Sunday, June 26, 2016





 

`മാമ്പഴക്കാലം ....അന്നും ...ഇന്നും

കുറെ നാളുകളായി പ്രവാസികളായ ഞങ്ങളുടെ കുട്ടികളുടെ അവധിക്കാലം അഥവാ മാമ്പഴക്കാലം എന്റെ മനസിനെ ശല്ല്യം ചെയ്യാൻ തുടങ്ങിയിട്ട് . എന്റെ മക്കളുടെ തന്നെ ജീവിത ശൈലി കാണുമ്പോൾ എനിക്കവരോട് സഹതാപവും ഒപ്പം എന്റെ നിസ്സഹായതയിൽ ഖേദവും തോന്നാറുണ്ട് .കാരണം വേനലവധി എന്നു കേൾക്കുമ്പോൾ മനസ്സിലേക്കോടി എത്തുന്നത് ഞങ്ങളുടെ കുട്ടിക്കാലമാണ് .അപ്പോഴാണ് എന്റെ ചിന്തകളോട് സാമ്യം തോന്നിക്കുന്ന ഒരു പോസ്റ്റു വാട്സാപ്പിൽ കാണാനിടയായത് . പ്രവാസി കുട്ടികളുടെ പരിമിതമായ സൗകര്യങ്ങളിൽ ഉള്ള വളർച്ച ആയിരുന്നു അതിൽ ഞാൻ കണ്ടത് .

                          അതിന്റെ തുടർച്ച എന്നപോലെ ഞാനും എന്റെ ചില ചിന്തകൾ നിങ്ങളോടു പങ്കു വെയ്ക്കുകയാണ് .                 ഞങ്ങൾ പ്രവാസികളുടെ അവധിക്കാലം ആണ് ഇപ്പോൾ .

എല്ലാവരെയും പോലെ കുഞ്ഞുങ്ങളോടൊത്ത് അവധിക്കാലം ചിലവഴിക്കാൻ ഞങ്ങളും എത്തി .രണ്ടു രാജ്യങ്ങളും തമ്മിലുള്ള സമയ വ്യത്യാസം കാരണം കുട്ടികൾ രാവിലെ ഉറക്കം ഉണർന്നു വരുമ്പോൾ തന്നെ താമസിക്കും . പ്രഭാത ഭക്ഷണം കഴിഞ്ഞാൽ നേരെ ടി വി യുടെ മുന്നിലേക്ക്‌ .അതു മടുക്കുമ്പോൾ ഐ പാഡ് , ടാബ് , മൊബൈൽ ഇതിലേതിലെങ്കിലും ഉള്ള ഗെയിംസ് പിന്നെ ഉച്ച ഊണ് , അതു കഴിഞ്ഞാൽ ഉറക്കം .ഉച്ച മയക്കം കഴിഞ്ഞാൽ കുറച്ച് നേരത്തേക്ക്  സൈക്കിൾ സവാരി .അല്പനേരം ആകുമ്പോഴേക്കും അതും മടുക്കും . ഇതിനിടയിൽ വീട്ടിൽ ആരെങ്കിലും ഒക്കെ വരികയും പോകുകയും ഒക്കെ ചെയ്യുന്നുണ്ടാവും .പക്ഷെ അതൊന്നും കുട്ടികൾക്കൊരു വിഷയമേയല്ല .സന്ധ്യാസമയം വീണ്ടും ടി വി യ്ക്കു മുന്നിൽ .അത്താഴത്തിനുള്ള നേരം ആകുമ്പോഴേക്കും ഒരു ജോലി ചെയ്തു തീർക്കുന്ന പോലെ ആ കർമ്മവും നിർവഹിച്ചു വീണ്ടും ബെഡ് റൂമിലേക്ക്‌ . ഇതു ഒരു സാധാരണ ദിവസത്തിന്റെ ടൈംടേബിൾ. എന്നുവച്ച് എല്ലാ ദിവസവും ഇതേപോലെ അല്ല കേട്ടോ ! ബന്ധുക്കളുടെ സന്ദർശനവും ബന്ധു വീട് സന്ദർശനവും അവിടെയുള്ള സമപ്രായക്കാരായ കുട്ടികളോടൊത്തുള്ള കളികളും ഒക്കെയായി അവരുടെ രീതിയിൽ അവർ അതു ആസ്വദിക്കുന്നുണ്ടു . എല്ലാവരുടെയും കാര്യം എനിക്കറിയില്ല എങ്കിലും ഇപ്പോഴത്തെ കുട്ടികളുടെ കളികൾ എന്തെന്ന് അറിയാൻ എനിക്കും ഒരു കൗതുകം തോന്നി . പ്രധാനമായി അവര് കളിക്കുന്നത് ടി വി യിലെ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളാണ് . പിന്നെയുള്ള ഒരു കളിയാണ് ഏതെങ്കിലും  ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള സ്കിറ്റ്  .ഇതൊക്കെ കണ്ടിട്ടു  ശുഷ്ക്കമായ ബാല്യകാലം എന്നു വിശേഷിപ്പിക്കാനാണ് തോന്നിയത് ..

