന്റെ ബാലപാഠവുമായി .വിരുന്നിനു പോയി അതിഥി സൽക്കാരവും പഠിച്ചു .ഡോക്ടറും രോഗിയും കളിച്ചു സ്വയം ഡോക്ടറും നഴ്‌സുമായി .ഇതിനിടയിൽ വളരെ സുപ്രധാനമായ ഒരു കാര്യം പറയാൻ മറന്നു ; ഏറ്റവും ഇഷ്ടമുള്ള ബന്ധുക്കളുടെ വീടുകളിൽ പോയി പത്ത് ദിവസം അവിടെ താമസിച്ചു അവിടെയുള്ള ഗാംഗിനോടൊപ്പവും കൂടും . അങ്ങനെ പുതിയ പുതിയ സംസ്കാരങ്ങളും ശീലങ്ങളും പഠിച്ചു .മാവിൽ നിൽക്കുന്ന മാമ്പഴങ്ങൾ കൂട്ടത്തിൽ ഉന്നം കൂടുതൽ ഉള്ളവർ എറിഞ്ഞിട്ടു എല്ലാവർക്കും പങ്കു വച്ചു കൊടുത്തു കഴിച്ചു . മാമ്പഴങ്ങളുടെയും പറങ്കി മാമ്പഴങ്ങളുടെയും കശുവണ്ടിയുടെയും കാലമായിരുന്നു അതു .

                        ആദ്യം തന്നെ ഞാൻ പറഞ്ഞപോലെ പറയാൻ ഒരുപാടുണ്ട് പക്ഷെ ഞാൻ നീട്ടി ബോറടിപ്പിക്കുന്നില്ല .

                                  ഇനി നിങ്ങൾ തന്നെ പറയു ഇന്നത്തെ കുട്ടികൾക്ക് ( നാട്ടിലായാലും പുറത്തായാലും ) ഇതിൽ എന്തൊക്കെ അനുഭവിക്കാൻ ഭാഗ്യം കിട്ടുന്നുണ്ട് ? നമ്മൾ ഇന്ന് അവരെ എങ്ങനെയാണ് വളർത്തി കൊണ്ടിരിക്കുന്നത് ? ആരോട് ചോദിച്ചാലും വളരെ അഭിമാനത്തോടെ പറയും എന്റെ മക്കളെ ഞാൻ ഏറ്റവും നല്ല സ്‌കൂളിൽ അയച്ചു നല്ല വിദ്യാഭ്യാസം കൊടുക്കുന്നുണ്ട് നല്ല മുന്തിയ റസ്റോറന്റുകളിൽ നിന്നും അവർക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങി കൊടുക്കുന്നുണ്ട് നല്ല സ്റ്റൈലൻ വേഷവിധാനങ്ങൾ വാങ്ങി കൊടുക്കുന്നുണ്ട് ഇതിൽ കൂടുതൽ ഒക്കെ എന്തു വേണം ? . ഇന്നത്തെ കുട്ടികൾ ജനിക്കുമ്പോൾ തൊട്ടേ അവരെ ഏതു പ്രൊഫെഷനിൽ എത്തിക്കണം എന്ന ആശയകുഴപ്പത്തിലാണ് രക്ഷിതാക്കൾ .അതനുസരിച്ചു ഇരുമ്പ് പഴുപ്പിച്ചു തല്ലി പതം വരുത്തി ആയുധങ്ങൾ ഉണ്ടാക്കുന്ന പോലെ തല്ലി പഴുപ്പിച്ചു ഓരോ പ്രൊഫഷൻ അവരിൽ അടിച്ചേൽപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ . മാനത്തെ അമ്പിളി അമ്മാവനെ വേണം എന്നു പറഞ്ഞാലും അതു നേടാനുള്ള ബുദ്ധിമുട്ടു അവരെ അറിയിക്കാതെ കഷ്ടപ്പാടിന്റെയും പണത്തിന്റെയും മൂല്യം അവരെ അറിയിക്കാതെ അതു സാധിച്ചു കൊടുക്കുന്നു .  പ്രവാസികളായ കുട്ടികൾക്ക് നാട്ടിലേക്കു വരാൻ തന്നെ പേടിയാണ് . അവരുടെ വീക്ഷണത്തിൽ നാടെന്നു പറഞ്ഞാൽ കൊതുകു, പാറ്റ , ചിലന്തി ,പല്ലി മുതലായ " ഇൻസെക്ടസ് " ഉള്ള വൃത്തികെട്ട സ്ഥലമാണ് . പ്രകൃതിയുമായി ഒരു ബന്ധവും ഇല്ലാതെ മണ്ണിന്റെ മണം അറിയിക്കാതെ , പുല്ലും പൂവും സ്പർശിക്കാതെ  പുസ്തക താളുകളിലും ടി വി യിലും കംപ്യൂട്ടറിലും നോക്കി കണ്ടു പഠിച്ച് , ഓടി വീണു മുട്ടു പൊട്ടാതെ , ചൊറിയും  ചിരങ്ങും വരാതെ , കണ്ണിലെ കൃഷ്ണമണി പോലെ അവരെ വളർത്തി , ഒന്നു മഴ നനഞ്ഞാൽ പനി പിടിക്കുന്ന പ്രതിരോധ ശേഷിയില്ലാത്ത ശബ്ദം ഉയർത്തി ഒന്നു പ്രതിരോധിക്കാൻ ശേഷിയില്ലാത്ത പ്രതികരണ ശേഷിയില്ലാത്ത ഒരു( ന്യു ജനറേഷൻ  ) തലമുറയെ നമ്മൾ വാർത്തെടുക്കുകയാണ് .ബന്ധങ്ങളുടെ വിലയറിയാത്ത ബന്ധങ്ങൾക്ക്‌ വില കൽപ്പിക്കാത്ത ഒരു പുതിയ തലമുറ .
          നാട്ടിലെ അവസ്ഥയും ഒട്ടും മോശമല്ല ജീവിത സാഹചര്യങ്ങൾ ആകെ മാറിയിരിക്കുന്നു .തൊട്ടപ്പുറത്ത് താമസിക്കുന്നത് ആരെന്നറിയാതെ , പണ്ടുകാലങ്ങളിലുണ്ടായിരുന്ന സ്നേഹവും സഹകരണവും ഒക്കെ എങ്ങോ കൈമോശം വന്നു പോയിരിക്കുന്നു .എല്ലാവരും അവരവരുടെ കൊച്ചു കുടുംബങ്ങളിലേക്ക് ഒതുങ്ങി കൂടി സ്വന്തം കാര്യം സിന്ദാബാദ് ! എന്ന മുദ്രാ  വാക്യം സ്വയം പറഞ്ഞു ജീവിക്കുന്നു . പഴയ സംസ്കാരത്തിൽ  സ്നേഹം പങ്കു വച്ച് ജീവിച്ചപ്പോൾ പുതിയ സംസ്കാരത്തിൽ സോഷ്യൽ മീഡിയകളിലൂടെ കിട്ടുന്ന പോസ്റ്റുകൾ പങ്കുവച്ച് ജീവിയ്ക്കുന്നു എല്ലാവരും .    

