Thursday, March 31, 2016


മറഞ്ഞു പോയീ ........   മന്ദഹാസം ഓർമ്മകൾ മാത്രം ........ഓർമ്മകൾ മാത്രം

(അടുത്തയിടെ എനിക്കുണ്ടായ ഒരു അനുഭവ കുറിപ്പ് പോസ്റ്റ്ചെയ്തു കൊണ്ട് തുടങ്ങിക്കൊള്ളട്ടെ. ഞാനൊരു എഴുത്തുകാരിയോ സാഹിത്യകാരിയോ ഒന്നും അല്ല . നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും സഹകരണങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു )

കഴിഞ്ഞ മാസം വളരെ അത്യാവശ്യമായി എനിക്ക് നാട്ടിൽ  പോകേണ്ടി വന്നു . പോകുന്ന ദിവസം അടുക്കും തോറും  മനസാകെ  അസ്വസ്ഥം ആയിരുന്നു .അങ്ങനെ ദിവസം വന്നെത്തി . ഞാൻ എന്റെ വീടിന്റെ  പടിവാതിലിൽ എത്തി .ബാഗും മറ്റു സാധനങ്ങളും എടുത്തു നിർവികാരതയോടെ ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക്  കയറി . നിശബ്ദത തളം കെട്ടി നിൽക്കുന്ന  അന്തരീക്ഷം .ഒച്ചയനക്കങ്ങളില്ലാതെ ഉറങ്ങി കിടക്കുന്ന വീട് .എങ്ങും മൂകത മാത്രം .മുറ്റത്തും പറമ്പിലും നിറയെ ഉണങ്ങിയ ഇലകൾ പരവതാനി വിരിച്ചപോലെ .ഒന്നനങ്ങാൻ പോലും കൂട്ടാക്കാതെ നിർവികാരതയോടെ നിൽക്കുന്ന  ചെടികളും മരങ്ങളും . പതിയെ  കരിയിലകൾക്ക് മുകളിലൂടെ യാന്ത്രികമായി നടന്നു മുന്നോട്ടു നീങ്ങിയത് ഞാൻ അറിഞ്ഞില്ല. കാഴ്ചകൾ മങ്ങുന്ന പോലെ തോന്നിയപ്പോഴാണ് കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞത് .എന്നെ തഴുകി ഒരിളം കാറ്റു  കടന്നു പോയി , ഒരു സ്വാന്തനം പോലെ .പെട്ടെന്ന് ഞാൻ ചുറ്റും നോക്കി .ആരോ എന്നോട് എന്തോ ചോദിച്ചുവോ  , എന്റെ കുഞ്ഞുങ്ങൾ എവിടെ ? എനിയ്ക്കെന്റെ  കുഞ്ഞുങ്ങളെ കാണണ്ടേ ? സ്വരംവർഷങ്ങളായി  ഞാൻ കേൾക്കാറുള്ള ചോദ്യം . എന്റെ കണ്ണുകൾ ശബ്ദത്തിന്റെ  ഉടമയെ  അവിടെയെല്ലാം തിരഞ്ഞു .പക്ഷെ പതിവു പോലെ പൂമുഖത്തെ  ചാരുകസേരയിൽ  ഞങ്ങളുടെ വരവും കാത്തു അക്ഷമയോടെ ഇരിക്കുന്ന അമ്മച്ചിയെ കണ്ടില്ല .വാതിൽ തുറന്നു ഞാൻ പതിയെ അകത്തേക്ക് കയറി . അമ്മച്ചിയുടെ പൊന്നുമക്കൾ വന്നോ എന്ന ചോദ്യവും ആയി എവിടെ നിന്നെങ്കിലും അമ്മച്ചി വരുമെന്ന് വെറുതെ ഞാൻ ആഗ്രഹിച്ചു . മുറിയിലേക്ക് കയറിയപ്പോൾ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു . ശൂന്യമായി ഒഴിഞ്ഞു കിടക്കുന്ന കട്ടിലിലേക്ക് സാവധാനം ഞാൻ ഇരുന്നു . അമ്മച്ചിക്ക് പകരമായി കട്ടിലിൽ വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കിയിരുന്നപ്പോൾ ഓർമ്മകൾ ആറു  മാസങ്ങൾക്കു  പിറകിലേക്ക് പോയി .