                                                                   കാരണം മറ്റൊന്നുമല്ല .എത്രയോ വർഷങ്ങൾക്കു മുൻപ്

ദിവസങ്ങൾക്കു 24 മണിക്കൂർ പോരാ എന്നു ചിന്തിച്ചിരുന്ന എന്റെ അവധിക്കാലം ആണ് ഓർമ്മയിൽ തെളിഞ്ഞു വരുന്നത് . വർണ്ണനാതീതമായ

ആ കാലഘട്ടം എന്നാലാവും വിധം ചുരുക്കി പറയാം .

വേനലവധിയ്ക്കായി സ്‌കൂൾ അടയ്ക്കാൻ പോകുന്ന സമയം; അവസാന ദിവസത്തെ പരീക്ഷ എഴുതുമ്പോൾ മനസ്സിലാകെ ഒരു ഉത്സവ പ്രതീതി ആയിരുന്നു .അടുത്ത രണ്ടു മാസത്തേക്കുള്ള പദ്ധതികളും പ്രതീക്ഷകളും

ആയിരിക്കും മനസ്സു നിറയെ . വീടുകൾക്കും മനുഷ്യമനസ്സുകൾക്കും വേലിക്കെട്ടുകൾ  ഇല്ലാതിരുന്ന കാലമായിരുന്നതിനാൽ കൂടെ കളിയ്ക്കാൻ കൂട്ടുകാർക്കു യാതൊരു ക്ഷാമവും ഇല്ലായിരുന്നു .നേരം പുലരാനായുള്ള കാത്തിരുപ്പായിരുന്നു അന്നൊക്കെ: ഏതെങ്കിലും ഒരു സ്ഥലത്ത് എല്ലാവർക്കും കൂടി ഒന്നു ഒത്തു കൂടാൻ . എന്തൊക്കെ തരത്തിലുള്ള കളികളായിരുന്നു ! ഓല വച്ച് ഓലപന്തുണ്ടാക്കി തലപ്പന്തും കുഴിപ്പന്തും കളിച്ചു . കുട്ടിയും കോലും , പോലീസും കള്ളനും , സാറ്റ് , തൊട്ടാതൊടീൽ , അക്ക് , ചെക്ക് , ഞൊണ്ടി തൊടീലു , പൊട്ടിപ്പോയ വളപ്പൊട്ടുകൾ കൂട്ടി വെച്ച് സെറ്റുകളി , എല്ലാ പെൺകുട്ടികളുടെയും കയ്യിലുള്ള വളകളെല്ലാം ഊരിയെടുത്തു വളകളി ,  ആൺപെൺ ഭേദമന്യേ ക്രിക്കറ്റ് കളി , മടലുകൾ വെട്ടി ക്രിക്കറ്റ് ബാറ്റുകൾ ആക്കി ഓല പന്തിനുള്ളിൽ ഭാരം കൂടാൻ വേണ്ടി കല്ലുകളും കൂടി കുത്തി തിരുകി ക്രിക്കറ്റ് ബോളുകൾ ആക്കി . മഞ്ഞും മഴയും വെയിലും ഒന്നും ആർക്കും ഒരു പ്രശ്നമായിരുന്നില്ല , ഒന്നും വകവെക്കാതെ കഞ്ഞിയും കറിയും വെച്ചു , ഇലകളും മണ്ണും സാധന സാമഗ്രികളാക്കി കടലാസു കഷണങ്ങൾ നോട്ടുകളാക്കി പലചരക്കു കടകൾ നടത്തി . മണ്ണ് കുഴച്ച് വിവിധ പലഹാരങ്ങൾ ഉണ്ടാക്കി ബേക്കറി നടത്തി ,  മരച്ചീനി കമ്പുകളും ഓലയും വച്ച് വീടുകൾ ഉണ്ടാക്കി , ഓരോരുത്തരും മറ്റുള്ളവരുടെ വീട്ടിൽ വിരുന്നിനു പോയി , ഡോക്ടറും രോഗിയും കളിച്ചു ,ഹോ ! പറഞ്ഞാലും പറഞ്ഞാലും തീരാത്ത കളികൾ . പത്ത് മാസം സ്‌കൂളിൽ പോയി കഷ്ടപ്പെട്ടു പഠിച്ചു നേടിയ അറിവുകളെക്കാൾ എത്രയോ അധികം ഈ രണ്ടു മാസങ്ങൾ കൊണ്ടു സ്വായത്തമാക്കി . നിസ്സാരമായ ഓരോ കളികളിലൂടെയും നമ്മളിൽ ഒളിഞ്ഞു കിടന്നിരുന്ന ഓരോ കഴിവുകളും വികസിച്ച് വന്നു നമ്മൾ പോലും അറിയാതെ .കളികൾക്കിടയിലെ വഴക്കും വാക്കുതർക്കങ്ങളും ഗുസ്‌തികളും പരിഹരിക്കാൻ  കോടതിയും ജഡ്ജിയും വക്കീലും ഒക്കെ സ്വന്തമായി സൃഷ്ടിച്ചെടുത്തു . കഞ്ഞിയും കറിയും വച്ച് കളിച്ചു പാചകത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു .പലചരക്കു കടകൾ നടത്തി കണക്കുകൾ കൂട്ടാനും കുറയ്ക്കാനും സ്വയം പഠിച്ചു കൊണ്ടു ബിസിനസ്സിന്റെ ബാലപാഠങ്ങൾക്കു ഹരിശ്രീ കുറിച്ചു.മണ്ണുകുഴച്ച് പലഹാരങ്ങൾ ഉണ്ടാക്കി കുറഞ്ഞത് ഓരോ പലഹാരത്തിന്റെയും പേരുകളും അതിന്റെ രൂപങ്ങളും പഠിച്ചു . കമ്പുകളും ഓലയും എടുത്ത് കൊച്ചു കൊച്ചു വീടുകൾ ഉണ്ടാക്കിയപ്പോൾ സിവിൽ എഞ്ചിനീറിംഗിന്റെ ബാലപാഠവുമായി .വിരുന്നിനു പോയി അതിഥി സൽക്കാരവും പഠിച്ചു .ഡോക്ടറും രോഗിയും കളിച്ചു സ്വയം ഡോക്ടറും നഴ്‌സുമായി .ഇതിനിടയിൽ വളരെ സുപ്രധാനമായ ഒരു കാര്യം പറയാൻ മറന്നു ; ഏറ്റവും ഇഷ്ടമുള്ള ബന്ധുക്കളുടെ വീടുകളിൽ പോയി പത്ത് ദിവസം അവിടെ താമസിച്ചു അവിടെയുള്ള ഗാംഗിനോടൊപ്പവും കൂടും . അങ്ങനെ പുതിയ പുതിയ സംസ്കാരങ്ങളും ശീലങ്ങളും പഠിച്ചു .മാവിൽ നിൽക്കുന്ന മാമ്പഴങ്ങൾ കൂട്ടത്തിൽ ഉന്നം കൂടുതൽ ഉള്ളവർ എറിഞ്ഞിട്ടു എല്ലാവർക്കും പങ്കു വച്ചു കൊടുത്തു കഴിച്ചു . മാമ്പഴങ്ങളുടെയും പറങ്കി മാമ്പഴങ്ങളുടെയും കശുവണ്ടിയുടെയും കാലമായിരുന്നു അതു .

                        ആദ്യം തന്നെ ഞാൻ പറഞ്ഞപോലെ പറയാൻ ഒരുപാടുണ്ട് പക്ഷെ ഞാൻ നീട്ടി ബോറടിപ്പിക്കുന്നില്ല .