                                       പ്രവാസികളായ കുട്ടികളുടെ നഷ്ടബാല്യത്തിന്റെ കണക്കുകൾ ഇവിടെ ഒരു പോസ്റ്റിൽ ഒതുക്കി നിർത്താൻ ആവുകയില്ല . നിസ്സാര കാര്യങ്ങൾ പോലും ക്ലാസ്സ് റൂമിൽ ബോർഡിൽ പടം വരച്ചു പറഞ്ഞു കൊടുത്താൽ പോലും മനസ്സിൽ ആക്കാൻ കഴിയാത്ത എത്ര കുട്ടികളുണ്ടെന്നോ ! പേരന്റ് ടീച്ചർ  മീറ്റിംഗുകൾക്കു വരുമ്പോൾ കുട്ടിക്ക് മാർക്ക് കുറയുന്നതിന് അദ്ധ്യാപകരുടെ മേൽ പഴിചാരി എവിടെയാണ് തെറ്റി പോയതെന്ന് മനസ്സിലാക്കാതെ രക്ഷപെടാൻ ശ്രമിക്കുന്ന പ്രിയപ്പെട്ട രക്ഷിതാക്കളോട് വളരെ സ്നേഹത്തോടെ ഒരു കാര്യം ഓർമ്മിപ്പിച്ചു കൊള്ളട്ടെ . കുട്ടികളൊത്തു നാട്ടിൽ വരുമ്പോഴെങ്കിലും മണ്ണും മരങ്ങളും ചെടികളും വീടുകളും പുഴകളും തോടുകളും വിവിധ തരം പക്ഷി മൃഗാദികളും അവയുടെ ഒക്കെ ജീവിത ശൈലികളും എന്നു വേണ്ട നിങ്ങളുടെ കണ്മുന്നിൽ കാണുന്ന എല്ലാകാര്യങ്ങളും അവർക്കു വിശദമാക്കി കൊടുക്കാൻ ശ്രമിക്കുക .ക്ലാസ്സ് റൂമിനുള്ളിൽ അദ്ധ്യാപകർ സൃഷ്ടിക്കുന്ന സാങ്കൽപ്പിക ലോകത്തിനു ഒരു പരിധിയുണ്ട് .പച്ചയായ ജീവിത യാഥാർഥ്യങ്ങൾ കാട്ടി കൊടുത്തു ജീവിതം പട്ടുമെത്തയുടെ പറുദീസ മാത്രം അല്ലെന്നു അവരെ പഠിപ്പിക്കണം .കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ കുട്ടികൾ കണ്ടും കേട്ടും പഠിച്ച് വളരട്ടെ . പൊണ്ണത്തടിയും പവർ കണ്ണടയും നിസ്സഹായത നിറഞ്ഞ മുഖവുമായി ഇഗ്ളീഷ് മാത്രം സംസാരിക്കാൻ അറിയുന്ന സ്വന്തം പ്രൊഫഷനിൽ മാത്രം ശോഭിക്കാൻ കഴിവുള്ള ഒരു തലമുറയെ അല്ല നമുക്ക് വേണ്ടത് . സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള ഏതു സാഹചര്യങ്ങളെയും ധീരതയോടെ  അഭിമുഖീകരിക്കാൻ കഴിവുള്ള ചുണക്കുട്ടികളായി വളർന്നു വരട്ടെ നമ്മുടെ മക്കൾ .

       

 

 

Sunday, May 15, 2016


നൊമ്പരക്കിളിയുടെ മൌനം   - അവസാന ഭാഗം 


കഥ ഇതുവരെ ...

വിദേശത്ത്  സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്ന   ഉണ്ണിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു  ദുരന്തം അയാളുടെ ഓർമ്മയിലൂടെ. ....

            സ്ത്രീ വിദ്വേഷിയായ ഉണ്ണിയുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി വീണ എന്ന പെൺകുട്ടി കടന്നുവരുന്നു. അവൾ അറിയാതെ ഒരിഷ്ടം അവളോട്‌ ഉണ്ണിയുടെ ഹൃദയത്തിൽ വേരൂന്നി. വളരെ അഭിമാനിയായ ഉണ്ണി അത് അവളെ അറിയിക്കാൻ നടത്തുന്ന ശ്രമങ്ങളൊക്കെ പാളിപ്പോകുന്നു. ഏക മകനായ ഉണ്ണിക്ക്‌ ഒരു കുടുംബ ജീവിതം ഉണ്ടായിക്കാണാനായി  നേർച്ചകാഴ്ചകൾ  നടത്തിക്കൊണ്ടിരുന്ന അമ്മയോട് ഒരു സുഹൃത്ത്‌ മുഖേന ഈ വിവരം അറിയിക്കുന്നു. തുടർന്ന് വീണയുടെ നടുക്കം ഉളവാക്കുന്ന ഭൂതകാലം ഉണ്ണി അറിയുന്നു. അവൾ വിവാഹിതയും സംസാരശേഷി ഇല്ലാത്തതുമായ ഒരു കുട്ടിയുടെ മാതാവും ആണെന്ന അറിവ് ആദ്യം ഉണ്ണിയെ തളർത്തി എങ്കിലും അവളെ കൈവിടാൻ ഉണ്ണിയുടെ മനസ്സ് അനുവദിക്കുന്നില്ല. വിധിയുടെ വിളയാട്ടത്തിനു  ഇരയായി ഒരു തെറ്റും ചെയ്യാത്ത അവളെ സ്വീകരിക്കാൻ ഉണ്ണി തീരുമാനം എടുക്കുന്നു. ഒടുവിൽ അവളോട്‌ എല്ലാം തുറന്നു സംസാരിക്കാൻ ഉണ്ണി തീരുമാനിച്ചു. വീണയ്ക്ക്‌ അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നതിനാൽ ഉണ്ണിക്ക്‌ അപ്പോഴും അതിനു സാധിക്കുന്നില്ല .....
                                                                                                                              ( തുടർന്ന് വായിക്കുക)     