ആറു  മാസങ്ങൾക്കു  മുൻപ് എല്ലാ വർഷത്തെയും പോലെ ഞങ്ങൾ സ്കൂൾ അവധിക്കു നാട്ടിൽ എത്തി . കുട്ടികളെത്തിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒരു ഉത്സവ പ്രതീതി ആയിരിക്കും .ഒറ്റയ്ക്കു താമസിക്കുന്ന അമ്മച്ചിയുടെ ഒരു വർഷത്തെ കാത്തിരുപ്പ് മുഴുവൻ നിമിഷങ്ങൾക്കായിട്ടായിരുന്നു . അടച്ചു പൂട്ടിയ ഫ്ലാറ്റുകളിൽ താമസിക്കുന്ന കുട്ടികൾക്കും ദിവസങ്ങൾ ആനന്ദം നിറഞ്ഞതായിരുന്നു . പ്രായമായ അമ്മച്ചിയോടൊപ്പം കളിക്കുന്നത് എന്റെ കുസൃതികുട്ടികൾക്കു വലിയ ഇഷ്ട്ടം ആയിരുന്നു .ഇത്തവണ അമ്മച്ചി വളരെ കൊച്ചു കുട്ടികളെ പോലെ ആയിരുന്നു .ആഹാരം കഴിക്കാൻ വളരെ മടിയായിരുന്നു .മിക്ക ദിവസങ്ങളിലും ഞങ്ങൾ എല്ലാവരും കൊച്ചു കുട്ടികൾക്കെന്നപോലെ വാരിക്കൊടുത്തു നിർബന്ധിച്ചു കഴിപ്പിക്കുമായിരുന്നു . ചില സമയങ്ങളിൽ പാട്ട് പാടി കൊടുത്താലേ ചോറ് ഉണ്ണൂ  എന്ന് വാശി പിടിക്കുമാരുന്നു . അമ്മച്ചി ഒരു അദ്ധ്യാപിക ആയിരുന്നു .പണ്ട് പഠിപ്പിച്ച പാഠങ്ങളിലെ പദ്യങ്ങൾ ഒക്കെ തനിയെ ഇരുന്നു ചൊല്ലുമായിരുന്നു .ഇടയ്ക്ക് മറന്നു പോകും .പിന്നെയും ശ്രമം തുടരും അമ്മച്ചിയുടെ മുഖം എപ്പോഴും പ്രസന്നം ആയിരുന്നു .പ്രായം ഏറും തോറും ദേഷ്യവും മുൻ കോപവും ഒക്കെ ഒട്ടു മിക്കവരിലും അധികരിക്കുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് എന്നാൽ അമ്മച്ചി നേരെ മറിച്ചായിരുന്നു .തമാശകൾ പറയുകയും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമാരുന്നു . കുട്ടികളുടെ ഡാൻസും പാട്ടും കളികളും ആസ്വദിക്കുകയും അവരോടൊപ്പം കളിക്കുകയും ഒക്കെ ചെയ്തു വളരെ രസകരമായി ദിവസങ്ങൾ അതിവേഗത്തിൽ കഴിഞ്ഞു പോയി .ഞങ്ങൾ തിരികെ പോരുന്ന കാര്യം പറയുമ്പോഴേ എനിക്ക് അത് ഓർക്കാനേ വയ്യേ എന്ന് ഉറക്കെ പറയുമാരുന്നു. അമ്മച്ചിയെ ആശ്വസിപ്പിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല. കുഞ്ഞുങ്ങളെ വളർത്തണം അവരെ പഠിപ്പിക്കണം  അങ്ങനെ പോകുന്നു ആവശ്യങ്ങളുടെ പട്ടിക. തിരികെ വരാതെ ഇരിക്കാൻ പറ്റില്ലല്ലൊ .