                                  ഇനി നിങ്ങൾ തന്നെ പറയു ഇന്നത്തെ കുട്ടികൾക്ക് ( നാട്ടിലായാലും പുറത്തായാലും ) ഇതിൽ എന്തൊക്കെ അനുഭവിക്കാൻ ഭാഗ്യം കിട്ടുന്നുണ്ട് ? നമ്മൾ ഇന്ന് അവരെ എങ്ങനെയാണ് വളർത്തി കൊണ്ടിരിക്കുന്നത് ? ആരോട് ചോദിച്ചാലും വളരെ അഭിമാനത്തോടെ പറയും എന്റെ മക്കളെ ഞാൻ ഏറ്റവും നല്ല സ്‌കൂളിൽ അയച്ചു നല്ല വിദ്യാഭ്യാസം കൊടുക്കുന്നുണ്ട് നല്ല മുന്തിയ റസ്റോറന്റുകളിൽ നിന്നും അവർക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങി കൊടുക്കുന്നുണ്ട് നല്ല സ്റ്റൈലൻ വേഷവിധാനങ്ങൾ വാങ്ങി കൊടുക്കുന്നുണ്ട് ഇതിൽ കൂടുതൽ ഒക്കെ എന്തു വേണം ? . ഇന്നത്തെ കുട്ടികൾ ജനിക്കുമ്പോൾ തൊട്ടേ അവരെ ഏതു പ്രൊഫെഷനിൽ എത്തിക്കണം എന്ന ആശയകുഴപ്പത്തിലാണ് രക്ഷിതാക്കൾ .അതനുസരിച്ചു ഇരുമ്പ് പഴുപ്പിച്ചു തല്ലി പതം വരുത്തി ആയുധങ്ങൾ ഉണ്ടാക്കുന്ന പോലെ തല്ലി പഴുപ്പിച്ചു ഓരോ പ്രൊഫഷൻ അവരിൽ അടിച്ചേൽപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ . മാനത്തെ അമ്പിളി അമ്മാവനെ വേണം എന്നു പറഞ്ഞാലും അതു നേടാനുള്ള ബുദ്ധിമുട്ടു അവരെ അറിയിക്കാതെ കഷ്ടപ്പാടിന്റെയും പണത്തിന്റെയും മൂല്യം അവരെ അറിയിക്കാതെ അതു സാധിച്ചു കൊടുക്കുന്നു .  പ്രവാസികളായ കുട്ടികൾക്ക് നാട്ടിലേക്കു വരാൻ തന്നെ പേടിയാണ് . അവരുടെ വീക്ഷണത്തിൽ നാടെന്നു പറഞ്ഞാൽ കൊതുകു, പാറ്റ , ചിലന്തി ,പല്ലി മുതലായ " ഇൻസെക്ടസ് " ഉള്ള വൃത്തികെട്ട സ്ഥലമാണ് . പ്രകൃതിയുമായി ഒരു ബന്ധവും ഇല്ലാതെ മണ്ണിന്റെ മണം അറിയിക്കാതെ , പുല്ലും പൂവും സ്പർശിക്കാതെ  പുസ്തക താളുകളിലും ടി വി യിലും കംപ്യൂട്ടറിലും നോക്കി കണ്ടു പഠിച്ച് , ഓടി വീണു മുട്ടു പൊട്ടാതെ , ചൊറിയും  ചിരങ്ങും വരാതെ , കണ്ണിലെ കൃഷ്ണമണി പോലെ അവരെ വളർത്തി , ഒന്നു മഴ നനഞ്ഞാൽ പനി പിടിക്കുന്ന പ്രതിരോധ ശേഷിയില്ലാത്ത ശബ്ദം ഉയർത്തി ഒന്നു പ്രതിരോധിക്കാൻ ശേഷിയില്ലാത്ത പ്രതികരണ ശേഷിയില്ലാത്ത ഒരു( ന്യു ജനറേഷൻ  ) തലമുറയെ നമ്മൾ വാർത്തെടുക്കുകയാണ് .ബന്ധങ്ങളുടെ വിലയറിയാത്ത ബന്ധങ്ങൾക്ക്‌ വില കൽപ്പിക്കാത്ത ഒരു പുതിയ തലമുറ .
          നാട്ടിലെ അവസ്ഥയും ഒട്ടും മോശമല്ല ജീവിത സാഹചര്യങ്ങൾ ആകെ മാറിയിരിക്കുന്നു .തൊട്ടപ്പുറത്ത് താമസിക്കുന്നത് ആരെന്നറിയാതെ , പണ്ടുകാലങ്ങളിലുണ്ടായിരുന്ന സ്നേഹവും സഹകരണവും ഒക്കെ എങ്ങോ കൈമോശം വന്നു പോയിരിക്കുന്നു .എല്ലാവരും അവരവരുടെ കൊച്ചു കുടുംബങ്ങളിലേക്ക് ഒതുങ്ങി കൂടി സ്വന്തം കാര്യം സിന്ദാബാദ് ! എന്ന മുദ്രാ  വാക്യം സ്വയം പറഞ്ഞു ജീവിക്കുന്നു . പഴയ സംസ്കാരത്തിൽ  സ്നേഹം പങ്കു വച്ച് ജീവിച്ചപ്പോൾ പുതിയ സംസ്കാരത്തിൽ സോഷ്യൽ മീഡിയകളിലൂടെ കിട്ടുന്ന പോസ്റ്റുകൾ പങ്കുവച്ച് ജീവിയ്ക്കുന്നു എല്ലാവരും .    

