Thursday, March 23, 2017




 
മൊട്ടക്കുന്നിലെ വിശേഷങ്ങൾ

തോടും  പുഴയും  അരുവിയും  പച്ച  വിരിച്ച  കൊച്ചു  കൊച്ചു  മൊട്ടക്കുന്നുകളും കൊണ്ട്  പ്രകൃതി  രമണീയമായ  മൊട്ടക്കുന്നെന്ന  ഗ്രാമം . അദ്ധാനിച്ചു  സ്വന്തം നെറ്റിയിലെ  വിയർപ്പുകൊണ്ട്  അന്നന്നത്തെ  അപ്പം  ഭക്ഷിക്കുന്ന  പരിഷ്ക്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഗ്രാമവാസികൾ .

ആത്മാവ് മുക്കിലെ   ആൽത്തറയും  കൊച്ചയ്യപ്പന്റെ  ചായക്കടയും രാഘവേട്ടന്റെ  പലചരക്കു കടയും  ഗ്രാമത്തിന്റെ  നാഡീകേന്ദ്രങ്ങളായി പ്രവർത്തിച്ച്  ഗ്രാമ സൗന്ദര്യത്തിനു  മാറ്റു  കൂട്ടുന്നു .പരദൂഷണം  പാപ്പിയുടെ പരദൂഷണം  കൂടി  ചേരുമ്പോൾ  അരങ്ങു  പൂർവ്വാധികം കൊഴുക്കുകയായി. 

(എൺപതുകളിലെ ഒരു മദ്ധ്യാഹ്നം )

ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ  നിന്നും  ഒന്നുഷാറാവാൻ  പതിവ്  ചായയും സ്വപ്നം  കണ്ട്  കൊച്ചയ്യപ്പന്റെ  ചായക്കട  ലക്ഷ്യമാക്കി  നീങ്ങിക്കൊണ്ടിരിക്കവേ ആണ് പരദൂഷണം പാപ്പി കാഴ്ച്ച കണ്ടത് .

ടാറിടാത്ത റോഡിലെ കുണ്ടിലും കുഴിയിലും കയറി ഇറങ്ങി വരുന്ന  ഗ്രാമത്തിലെ ഏക ഓട്ടോ റിക്ഷയിൽ നിന്നും പുറത്തേക്ക് എന്തോ തള്ളിയിരിക്കുന്നു .പാപ്പി ഒന്ന് കൂടി സൂക്ഷിച്ചു നോക്കി ...

 " അല്ലാ !!! എന്താത് ? ഒരാന്റിന   അല്ലെ പുറത്തേക്കിരിക്കുന്നത്   " 

ആരായിപ്പോ ആന്റിനായുമായി " 

ആകാംഷയോടെ പാപ്പി ഓട്ടോറിക്ഷയുടെ ഉള്ളിലേക്ക് നോക്കി . 

" അത് നമ്മുടെ മറിയ ചേടത്തി അല്ലേ ? അവര്   ടി വി   വാങ്ങിയോ ? " 

ഇന്നത്തേക്കുള്ളത് കിട്ടിയ സന്തോഷത്തിൽ പാപ്പി നടപ്പിന് വേഗത കൂട്ടി .

എത്രയും വേഗം ചായക്കട പിടിക്കുക തന്നെ .ഇതിപ്പോ നാലാളുടെ കാതിലെത്തിച്ചില്ലേൽ  മനസ്സിനൊരു  സുഖവുമില്ല .      

" ദാ .... നമ്മുടെ പരദൂഷണം എത്തിയല്ലോ ..."

 ഗ്രാമവാസികൾ  പാപ്പിയുടെ  വരവിലുള്ള  സന്തോഷം  അറിയിച്ചു .

" എന്താ  പാപ്പി  ഇത്ര  തിടുക്കത്തിൽ ? പുതിയ  വാർത്ത  വല്ലതും  തടഞ്ഞോ ? " 

ആഞ്ഞു പിടിച്ചുള്ള നടത്തയിൽ വിയർപ്പിൽ കുതിർന്ന മുഖം തോളിലെ തോർത്തെടുത്ത് തുടച്ചു ബഞ്ചിലെ പൊടിയും ഒന്ന്  തട്ടി പാപ്പി ഉപവിഷ്ടനായി . 