അമ്മച്ചിയെ നോക്കാനായി ഒരു ചേച്ചി ഉണ്ടായിരുന്നു . മനസോടെ അല്ലെങ്കിലും അമ്മച്ചിയെ അവരെ ഏല്പ്പിച്ചു തിരികെ പോരുക അല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ മാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു . ഞങ്ങൾക്ക് തിരികെ വരേണ്ട ദിവസം ആയി . സമയത്തു തന്നെ എയർപോർട്ടിൽ എത്തണം എങ്കിൽ രാത്രി പന്ത്രണ്ടു മണിക്ക് വീട്ടിൽ നിന്നിറങ്ങണം. എല്ലാവരും ഒരുങ്ങി യാത്ര ചോദിക്കുവാൻ അമ്മച്ചിയുടെ അടുത്തെത്തി എല്ലാത്തവണയും വിതുമ്പുന്ന ഹൃദയത്തോടെ ഞങ്ങളെ പ്രാർഥിച്ചു അയയ്ക്കുമായിരുന്ന അമ്മച്ചി ഇത്തവണ വേറൊരു രീതിയിൽ ആണ് പ്രതികരിച്ചതു. അമ്മച്ചീ എന്ന് വിളിച്ചു കൊണ്ട് ചെന്ന എന്റെ ഭർത്താവിനെ നോക്കി അയ്യോ എന്ന് നിലവിളിച്ചു .പിന്നാലെ അമ്മച്ചീ എന്ന് വിളിച്ച എന്നെ നോക്കി അയ്യോ നീയും എന്നെ ഇട്ടേച്ചു പോകുവാണോ ,എന്നെ ഇട്ടിട്ടു പോകല്ലേ എന്നെ കൂടി കൊണ്ട് പോകു എന്ന് പറഞ്ഞു കൊച്ചുകുട്ടികളെ പോലെ ഉറക്കെ കരഞ്ഞു .അത്രയും നിയന്ത്രണം വിട്ടു അമ്മച്ചി ഒരിക്കലും ഞങ്ങളെ യാത്ര ആക്കിയിട്ടില്ല .കൊച്ചു കുട്ടികളെ ആശ്വസിപ്പിക്കും പോലെ അടുത്ത മാസം വരാം അമ്മച്ചി എന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു എന്റെ ഭർത്താവ് . കണ്ണിൽ നിന്നും മറയും വരെ കൈ വീശി കാണിച്ചു യാത്ര പറഞ്ഞു . രണ്ടു മാസങ്ങൾ കടന്നു പോയി .രാവിലെ എഴുന്നെറ്റാൽ അമ്മയെ വിളിച്ചു സംസാരിക്കുക എന്നതാണ് എന്റെ ഭർത്താവിന്റെ ആദ്യത്തെ ജോലി . അങ്ങനെ ഒരു ദിവസം വിളിച്ചപ്പോൾ അമ്മച്ചിക്ക് നല്ല സുഖമില്ലെന്നറിഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ വിളിച്ചു പറഞ്ഞു .മൂന്നു ദിവസം കഴിഞ്ഞിട്ടും അവസ്ഥയ്ക്ക് മാറ്റം ഒന്നും ഇല്ലെന്നറിഞ്ഞു അദ്ദേഹം നാട്ടിൽ പോയി . മകന്റെ സാന്നിധ്യം മരുന്നുകളെക്കാൾ ഫലം ചെയ്തൂ .തിരികെ അമ്മച്ചിയെ വീട്ടിൽ കൊണ്ട് ചെന്നാക്കി സന്തോഷത്തോടെ അദ്ദേഹം തിരികെ എത്തി .പക്ഷെ അടുത്ത ദിവസം തന്നെ അവസ്ഥ മോശം ആണെന്നറിഞ്ഞു .വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഹാരം കഴിക്കാത്തതിനെ തുടർന്ന് ട്യുബിൽ കൂടി ഭക്ഷണം നല്കാൻ തുടങ്ങി .ഒക്കെ ശരിയാകും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു . രാവിലെ നല്ല വാർത്ത കിട്ടിയാൽ വൈകിട്ട് മോശം ആണെന്നാവും  കിട്ടുക . അടുത്ത ദിവസം തന്നെ ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു .ഞാൻ അവിടെയെത്തുമ്പോൾ സന്ദർശകർക്കുള്ള സമയം ആയിരുന്നു .ഞാൻ ചെന്നപ്പോൾ അമ്മച്ചി മയക്കത്തിലായിരുന്നു. അല്പം ഭേദം ഉണ്ട് അതുകൊണ്ട് റൂമിലേക്ക് മാറ്റുകയാണെന്ന് അവർ പറഞ്ഞു. അൽപ സമയത്തിനകം അമ്മച്ചിയെ റൂമിലേക്ക് കൊണ്ട് വന്നു . ആദ്യ കാഴ്ച തന്നെ എന്നിൽ ഒരു നടുക്കം ഉണ്ടാക്കിയിരുന്നു .