വീണ ഇല്ലാത്ത ദിവസങ്ങൾക്കു ദൈർഘ്യം ഒരുപാടുള്ളത് പോലെ അനുഭവപ്പെട്ടു . എന്നും ഒന്നും കാണാറില്ലായിരുന്നെങ്കിലും  എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്നൊരു വിശ്വാസം ആയിരുന്നു ഇവിടെ ഉള്ളപ്പോൾ . ദിവസങ്ങൾ എണ്ണിഎണ്ണി തീർത്തു . ഒടുവിൽ അവൾ തിരിച്ചു സുഖമായി എത്തി ചേർന്നു എന്നറിഞ്ഞപ്പോൾ ആണ് മനസ്സിനൊരു സമാധാനം കിട്ടിയതു .

ഇടയ്ക്കൊക്കെ വിളിച്ചും കണ്ടും ഒക്കെ ഞങ്ങൾ പതിയെ നല്ല സുഹൃത്തുക്കൾ ആയി . സുഖവും ദുഖവും സന്തോഷവും സന്താപവും എല്ലാം പരസ്പരം പങ്കു വച്ചു. എന്റെ വാക്കുകൾ പലപ്പോഴും അവൾക്കു ആശ്വാസം ആയി . അതുകൊണ്ട് തന്നെ അവൾ എല്ലാം തുറന്നു സംസാരിക്കുമായിരുന്നു . ദിവസങ്ങൾ കടന്നു പോയതറിഞ്ഞതെയില്ല .

ഇത്രയും അടുത്തിട്ടും മനസ്സിൽ ഉള്ളതൊന്നും അവളോടൊന്ന് തുറന്നു പറയാൻ ഉള്ള ധൈര്യം ഉണ്ടായില്ല . പല പ്രാവശ്യം പറയാം എന്നുറപ്പിച്ചു .പക്ഷെ അവൾ പിണങ്ങി പോകുകയോ പിന്നെ ഒരിക്കലും മിണ്ടുകയോ ചെയ്തില്ലെങ്കിലോ എന്ന പേടി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു . കാരണം മറ്റൊന്നും അല്ല ; അവളുടെ സാന്നിധ്യം ഇല്ലതാകുന്നതിനെ കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെട്ടില്ല . പരിചയം വളർന്നപ്പോൾ സ്വാതന്ത്ര്യവും കൂടി . സത്യങ്ങൾ ഒക്കെ അറിയാമായിരുന്നിട്ടും എന്നെങ്കിലും അവൾ എന്റെതാകുമെന്നു പ്രതീക്ഷിച്ചു . അവളെ മറ്റൊരാളു

നോക്കുന്നത് പോലും എന്നിൽ അസ്വസ്ഥത ഉളവാക്കി . ഒരു ദിവസം വെറുതെ നടക്കാൻ ഇറങ്ങിയപ്പോൾ വീണ മറ്റൊരു ചെറുപ്പക്കാരനോട് സംസാരിച്ചു നിൽക്കുന്നതു കണ്ടു .എന്നിലെ സ്വാർത്ഥൻ ഉണർന്നു . വല്ലാതെ ദേഷ്യം തോന്നി . വീണ എന്നെ കണ്ടു .അവൾക്കു പ്രത്യേകിച്ചൊരു ഭവമാറ്റവും ഇല്ലായിരുന്നു .എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൾ സംസാരം തുടർന്നു . എനിക്ക് ചിരിക്കാനായില്ല പകരം കൂർത്ത ഒരു നോട്ടം തിരികെ നല്കി .   

കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന്  ഉണ്ണീ ....................എന്നുള്ള വിളി കേട്ടു .

വീണയാനെന്നു മനസ്സിലായി ; തിരിഞ്ഞു നോക്കിയില്ല പകരം നടപ്പിന്റെ

വേഗത കൂട്ടി .മനസ്സിനു നല്ല ഭാരം തോന്നി . രണ്ടു ദിവസം അവളുടെ കോളുകളും അറ്റൻഡ് ചെയ്തില്ല . അടുത്ത ദിവസം വൈകുന്നേരം ആയപ്പോൾ മനസ്സിനു ഒരു ശാന്തത കിട്ടാൻ വെറുതെ പോയി പാർക്കിലിരുന്നു .പിറകിൽ നിന്ന് ഉണ്ണീ എന്ന വിളി കേട്ടു . വീണയുടെ  ശബ്ദം ഞാൻ തിരിച്ചറിഞ്ഞു .പക്ഷെ തിരിഞ്ഞു നോക്കിയില്ല .

" ഉണ്ണീ .................................. എന്താ തനിയ്ക്ക് പറ്റിയതു ? എന്തിനാ ; ഇങ്ങനെ

ഒഴിഞ്ഞു മാറി മൂടിക്കെട്ടി നടക്കുന്നത് ? എന്തിനാ എന്നെ ഇങ്ങനെ അവോയിഡ്  ചെയ്യുന്നത് ? 