                                       പ്രവാസികളായ കുട്ടികളുടെ നഷ്ടബാല്യത്തിന്റെ കണക്കുകൾ ഇവിടെ ഒരു പോസ്റ്റിൽ ഒതുക്കി നിർത്താൻ ആവുകയില്ല . നിസ്സാര കാര്യങ്ങൾ പോലും ക്ലാസ്സ് റൂമിൽ ബോർഡിൽ പടം വരച്ചു പറഞ്ഞു കൊടുത്താൽ പോലും മനസ്സിൽ ആക്കാൻ കഴിയാത്ത എത്ര കുട്ടികളുണ്ടെന്നോ ! പേരന്റ് ടീച്ചർ  മീറ്റിംഗുകൾക്കു വരുമ്പോൾ കുട്ടിക്ക് മാർക്ക് കുറയുന്നതിന് അദ്ധ്യാപകരുടെ മേൽ പഴിചാരി എവിടെയാണ് തെറ്റി പോയതെന്ന് മനസ്സിലാക്കാതെ രക്ഷപെടാൻ ശ്രമിക്കുന്ന പ്രിയപ്പെട്ട രക്ഷിതാക്കളോട് വളരെ സ്നേഹത്തോടെ ഒരു കാര്യം ഓർമ്മിപ്പിച്ചു കൊള്ളട്ടെ . കുട്ടികളൊത്തു നാട്ടിൽ വരുമ്പോഴെങ്കിലും മണ്ണും മരങ്ങളും ചെടികളും വീടുകളും പുഴകളും തോടുകളും വിവിധ തരം പക്ഷി മൃഗാദികളും അവയുടെ ഒക്കെ ജീവിത ശൈലികളും എന്നു വേണ്ട നിങ്ങളുടെ കണ്മുന്നിൽ കാണുന്ന എല്ലാകാര്യങ്ങളും അവർക്കു വിശദമാക്കി കൊടുക്കാൻ ശ്രമിക്കുക .ക്ലാസ്സ് റൂമിനുള്ളിൽ അദ്ധ്യാപകർ സൃഷ്ടിക്കുന്ന സാങ്കൽപ്പിക ലോകത്തിനു ഒരു പരിധിയുണ്ട് .പച്ചയായ ജീവിത യാഥാർഥ്യങ്ങൾ കാട്ടി കൊടുത്തു ജീവിതം പട്ടുമെത്തയുടെ പറുദീസ മാത്രം അല്ലെന്നു അവരെ പഠിപ്പിക്കണം .കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ കുട്ടികൾ കണ്ടും കേട്ടും പഠിച്ച് വളരട്ടെ . പൊണ്ണത്തടിയും പവർ കണ്ണടയും നിസ്സഹായത നിറഞ്ഞ മുഖവുമായി ഇഗ്ളീഷ് മാത്രം സംസാരിക്കാൻ അറിയുന്ന സ്വന്തം പ്രൊഫഷനിൽ മാത്രം ശോഭിക്കാൻ കഴിവുള്ള ഒരു തലമുറയെ അല്ല നമുക്ക് വേണ്ടത് . സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള ഏതു സാഹചര്യങ്ങളെയും ധീരതയോടെ  അഭിമുഖീകരിക്കാൻ കഴിവുള്ള ചുണക്കുട്ടികളായി വളർന്നു വരട്ടെ നമ്മുടെ മക്കൾ .