രണ്ടു മാസങ്ങൾക്ക് മുൻപ് ഞാൻ കണ്ടിട്ട് പോയ അമ്മച്ചി തന്നെ ആണോ അതെന്നു തോന്നി പോയി .നിരവധി ട്യൂബുകളുടെ സഹായത്തോടെ വളരെ നിസ്സഹായതയോടെ ഒരു മരപ്പാവയെ പോലെ കിടക്കുന്ന അമ്മച്ചിയുടെ മുഖത്തേക്ക് ഞാൻ നോക്കി . കണ്ണുകൾ നിറഞ്ഞിരുന്നു. എന്നെ മനസ്സിലായോ എന്ന ചോദ്യത്തിനു ഉത്തരം തരാൻ അമ്മച്ചി പ്രയാസപ്പെടുന്നത് കണ്ടു. കുഞ്ഞുങ്ങളെ കാണണോ എന്ന ചോദ്യത്തിനും വളരെ പ്രയാസപ്പെട്ടൂ അവ്യക്തമായി ഒരു ശബ്ദം  ഉണ്ടാക്കി കാണണം എന്നൂ അറിയിച്ചു . അമ്മച്ചിക്ക് സംസാരിക്കാൻ വയ്യ എന്ന സത്യം വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു .വായിൽ കൂടി ട്യൂബ് ഇട്ടിരുന്നതിനാൽ വായ് അടയ്ക്കാൻ കഴിയുമായിരുന്നില്ല. അതുകാരണം തന്നെ ചുണ്ടുകളും നാക്കും എല്ലാം ഉണങ്ങി വരണ്ടിരുന്നു . വായ്ക്കുള്ളിലേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി അമ്മച്ചിയുടെ നാക്ക്ഉണങ്ങി കട്ടിയായിചുരുങ്ങി അണ്ണാക്കിനോട്  പറ്റിയിരുന്നു. ഒന്നിനും ആകാതെ എല്ലാം അനുഭവിച്ചു കൊണ്ട് കിടക്കുന്ന രൂപം ഒരിക്കലും മനസ്സിൽ നിന്നും മായുകയില്ല.. ട്യൂബുകൾ എല്ലാം എടുത്തു കളഞ്ഞു അല്പം വെള്ളം കൊടുക്കാൻ എന്റെ മനസ്സ് കൊതിച്ചു .പക്ഷെ ഞാൻ നിസ്സഹായ ആയിരുന്നു .പ്രതികരിക്കാൻ ശേഷിയില്ലാത്ത അമ്മച്ചി ഒരിറ്റു വെള്ളത്തിനായി എത്ര മാത്രം കൊതിച്ചിട്ടുണ്ടാകും .എന്തെല്ലാം പറയാൻ മനസ്സ് വെമ്പിയിട്ടുണ്ടാകും. രണ്ടു ദിവസത്തിനകം ഞാൻ തിരിച്ചു പോന്നു. മൂന്നു ദിവസങ്ങൾ കഴിഞ്ഞു ദുരന്ത വാർത്തയും വന്നു . അമ്മച്ചി പോയി .എന്നെന്നേക്കുമായി .

ഉടൻ തന്നെ ഞങ്ങൾ പുറപ്പെട്ടു .അമ്മച്ചി ഇല്ലാത്ത വീട് തീർത്തും അന്യമായി തോന്നി . ഒടുവിൽ മോർച്ചറിയിൽ നിന്നും ചേതനയറ്റ ശരീരം വീട്ടിലെത്തിക്കുമ്പോൾ ഉള്ളിലെ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഏറെ വർഷങ്ങൾ ജീവിതം ചിലവഴിച്ച വീട്ടിൽ നിന്നും മണ്ണിൽ നിന്നും ഒടുവിൽ ആരോടും ഒരു വാക്ക് പോലും പറയാതെ യാത്ര ചോദിക്കാതെ ഞങ്ങളെ തനിച്ചാക്കി അമ്മച്ചി പോയി. വീട്ടിലെ വിളക്കണഞ്ഞു .എന്റെ  കൊച്ചുങ്ങളെന്തിയെ എന്നൂ ചോദിക്കാൻ ഇനി അമ്മച്ചി ഇല്ലല്ലോ എന്ന സത്യം ഒരു നീറ്റലായി അവശേഷിച്ചു . ഓർമ്മകളിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു .


മൂകത നിറഞ്ഞ വീട്ടില് രണ്ടു ദിവസം ഞാൻ ഒറ്റയ്ക്കായിരുന്നു .എനിക്ക് പേടി  തോന്നിയില്ല .കാരണം മരിച്ചവർക്ക് തിരിച്ചു      വരാൻ  കഴിയുമായിരുന്നെങ്കിൽ  ഒന്ന് കൂടി എനിക്ക് അമ്മച്ചിയെ കാണാമല്ലോ എന്ന് ഞാൻ ചിന്തിച്ചു. അടുത്ത ദിവസം പോരാനായി ഇറങ്ങി ഗേറ്റ് പൂട്ടുന്നതിന് മുമ്പായി പൂമുഖത്തേക്ക്ഒന്ന് കൂടി ഞാൻ തിരിഞ്ഞു നോക്കി . പ്രൗഡ ഗാംഭീര്യത്തോടെ കസേരയിൽ ഇരുന്നു എന്നെത്തന്നെ നോക്കി അമ്മച്ചി കൈ വീശുന്ന പോലെ തോന്നി. ഇനി ഒരിക്കലും ഞങ്ങൾ അവധിക്കു വരുന്നതും കാത്തു ഞങ്ങൾക്കിഷ്ട്ടമുള്ളതെല്ലാം ഉണ്ടാക്കി വെച്ച് കാത്തിരിക്കാൻ അമ്മച്ചി ഉണ്ടാവില്ലല്ലോ എന്ന് വളരെ ദുഖത്തോടെ ഞാൻ ഓർത്തു.

നിസംഗതയോടെ തിരികെ പോരവേ മനസ്സിൽ കൂടി ഒരുപാട് ചിന്തകൾ കടന്നു പോയി .വേർപാടുകൾ എന്നും വേദനയാണ് . ആർക്കും പകരക്കാരാകാൻ മറ്റൊരു ആൾക്കും കഴിയുകയില്ല . ഒരു വ്യക്തിയുടെ നഷ്ടം നമ്മളിൽ ഉണ്ടാക്കുന്ന ശൂന്യതയും വിടവും നികത്താൻ ആർക്കും ആവില്ല . ഒരു വീടിന്റെ വിളക്ക് തന്നെയാണ് വീട്ടിലെ കുടുംബനാഥ . നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് നമ്മളിൽ പലരും അതിന്റെ വില അറിയുന്നത്. വാർദ്ധക്യാവസ്ഥ ഇന്ന് ഒരു പേടി സ്വപ്നം ആയി മാറി കൊണ്ടിരിക്കുന്നു. വാർദ്ധക്യത്തിൽ സ്ത്രീകൾ പുത്രന്റെ സംരക്ഷണയിൽ എന്ന ആപ്ത വാക്യങ്ങൾ ഒക്കെ മാറ്റി പറയേണ്ടിയിരിക്കുന്നു . മക്കളുടെയും കൊച്ചുമക്കളുടെയും വർഷത്തിൽ ഒരിക്കലുള്ള വരവും കാത്തു നാളുകൾ  എണ്ണി കഴിയുന്ന പ്രായമായ മാതാപിതാക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്നു . മക്കളും മരുമക്കളും കൊച്ചുമക്കളും ഒന്നിച്ചു സന്തോഷമായി ചിലവഴിച്ചിരുന്ന വാർദ്ധക്യ കാലം സമൂഹത്തിനു അന്യമായി കൊണ്ടിരിക്കുന്നു . ഇതിനൊരു പരിഹാരം ഉണ്ടോ? ജീവിതമാർഗ്ഗം തേടി കടലിന്നക്കരെ വന്നു പ്രവാസികളായി ജീവിക്കുന്നവരുടെ മനസ്സിലെ തേങ്ങലുകൾ ആരെങ്കിലുംഅറിയുന്നുണ്ടോ . അങ്ങനെ ജീവിക്കാൻ നിർബന്ധിതരാകുമ്പോൾ കുടുംബം ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയുമോ? പ്രിയപ്പെട്ട സുഹൃത്തുക്കളെ  ജീവിതം ഒരു ഉത്തരം കിട്ടാകടങ്കഥ  തന്നെയാണ് അല്ലെ ? ...............................................