വേദനിപ്പിക്കാൻ ആരും ഒട്ടും  പിന്നിലല്ല അല്ലെ ?  "

 

അവളുടെ കണ്ണുകൾ  ഈറനണിയുന്നതു  പോലെ തോന്നി .പാടില്ലാ !!!

ഞാൻ ആയിട്ട് അവളെ കരയിക്കരുത് . ഞാൻ ഒന്ന് മുരടനക്കി .

" അത് പിന്നെ ! നിന്നെ മറ്റൊരാൾ നോക്കുന്നത് പോലും എനിക്കിഷ്ടമല്ല .

പിന്നെയല്ലേ സംസാരിക്കുന്നത് , എനിക്കിഷ്ടായീല "

 

എന്ത് !!!!!!???? വീണ ഒരു ഞെട്ടലോടെ എന്നെ നോക്കി

വേണ്ടിയിരുന്നില്ല ; അബദ്ധം ആയി പോയോ എന്ന് ഓർത്തു .

 

" ഉണ്ണി എന്താണിങ്ങനെ ഒക്കെ സംസാരിക്കുന്നത്  ? " അവളുടെ മുഖഭാവം മാറി .

" ഉണ്ണി എന്റെ സുഹൃത്തായതു കൊണ്ട് എനിക്കെന്റെ സഹപ്രവർത്തകരോടൊന്നും സംസാരിക്കണ്ടേ ? ഉണ്ണിയിൽ നിന്നും ഞാൻ ഇങ്ങനെയൊന്നും അല്ല പ്രതീക്ഷിച്ചതു ."

വീണ വളരെ ഗൌരവത്തിൽ ആയിരുന്നു പറഞ്ഞത് . പറഞ്ഞ ശേഷം അവൾ

തിരിഞ്ഞു നടന്നു . ഞാൻ വല്ലാതെ ആയി ; ശ്ശെ!!! എന്ത് വിഡ്ഢിത്തം ആണ് കാട്ടിയത് . അവൾക്കു അവളുടേതായ സ്വാതന്ത്ര്യം ഇല്ലേ ? അത്രയ്ക്കും ചോദ്യം ചെയ്യാൻ മാത്രം ഞങ്ങൾക്കിടയിൽ എന്തെങ്കിലും ഉണ്ടോ ? ഇനിയിപ്പോ  എന്താ ചെയ്യുക . ഒന്നുകിൽ വിളിച്ചു ക്ഷമ ചോദിയ്ക്കാം . അല്ലെങ്കിൽ മനസ്സിൽ ഉള്ളത് ഒക്കെ തുറന്നു പറയാം . ഒന്ന് കാണണം എന്നൊരു മെസ്സേജ് അയച്ചു .ക്ഷമ ചോദിയ്ക്കാം എന്ന് തന്നെ കരുതി .

                                                                                    പിറ്റെ ദിവസം വൈകിട്ട് വരാൻ ആണ് പറഞ്ഞത് .വരുമെന്ന് പ്രതീക്ഷയില്ലായിരുന്നു . പക്ഷെ അവൾ വന്നു .മുഖത്തേക്ക് നോക്കാൻ ധൈര്യം വന്നില്ല . വീണ വല്ലാത്ത ദേഷ്യത്തിൽ ആകും എന്ന് കരുതി . എന്നെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു ഐസ് ക്രീം കൊണ്ട് വന്നു എനിക്കെതിരെയുള്ള കസേരയിൽ ഇരുന്നു അവൾ .

" ദാ..................വാങ്ങൂ ..." അവൾ അത് എനിക്ക് നേരെ നീട്ടി . ഞാൻ അത് യാന്ത്രികമായി വാങ്ങി . വീണ വളരെ കൂൾ ആയി പറഞ്ഞു ,

" ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ ? മുഖത്തൊട്ടും തെളിച്ചമില്ലാതെ !!!!!!!!!

!!! ഒന്ന് ചിരിക്കെടോ !!!!!!............................ ഞാൻ അതൊക്കെ മറന്നു .

നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം . അതിരിക്കട്ടെ ! ഇന്നെന്തിനാ

വരാൻ പറഞ്ഞത് ? "

 

ഞാൻ അവളെ ഒന്ന് നോക്കി .എന്ത് പറയണം . ക്ഷമ പറയണോ ??????

വേണ്ട ; എല്ലാം തുറന്നു പറയാം ; വരുന്നിടത്ത് വച്ച് കാണാം . ആദ്യം അവളെ കണ്ടത് മുതലുള്ള കഥകൾ ഞാൻ പറഞ്ഞു തുടങ്ങി .

 " വല്ലാതെ നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയി . കഴിഞ്ഞ ജന്മങ്ങളിൽ എപ്പോഴോ

എന്റെ ഒപ്പം ഉണ്ടായിരുന്നത് പോലെ ......................അങ്ങനെ ഞാൻ വിശ്വസിക്കുന്നു .അല്ലെങ്കിൽ പിന്നെ വിവാഹമേ വേണ്ടെന്നു വച്ച് ജീവിച്ചിരുന്ന ഞാൻ എങ്ങനെ ഇങ്ങനെയൊക്കെ മാറി . എനിക്ക് തന്നെ അതിശയം ആണ് . "

അവളുടെ മുഖത്ത് അമ്പരപ്പായിരുന്നോ അതോ ദേഷ്യമായിരുന്നോ . എന്തായിരുന്നാലും സാരമില്ല എല്ലാം അവൾ അറിയട്ടെ . എനിക്ക് വയ്യ ! ഇങ്ങനെ മനസ്സിൽ ഭാരവും പേറി ജീവിയ്ക്കാൻ . പ്രതികരണം എന്ത് തന്നെ

ആയാലും ഉൾക്കൊള്ളണം എന്ന് മനസ്സിനെ പഠിപ്പിച്ചു .