" അയ്യപ്പേട്ടോ ഒരു കാലിച്ചായ "

ചായയ്ക്കുള്ള  ഓർഡർ  കൊടുത്തിട്ടു  തന്നെ തന്നെ  ഉറ്റുനോക്കിയിരിക്കുന്ന ആകാംഷാഭരിതമായ  മുഖങ്ങളിലേക്കു  എന്തോ  മഹാകാര്യം  പറയാൻ പോകുന്ന  ഭാവത്തോടെ  പാപ്പി  ഒന്ന്  നോക്കി .         

 " എന്താന്നു വച്ചാൽ ഒന്ന് പറഞ്ഞു തുലയ്ക്കെടോ ... "

ഉള്ളിലെ ജിജ്ഞാസ അടക്കാനാവാതെ വറീത് മാപ്പിള തന്റെ അക്ഷമ അറിയിച്ചു .

 " അറിഞ്ഞോ ??? "

" എന്തോന്ന്  ???"

 " ദാ പാപ്പി ചായ  "

വിശേഷം കേൾക്കാനുള്ള തിടുക്കത്തിൽ   കൊച്ചയ്യപ്പൻ   ചായ വേഗം കൂട്ടി പാപ്പിയുടെ  കയ്യിൽ  കൊടുത്തിട്ട്‌  അടുത്ത  ബഞ്ചിലിരുന്നു. 

ചൂടുചായ  ഒരിറക്ക്  കുടിച്ച  ശേഷം  പാപ്പി  തുടർന്നു.

 " നമ്മുടെ മറിയ ചേടത്തി     ടി വി     വാങ്ങി ."

" എപ്പോ ??? "

ചുറ്റുമിരുന്നവർ  ഒരേ  സ്വരത്തിൽ  ഒന്നിച്ചാരാഞ്ഞു .

" ദാ   ഇപ്പൊ   അങ്ങോട്ട്   പോയതേ   ഉള്ളൂ... "

 " കഴിഞ്ഞ   ആഴ്ച്ച   മീൻ  വാങ്ങാൻ  ചെന്നപ്പോൾ  എന്റടുക്കൽ  പറഞ്ഞിരുന്നു ."

പുളു മണി തന്റെ വക പുളുവടിച്ചൊന്നു ഞെളിഞ്ഞിരുന്നു .

" മറിയ ചേടത്തീടെ കയ്യിൽ ഇത്രേം പണമുണ്ടായിരുന്നോ ??? "

" കടം ആയിരിക്കും ...."

 " ഏയ് !!! കടമൊന്നും ആയിരിക്കില്ല... മീനിനൊക്കെ അറപ്പു വിലയല്ലേ എടുക്കുന്നെ ... "

 " ഏതായാലും ഇനി എല്ലാ ആഴ്ച്ചയിലും സിനിമ കാണാമല്ലോ "

വാസൂട്ടൻ തന്റെ മനോഗതം അറിയിച്ചു 

ചർച്ചകൾ ഇങ്ങനെ നീണ്ടു പോയി .       

ഏകദേശം നാലര മണിയോടെ ആൽത്തറ മുക്കിൽ നിന്നും ഒരുകൂട്ടം ഗ്രാമവാസികൾ  ജാഥ കണക്കെ മീൻകാരി മറിയ ചേടത്തിയുടെ കൂര ലക്ഷ്യമാക്കി വച്ചു പിടിച്ചു .
മറിയ ചേടത്തിയുടെ വീടിന്റെ മുന്നിൽ വന്നു ജാഥ നിന്നു. കൂട്ടത്തിലൊരാൾ  ഉറക്കെ വിളിച്ചു
  " മറിയ ചേടത്തിയേ .... കൂയ്...... "
മുറ്റത്തെ ബഹളം കേട്ട് മറിയ ചേടത്തി വാതിൽക്കലെത്തി . 

" എന്താ ... എല്ലാരൂടെ ??? "

 " അത്പിന്നെമറിയ ചേടത്തിയെ ....... നിങ്ങളാ ....ടി വി ഇങ്ങോട്ടൊന്നു

   നീക്കി വച്ചൊന്നു തുറക്കെന്നെ ....ഞങ്ങളൊന്ന് കാണട്ടെ .... "

  മുറ്റത്തെ പൊടിമണ്ണിലേക്കിരിക്കാനായി തുനിഞ്ഞവർ മറിയ ചേടത്തിയുടെ ചോദ്യം  കേട്ട്  ഒന്ന്  നിന്നു .

 " ടി വി യോ ??? ഏതു ടി വി  ??? "

" അത് .... നിങ്ങള്    ടി വി    വാങ്ങി കൊണ്ട് വരുന്നത് കണ്ടെന്നു നമ്മുടെ പരദൂഷണം പാപ്പി പറഞ്ഞല്ലോ ... "

  " ... അതോ ..... ടി വിയൊന്നും  വാങ്ങിയില്ലെടാ പിള്ളാരെ ... സെക്കൻഡ് ഹാൻഡിനൊരു  ആന്റിന  ഒത്തു  കിട്ടിയപ്പോ  അങ്ങ്  വാങ്ങി  എന്നെ ഉള്ളൂ . "     

വളരെ  ലാഘവത്തോടെ  അത് പറഞ്ഞിട്ട്  അടുത്തിരുന്ന  മീൻ  കുട്ടയുമെടുത്ത് തലയിൽ  വച്ചു  ആൾക്കൂട്ടത്തിനിടയിലൂടെ  വൈകുന്നേരത്തെ കച്ചവടത്തിനായി  മറിയ ചേടത്തി നടന്നു നീങ്ങി .

 " മീനേ ..... നല്ല പിടയ്ക്കുന്ന മീനൊണ്ട്  കൊച്ചെ ... എടുക്കട്ടേ .... "

നിരാശരായ  ഗ്രാമവാസികൾ  പരദൂഷണം  പാപ്പിയെ തിരയുമ്പോൾ പാപ്പി

വീട് പിടിക്കുവാനായി ആഞ്ഞു പിടിച്ചു നടക്കുകയായിരുന്നു ...ഒരു

ദിവസം കൂടി തന്നെ കൊണ്ടാവും പോലെ കൊഴുപ്പിക്കാൻ സാധിച്ച

ചാരിതാർഥ്യത്തോടെ ...... മീൻകാരി മറിയ ചേടത്തിയെ മൊട്ടക്കുന്നിലെ ആന്റിന മറിയ ആക്കി മാറ്റിയ സന്തോഷത്തോടെ ……….. 

Friday, March 17, 2017


ബലിയാടുകൾ

"എന്തുപറ്റി മായ ടീച്ചർ ?

എന്തോ വല്ലായ്മ പോലെ ? " 

സ്റ്റാഫ് റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല .

 "  ഉം .... പറയ്......”   ചൂട് ചായയും എടുത്ത് സൂസൻ മായയുടെ അരികിൽ വന്നിരുന്നു .

“ കഴിഞ്ഞ പിരീഡ് ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് പോകുമ്പോൾ നല്ല സന്തോഷത്തിലായിരുന്നല്ലോ . പെട്ടെന്ന് എന്ത് പറ്റി ? "

 " പ്രത്യേകിച്ചൊന്നുമില്ല സൂസൻ  "

" ഹെയ് !!! അത് വെറുതെ... താൻ പറയെടോ ... "

 "  എക്സാം ടൈമിൽ അലസമായി ഇരിക്കുന്നത് കണ്ടിട്ടാണ് ഞാൻ ആ കുട്ടിയുടെ പേപ്പർ എടുത്ത് നോക്കിയത് ."

  അസ്വസ്ഥതയോടെ തന്നെ മായ പറഞ്ഞു .

   " ആരുടെ ? ഏതു കുട്ടിയുടെ ? "

  " സൂസൻ അറിയുമോ ഒരു കൃഷ്ണപ്രസാദിനെ ?  " 

 " ഓ .... ആ കുട്ടിയോ ?? അറിയും ... ഒരു തലവേദന പിടിച്ച കേസ് ...ഒരു വക പഠിക്കുകയുമില്ല  "

സൂസൻ ടീച്ചറിന്റെ വാക്കുകൾ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കി .

കഴിