Friday, March 17, 2017


ബലിയാടുകൾ

"എന്തുപറ്റി മായ ടീച്ചർ ?

എന്തോ വല്ലായ്മ പോലെ ? " 

സ്റ്റാഫ് റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല .

 "  ഉം .... പറയ്......”   ചൂട് ചായയും എടുത്ത് സൂസൻ മായയുടെ അരികിൽ വന്നിരുന്നു .

“ കഴിഞ്ഞ പിരീഡ് ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് പോകുമ്പോൾ നല്ല സന്തോഷത്തിലായിരുന്നല്ലോ . പെട്ടെന്ന് എന്ത് പറ്റി ? "

 " പ്രത്യേകിച്ചൊന്നുമില്ല സൂസൻ  "

" ഹെയ് !!! അത് വെറുതെ... താൻ പറയെടോ ... "

 "  എക്സാം ടൈമിൽ അലസമായി ഇരിക്കുന്നത് കണ്ടിട്ടാണ് ഞാൻ ആ കുട്ടിയുടെ പേപ്പർ എടുത്ത് നോക്കിയത് ."

  അസ്വസ്ഥതയോടെ തന്നെ മായ പറഞ്ഞു .

   " ആരുടെ ? ഏതു കുട്ടിയുടെ ? "

  " സൂസൻ അറിയുമോ ഒരു കൃഷ്ണപ്രസാദിനെ ?  " 

 " ഓ .... ആ കുട്ടിയോ ?? അറിയും ... ഒരു തലവേദന പിടിച്ച കേസ് ...ഒരു വക പഠിക്കുകയുമില്ല  "

സൂസൻ ടീച്ചറിന്റെ വാക്കുകൾ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കി .

കഴിഞ്ഞ വർഷം വരെ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ച വച്ച കുട്ടി .

 ഇന്നവന്റെ പേപ്പർ മറിച്ച് നോക്കിയിട്ടു അമ്പരന്നു പോയി . ഒന്നിനും ആൻസർ ചെയ്തിട്ടില്ല . ഫ്രീ ആകുമ്പോൾ  വന്നു കാണണം എന്ന് പറഞ്ഞിട്ടുണ്ട് . 
സമയം ഇഴഞ്ഞു നീങ്ങും പോലെ തോന്നി . അല്പസമയത്തിനു ശേഷം വാതിലിൽ കൃഷ്ണന്റെ മുഖം കണ്ടു : പതിയെ എഴുന്നേറ്റു... കോറിഡോറിലൂടെ അവന്റെ ഒപ്പം നടന്നു . എത്ര പ്രസരിപ്പാർന്ന കുട്ടിയായിരുന്നു . അവന്റെ കണ്ണുകളിലെ കുസൃതിയും സന്തോഷവും എല്ലാം നഷ്ടമായിരിക്കുന്നു . 

   " എന്ത് പറ്റി നിനക്ക്  ? സാവകാശം അവനോടു ചോദിച്ചു

അവൻ മുഖം ഉയർത്തിയില്ല .

" നിന്നെക്കുറിച്ച് ഞാൻ കേട്ടതൊക്കെ ...... "  അർദ്ധോക്തിയിൽ നിർത്തി അവന്റെ മുഖത്തേയ്ക്കു നോക്കി . ഒന്നും പറയാതെ അവൻ എന്നെ നോക്കി . കണ്ണുകളിൽ ദൈന്യത നിറഞ്ഞു നിന്നിരുന്നു .

അവന്റെ മൗനം എന്റെ ഉത്കണ്ട വർദ്ധിപ്പിച്ചു .അവന്റെ രക്ഷകർത്താക്കളോടു സംസാരിക്കാം എന്ന് വിചാരിച്ച് ഫോൺ നമ്പർ ചോദിച്ചു .പെട്ടെന്ന് ആ കുട്ടിയിൽ ഭാവമാറ്റം കണ്ടു.

 " വേണ്ട ..... അവരെ വിളിക്കണ്ട . "

 ദേഷ്യമോ പരിഹാസമോ എന്ന് നിർവ്വചിക്കാനാവാത്ത ഒരു ഭാവം ആയിരുന്നു അവന്റെ മുഖത്ത് .

അവൻ പതിയെ പറഞ്ഞു തുടങ്ങി .

അച്ഛനും അമ്മയും തമ്മിൽ കഴിഞ്ഞ കുറെ നാളുകളായി എന്നും വഴക്കായിരുന്നു . ആരും ആരും തോൽക്കാതെ മത്സരിക്കുന്നതിനിടയിൽ

അവർ എന്നെയും അനിയനെയും മറന്നു . മിക്ക ദിവസങ്ങളിലും ഞങ്ങൾ പട്ടിണിയായിരുന്നു . ഞങ്ങളുടെ പഠിപ്പൊന്നും അവർക്കൊരു വിഷയമേ അല്ലായിരുന്നു . ചെറിയ കുട്ടിയായ അനിയൻ എല്ലാത്തിനും എന്നെ ആശ്രയിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എന്നെ മറന്നു , എന്റെ പഠനം മറന്നു .