വീണ ഒരക്ഷരം പറഞ്ഞില്ല .അവളുടെ മുഖം മ്ലാനമായിരുന്നു . മുഖത്ത് നിന്നും മനസ്സിൽ എന്തെന്ന് അറിയാൻ കഴിയുമായിരുന്നില്ല .ഒടുവിൽ ഞാൻ തന്നെ നിശബ്ദ്ധത  ഭംജിച്ചു .

 " അല്ലാ !!!!!!!! വീണയൊന്നും  പറഞ്ഞില്ല ........................"

 അവൾ മെല്ലെ എഴുന്നെറ്റു . എന്റെ മുഖത്തേയ്ക്കു നോക്കി .

 " സോറി ഉണ്ണീ ...................................   ഞാൻ എന്നെ കുറിച്ച് എല്ലാം പറഞ്ഞതല്ലേ . ഉണ്ണീ യോടടുത്തപ്പോൾ നല്ല ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷം ആയിരുന്നു .............................അതിൽ കൂടുതൽ ഒന്നും വേണ്ട ഉണ്ണീ ......................"..അവൾ എന്റെ മുഖത്തേക്ക് നോക്കി .     

" ഇല്ല എനിക്ക് പറ്റില്ല !!!!!! ജന്മത്തിൽ ഉണ്ണിക്കൊരു ജീവിതം ഉണ്ടെങ്കിൽ

അത് വീണയോട് ഒത്തു മാത്രം ആയിരിക്കും . ഒന്നും മറക്കാൻ എനിക്കാവില്ല .............................എന്നെ കൊണ്ട് പറ്റില്ല ," ഉണ്ണി വല്ലാതെ വികാരധീനൻ ആയി . അതുവരെ അടക്കി വച്ചിരുന്നതെല്ലാം കൂടി ഉണ്ണിയെ
അന്ധനാക്കി . വല്ലാത്ത ആവേശത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു .

" എപ്പോഴും ഓർക്കാൻ ഒരു പക്ഷെ നമുക്കിടയിൽ ഒന്നുമില്ലായിരിക്കാം .പക്ഷെ ....................എന്തോ ഒന്ന് ,ഏതോ ഒരു ശക്തി ......നമുക്കിടയിൽ ഉള്ളത് പോലെ . അതെന്നെ നിന്നിലേക്ക്വലിച്ചടുപ്പിക്കുന്നു ."
" ഉണ്ണീ .........................................മതി ഉണ്ണീ ............നിർത്ത്!!!!!!. ചെറിയ കാലയളവിനുള്ളിൽ ഞാൻ ഒരുപാടു അനുഭവിച്ചു .ഞാൻ തളർന്നു.......

.................................................ഇനിയൊന്നും താങ്ങാനുള്ള ശേഷി ഇല്ല എനിക്ക് .
ഉണ്ണിയുടെ നിലപാട് ഇത് തന്നെ ആണെങ്കിൽ നമുക്കീ  കൂട്ടുകെട്ട് ഇവിടെ

വച്ച് അവസാനിപ്പിക്കാം  ." അവൾ മെല്ലെ നടന്നു നീങ്ങി .
ഒന്നനങ്ങാൻ പോലും കഴിയാതെ ഞാൻ അവിടെ തന്നെ നിന്ന് പോയി .

ഒരുപാട് ആഴത്തിൽ ചിന്തിച്ചു നോക്കിയാൽ നമ്മൾ തമ്മിൽ ബന്ധങ്ങൾ ഒന്നും ഇല്ലായിരിക്കാം . ഞാൻ നിനക്ക് ആരും അല്ലായിരിക്കാം .പക്ഷെ കുട്ടീ ഞാൻ നിന്നെ എന്റെ ആത്മാവിൽ വിളക്കി  ചേർത്തു പോയി .നിന്നെ മറക്കാനോ ? ഇനി നിന്നെ മറക്കുകയെന്നാൽ അത് ഉണ്ണിയുടെ മൃതി ആണ് .    
നേരം ഒരുപാടു ഇരുട്ടുവോളം അവിടെ തന്നെ ഇരുന്നു . ആരൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു .അതൊന്നും ശ്രദ്ധിച്ചില്ല . മനസ് എവിടെയൊക്കെയോ അലയുക ആയിരുന്നു .

                                                  ദിവസങ്ങൾ കടന്നു പോയ്കൊണ്ടേ ഇരുന്നു . രണ്ടു
മൂന്നു പ്രാവശ്യം വഴിയിൽ വച്ച് അവളെ കണ്ടു . രണ്ടു പേരും മിണ്ടിയും ഇല്ല ചിരിക്കുക പോലും ചെയ്തില്ല . വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു മനസ്സ് .

                                                  ഇന്ന് ഒരാഴ്ച ആകുന്നു വീണയോട് മിണ്ടാതെ ആയിട്ട് .വല്ലാത്ത അസ്വസ്ഥത തോന്നി .ഓഫീസിൽ ഇരിക്കുമ്പോൾ തൊമ്മിയുടെ ഒരു കോൾ ഉണ്ടായിരുന്നു .പോകും വഴി അവിടെ കൂടെ കയറണം എന്ന് . എന്താ പ്രത്യേകിച്ചു എന്ന് ചോദിച്ചിട്ട് വന്നിട്ട് പറയാം ,തിരക്കിലാ എന്ന് പറഞ്ഞു ഫോൺ കട്ടാക്കി . ഹാഫ് ഡേ ആയിരുന്നത് കൊണ്ട് റോഡിൽ നല്ല ബ്ലോക്ക് ഉണ്ടായിരുന്നു . മൂന്നു മണി ആയി തൊമ്മിയുടെ വീട്ടിൽ എത്തിയപ്പോൾ     .
"" എന്താടാ നിന്റെ പിറന്നാളാണോ ?? "

" അതിനി അടുത്ത വർഷമേ ഉള്ളു പേടിയ്കണ്ടാ  " തൊമ്മി ചിരിച്ചു കൊണ്ട് ഇരിക്കാൻ പറഞ്ഞു . കുറച്ചു കുശലാന്വേഷണങ്ങൾ നടത്തിയപ്പോഴേക്കും
സീന എല്ലാവർക്കും ചായയും സീനയുടെ പാചക പരീക്ഷണങ്ങൾ നടത്താനുള്ള എന്തോ സാധനങ്ങളും ഒക്കെയായി എത്തി .

" കഴിക്ക്" .........................സീന ചിരിച്ചു കൊണ്ട് കപ്പെടുത്ത്കൈയ്യിൽ തന്നു .
ചായ കൈയ്യിൽ വാങ്ങി അല്പം കുടിച്ചു കൊണ്ട് രണ്ടു പേരെയും ഒന്ന് നോക്കി . രണ്ടു പേരും കണ്ണിൽ കണ്ണിൽ നോക്കി പുഞ്ചിരിയ്ക്കുന്നു .

ഒരു ചമ്മലോടെ ഞാൻ ചോദിച്ചു .
" എന്തെയ് !!!!!! രണ്ടു പേരും ഇങ്ങനെ നോക്കി ഇരിക്കുന്നെ ? "

" ഉണ്ണീ  .............. നീ ഇപ്പോൾ വീണയോട് മിണ്ടാറില്ലേ  ??"

ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നത് കൊണ്ട് ഞാൻ ഒന്ന് ചമ്മി .
" ഉവ്വ് ! വല്ലപ്പോഴും ഒക്കെ എന്താ ? "
" പക്ഷെ നീ അവളിൽ നിന്നും മുഖം തിരിച്ചു നടക്കുവാ ഇപ്പോൾ എന്നാണല്ലോ അവള് പറഞ്ഞത്  . എന്ത് പറ്റീ ?  അവളോട്ചോദിച്ചിട്ട് കൂടുതൽ ഒന്നും പറഞ്ഞില്ല . അവളുടെ പ്രകൃതം അങ്ങനെ ആണ് ."

എന്റെ ഇരിപ്പ് കണ്ടിട്ടാവും രംഗം ഒന്ന് തണുപ്പിക്കാനായി സീന ഇടയ്ക്ക് കയറി .
" എന്താ !!!!!!!!!! തൊമ്മിച്ചോ ............................എന്തോ ഒരു ചുറ്റിക്കളി ഇതിന്റെ ഇടയിൽ മണക്കുന്നില്ലേ ???????? സത്യം പറഞ്ഞോ ഞങ്ങൾ അറിയാത്ത എന്ത് നാടകം ആണ്  ! "" അയ്യോ !!!! അങ്ങനെ ഒന്നും ഇല്ല "

" ഉണ്ണീ നിന്നെ ഞങ്ങൾ ഇന്നും ഇന്നലെയും ഒന്നും കാണാൻ തുടങ്ങിയതല്ല കേട്ടോ . തുറന്നു പറയെടാ ".
 എനിക്കവരോടെല്ലാം തുറന്നു പറയേണ്ടി വന്നു . തൊമ്മി വഴക്ക് പറയുമോ

എന്നൊരു പേടിയുണ്ടായിരുന്നു .അവൻ അടുത്ത് വന്നു കുനിഞ്ഞിരുന്ന എന്റെ തോളിൽ തട്ടി . ഉള്ളിലെ ഭയം പുറമേ കാട്ടാതെ ഞാൻ അവനെ നോക്കി . അവന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു .
" നന്നായി ഉണ്ണീ ...........................ഒരു പാവം പെണ്ണാ അവൾ .നിന്റെ വലിയ മനസ്സിന് ഈശ്വരൻ നിന്നെ അനുഗ്രഹിക്കും ."

സീനയും അതിനെ സപ്പോർട്ട് ചെയ്തു . " ശരിയാ .......... ഉണ്ണീ .........ഒരുപാട്
അനുഭവിച്ചു പാവം .പഠിക്കുന്ന കാലത്ത് അവളെന്റെ എറ്റവും അടുത്ത

കൂട്ടുകാരി  ആയിരുന്നു . മിടുക്കി ആയിരുന്നു . ഒന്നിനും മാറ്റി നിർത്താൻ
ആവില്ലായിരുന്നു .കോളേജിലെ എറ്റവും സുന്ദരിയായ പെൺകുട്ടി ആയിരുന്നു അവൾ . ..................."  
" പക്ഷെ സീന നിങ്ങൾ വിചാരിക്കും പോലെ ഒന്നും അല്ല ഇത് . ഞാൻ ........

ഞാൻ മാത്രം സമ്മതിച്ചത് കൊണ്ട് ആയില്ലല്ലോ .അവൾ അമ്പിനും വില്ലിനും
അടുക്കുന്നില്ല . അതുകൊണ്ടാ ഞാൻ മിണ്ടാതെ നടന്നത് . മനപൂർവ്വം തന്നെ ."

 " ഓഹോ !  അങ്ങനെയാണോ ? നീ വിഷമിക്കാതെ നമുക്ക് സംസാരിച്ചു നോക്കാം ............ശരിയാക്കാമെന്നെ .................പിന്നെ .......അവളൊരു കത്ത് തന്നിരുന്നു രാവിലെ , നിന്നെ ഏൽപ്പിക്കണം എന്ന് പറഞ്ഞു . അത് തരാനാ നിന്നോട് വഴി വരാൻ പറഞ്ഞത് .ഇതെന്താ !!!!!! കത്തൊക്കെ ; ഫോണില്ലേ കൈയ്യിൽ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്  അവൾക്കു എഴുതാൻ ആണ് ഇഷ്ടം എന്നാണു . ഞാനും സീനയും അപ്പോഴേ പറഞ്ഞു . എന്തോ  സ്പെല്ലിങ്ങ് മിസ്ടയിക്ക് ഉണ്ടല്ലോ എന്ന് ."  
ഞാൻ കത്തും വാങ്ങി യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി . കത്തിൽ എന്തായിരിക്കും എന്നോർത്ത്  വല്ലാത്ത ടെൻഷൻ ആയി .വീട്ടിൽ

ചെന്ന് അത് ടേബിളിന്റെ പുറത്ത് വച്ചു . ഒന്ന് ഫ്രഷ്ആയി വന്നു വായിക്കാം എന്ന് കരുതി . കത്ത് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുവോ ? ക്ഷമ നശിച്ചു ; ഒടുവിൽ വിറകൈകളോടെ കത്തെടുത്ത് ശ്രദ്ധാപൂർവ്വം കവർ പൊട്ടിച്ചു . ഹൃദയമിടിപ്പിന്റെ വേഗത കൂടി . പേപ്പർ നിവർത്തിയപ്പോൾ വീണയുടെ മുഖം അതിൽ തെളിഞ്ഞു വന്നു . തുടിയ്ക്കുന്ന ഹൃദയത്തോടെ
ഞാൻ വരികളിലൂടെ കണ്ണോടിയ്ക്കാൻ തുടങ്ങി .

  പ്രിയപ്പെട്ട ഉണ്ണിയ്ക്ക് ,
  നമ്മൾ ഒന്ന് മിണ്ടിയിട്ടു ഒരാഴ്ച്ച ആകുന്നു: അല്ലെ ?   
സമയങ്ങൾ അത്രയും ഞാൻ അസ്വസ്ഥ ആയിരുന്നു . അതിന്റെ ഉറവിടം എന്തെന്ന് ഞാൻ ചിക്കി ചികഞ്ഞു നോക്കി . തിരിച്ചറിവാണ് എന്നെക്കൊണ്ട് കത്തെഴുതിപ്പിച്ചതു .ഉണ്ണിയുടെ അസാന്നിധ്യം ആണ് എന്റെ അസ്വസ്ഥതയ്ക്ക് പിന്നിൽ എന്ന് ഞാൻ തിരിച്ചറിഞ്ഞു . ഒരാളുടെ അഭാവത്തിലാണ് അവരുടെ സാമീപ്യം നമുക്കെത്ര വിലപ്പെട്ടതായിരുന്നു എന്ന് നാം മനസ്സിലാക്കുന്നത് : അല്ലെ ? ഉണ്ണി നല്ലവനാണ് , ഒരു വലിയ മനസ്സിന്റെ ഉടമയാണ് . മറിച്ചായിരുന്നെങ്കിൽ എന്റെ ഭൂതകാലം എല്ലാം അറിഞ്ഞപ്പോൾ ഇഷ്ടം വലിച്ചു കീറി കാറ്റിൽ പറത്തിയേനെമായിരുന്നു .

ഉണ്ണിയുടെ വലിയ മനസ്സ് ഞാൻ കണ്ടില്ലെന്നു നടിച്ചാൽ ഒരു പക്ഷെ അതെന്റെ അഹങ്കാരമാകും ; ഈശ്വരന്മാര് പോലും പൊറുക്കില്ല എന്നോട് . ദിവസങ്ങളിൽ അത്രയും ഞാൻ ചിന്തിക്കുക ആയിരുന്നു ; ഉണ്ണീ
ഞാൻ ...................എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ ? ഇനിയും സമയം ഉണ്ട് . നല്ല പോലെ ചിന്തിക്കുക . ഒടുവിൽ എല്ലാം കഴിഞ്ഞിട്ട് പശ്ച്ചാത്തപിക്കാൻ ഇടവരരുത് . ഉണ്ണിയുടെ തീരുമാനം എന്ത് തന്നെയായാലും ഞാൻ അതുമായി പൊരുത്തപ്പെട്ടു കൊള്ളാം . ഉണ്ണിയുടെ തീരുമാനം മറിച്ചാണെങ്കിലും ഒന്നേ ഉള്ളു എനിക്ക് പറയാൻ . കവിയുടെ വരികൾ പോലെ   
               "  നിനക്കായ്  ദേവാ ............................പുനർജനിക്കാം...........................
           ജന്മങ്ങൾ ഇനിയും ............................ഒന്ന് ചേരാം .................................
           അന്നെന്റെ ബാല്യവും ........................കൌമാരവും ............................

           നിനക്കായ് ..........................മാത്രം ...........പങ്കുവയ്ക്കാം ...................... "

 ഒറ്റ ശ്വാസത്തിൽ ആണ് കത്ത് വായിച്ചു തീർത്തത്.. അപ്പോൾ തന്നെ അവളെ ഒന്ന് കാണണം എന്ന് തോന്നി . തൊമ്മിയെ വിളിച്ചു കത്തിന്റെ ചുരുക്കം പറഞ്ഞു .അവനും സന്തോഷമായി .
മനസ്സിൽ സന്തോഷം തിരതല്ലുവാരുന്നു . ഒത്തിരി നാളത്തെ കാത്തിരിപ്പിന്റെ റിസൾട്ട്കിട്ടിയതിന്റെ  സന്തോഷം .സുഹൃത്തുക്കളോടൊപ്പം ഒന്ന് കൂടിയിട്ടു കുറെ നാളായി .അല്പം അകലെയുള്ള ഒരുത്തന്റെ വീട്ടിൽ കൂടാൻ തീരുമാനിച്ചു .

എല്ലാവരോടും അങ്ങോട്ട്പോയികൊള്ളാൻ പറഞ്ഞു ,തൊമ്മിയും ഞാനും കൂടി അങ്ങെത്തികൊള്ളാം എന്നും അറിയിച്ചു .
വ്യാഴാഴ്ച്ച വൈകുന്നേരം ആയതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു .

ഓരോന്ന് സംസാരിച്ചു മുന്നോട്ടു പോയികൊണ്ടിരിക്കവേ ശ്രദ്ധിച്ചപ്പോൾ
ഒരു വാഹനങ്ങളും മുന്നോട്ടു നീങ്ങുന്നില്ല .

" നശിച്ച ഒരു ബ്ലോക്ക് "  ഗ്ലാസ്താഴ്ത്തി പുറത്തേക്ക് നോക്കി ," എന്തോ         ആക്സിഡന്റ് ആണെന്ന് തോന്നുന്നു . " ആളുകളുടെ സംസാരശകലങ്ങൾ
കേട്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി .

" ബ്ലോക്ക് ഉടനെ മാറും എന്ന് തോന്നുന്നില്ല ".പോലീസും ആംബുലൻസും
ഒക്കെ എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ . പതിയെ മുന്നോട്ടു നടന്നു

സ്പോട്ടിൽ എത്തി . ഒന്നേ നോക്കിയുള്ളൂ നടുങ്ങിപ്പോയി . രക്തത്തിൽ കുളിച്ചു കിടക്കുന്ന വീണ . ഓടിച്ചെന്നു അവളുടെ തലയെടുത്ത് മടിയിൽ
വച്ചു . നെഞ്ചു പൊട്ടുന്ന വേദനയോടെ ഉറക്കെ വിളിച്ചു .

" വീണേ ...........................ചോരയിൽ കുളിച്ച അവളുടെ മുഖം തനിക്കു നേരെ പിടിച്ചു തിരിച്ചു . ദയനീയതയോടെ അവളുടെ കണ്ണുകൾ എന്നെ നോക്കി എന്തോ പറയാൻ വെമ്പൽ കൊള്ളുന്നപോലെ.     ബദ്ധപ്പെട്ടു അവൾ എന്തോ പറയുന്നുണ്ടായിരുന്നു .
" ഉണ്ണീ ..........................................ഉണ്ണിയെ .....................എനിക്ക് ...............

ഒരുപാട് ..................ഇഷ്ടം ........ആയി .....രുന്നു ........ഇനി ..........ഒരു .........ജന്മം ......
.........................................ഉണ്ടെങ്കിൽ ........................................"

വാചകം പൂരിപ്പിക്കാൻ ആകാതെ   ശബ്ദം  ..........നിലച്ചു .
" വീണേ ..............................."... മുഖം സ്വന്തം മുഖത്തോടു ചേർത്ത് പിടിച്ചു ഉറക്കെ ഉറക്കെ വിളിച്ചു ഹൃദയം പൊട്ടുന്ന വേദനയോടെ .......

പിന്നാലെ വന്ന തൊമ്മിയും സ്തബ്ധനായി ഒരു നിമിഷത്തേക്ക് പക്ഷെ പെട്ടെന്ന് തന്നെ അപകടം മനസിലാക്കി ; ഉണ്ണിയെ പിടിച്ചു വലിച്ചു
" ഉണ്ണീ ...............വാ ... ഉണ്ണീ ..വാ ....വേഗം ...ഉണ്ണീ ഭ്രാന്ത് കാണിയ്ക്കാതെ......"

 " തൊമ്മി ........എന്റെ  വീണ ........"
"ഉണ്ണീ ...........എല്ലാം അറിയാം ...നമ്മൾ നിസ്സഹായരാണ് ....ഇവിടുത്തെ നിയമങ്ങൾ "

തൊമ്മി ഉണ്ണിയെ ബലം പ്രയോഗിച്ചു തന്നെ വലിച്ചു കാറിനുള്ളിലെക്കിട്ടു .
വേഗം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു .പോലീസിന്റെയും ആംബുലൻസിന്റെയും ഹോൺ കേട്ട് തുടങ്ങിയിരുന്നു .  

   ............................................................................................................................................

                                         ഫോണിന്റെ സൌണ്ട് കേട്ടപ്പോളാണ് സ്ഥലകാല ബോധം ഉണ്ടായത് .
" ഹലോ !!!!!!"        " ....... തൊമ്മിയാണ്. "
 " പറഞ്ഞോളൂ "......തളർന്ന  ശബ്ദത്ത്തിൽ .. പറഞ്ഞു

" ഉണ്ണീ .................ഇന്നാണ് വീണയുടെ ബോഡി നാട്ടിലേക്ക് കൊണ്ട് പോകുന്നത് .പ്രോസീജിയെഴ്സ്  ഒക്കെ കഴിഞ്ഞു . ഉണ്ണീ ...........നിനക്ക് ...
കാണണ്ടേ ? "
ഉം ...........

 "എങ്കിൽ  റഡി  ആകു . ഞാൻ അതുവഴി വരാം ."
 പിടിച്ചു നിൽക്കാൻ ശക്തി  തരണേ എന്ന് എല്ലാ ഈശ്വരൻമാരോടും

പ്രാർഥിച്ചു. അവസാനം വരെ പിടിച്ചു നിന്നു. തന്റെ പ്രിയപ്പെട്ടവളുടെ
ബോഡിയും വഹിച്ചുള്ള ഫ്ലൈറ്റ് പറന്നു പറന്നു ഉയർന്ന് അകലുന്നത്

പ്രാണൻ പോകുന്ന വേദനയോടെ കണ്ടു നിന്നു .
തന്നോട് തന്നെ മന്ത്രിച്ചു ." കാലം നിന്റെ ഓർമ്മകൾ മായിച്ചാലും എന്റെ

ഉള്ളിലെ നീ ഇല്ലാതെ ആകണമെങ്കിൽ ഉണ്ണിയും ഇല്ലാതെയാകണം .    


 

എവിടെ നിന്നോ ഒരു പ്രാവ് പറന്നു അരികിലായി ഇരുന്നു .ഒരു നിമിഷം ഒന്ന്
 ശങ്കിച്ചു. . ആത്മാവ് എന്നൊന്നുണ്ടോ ? ഉണ്ടെങ്കിൽ ......എങ്കിൽ ...ഇതവളായിരിക്കില്ലേ ?
അതിനെ തന്നെ നോക്കി നിൽക്കവേ .......................കാതുകളിലേക്ക് 
വരികൾ അലയടിച്ചു .........

    " നിനക്കായ് ദേവാ ............പുനർജനിക്കാം
      ജന്മങ്ങൾ .......ഇനിയും .......ഒന്നുചേരാം " 

നോക്കി നിൽക്കെ വെള്ളരിപ്രാവ്ദൂരേക്ക്ദൂരേക്ക്പറന്നകന്നു
 


                                         
                                               
 

                                                 ******************************