എനിക്കെല്ലാവരോടും ദേഷ്യം മാത്രമായി . ക്‌ളാസിൽ കുട്ടികളെയും അദ്ധ്യാപകരെയും ഞാൻ മനപ്പൂർവ്വം ദ്രോഹിച്ചു . ഈ അവസ്ഥയിലേക്ക്  ഞങ്ങളെ തള്ളി വിട്ടവരോടുള്ള പ്രതികാരം തീർക്കാൻ ഞാൻ കണ്ടെത്തിയ വഴി അതായിരുന്നു . എന്നെ തന്നെ നശിപ്പിക്കുക .അതിലൂടെ ഞാൻ സംതൃപ്തി കണ്ടെത്തി .       

വാക്കുകൾ വളരെ നിശ്ചയ ദാർഢ്യത്തോടെ പുറത്തേക്കു വീഴുമ്പോൾ

കണ്ണുകളിൽ നിന്നും അഗ്നി നാളങ്ങൾ പുറപ്പെടുന്നത് പോലെ തോന്നി . 

ഒന്ന് നിർത്തിയിട്ടു അവൻ  തുടർന്നു ...

 " കഴിഞ്ഞ മാസം അച്ഛനും അമ്മയും വേർപിരിഞ്ഞു .സ്‌കൂൾ ഉള്ള ദിവസങ്ങളിലെല്ലാം അമ്മയുടെ ഒപ്പവും അവധി ദിവസങ്ങളിൽ അച്ഛന്റെ ഒപ്പവും ആണിപ്പോൾ . 'അമ്മ ഇപ്പോൾ അധികം സംസാരിക്കാറേയില്ല .തനിച്ചിരുന്നു കരയുന്നതു കാണാം . ഞങ്ങളെയും ശ്രദ്ധിക്കാറില്ല . "

" മടുത്തു മാം ... എന്റെ അനിയന് ഞാൻ മാത്രമേ ഉള്ളു . ഞങ്ങൾക്കാരുമില്ല . "

 മുഖം പൊത്തി അവൻ പൊട്ടിക്കരഞ്ഞു .

ഒരായിരം മുള്ളുകൾ ആഴ്ന്നിറങ്ങും പോലെ എന്റെ മനസ്സ് നീറി . നിയന്ത്രണം വിടാതെ ഞാൻ പിടിച്ച് നിന്നു.

 എങ്ങനെയാ .... എന്ത് പറഞ്ഞാ ഞാനീ കുട്ടിയെ ആശ്വസിപ്പിക്കുക ....

ജീവിച്ചു തുടങ്ങും മുൻപേ അവനു ജീവിതം മടുത്തു . 

പെട്ടെന്ന് അവൻ തിരിഞ്ഞു നടന്നു .

ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഇരച്ചു കയറി .

ശിഥില ബന്ധങ്ങളിലൂടെ നശിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് കുട്ടികളുടെ ഒരു പ്രതിനിധി മാത്രമാണ് കൃഷ്ണപ്രസാദ്‌ .

സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മത്സരിച്ച് വിജയം കൈവരിക്കുമ്പോൾ

 എന്ത് നേടി നിങ്ങൾ ????

 ഇതേപോലെയുള്ള പാവം കുട്ടികളെ ബലിയാടുകളാക്കി നിങ്ങൾ നേടിയ ഈ വിജയം ശാശ്വതമോ ???

സ്റ്റാഫ് റൂമിലേക്ക്  തിരിച്ചു   നടക്കുമ്പോൾ മനസ്സിൽ  കൃഷ്ണപ്രസാദിന്റെ ഓരോ വാക്കുകളും പ്രതിധ്വനിച്ച്‌ കൊണ്ടേയിരുന്നു ...

 

2 comments:

  1. കുട്ടികളെ അവരുടെ വാശിയ്ക്ക് ബലിയാടാക്കുന്ന ഇന്നത്തെ ഒത്തിരി കുടുംബങ്ങൾ ...നന്നായി പറഞ്ഞു ആശംസകൾ

    ReplyDelete
  2. ഈ താഴ്‌വാരത്തിലേക്കു വരികയും കഥകൾ വായിക്കുകയും ഒരു കമ്മന്റ്‌ ഇടാൻ സന്മസ്‌ കാണിക്കുകയും ചെയ്തതിനു നന്ദി ഒപ്പം സന്തോഷം. ഇനിയും വരണം .

    ReplyDelete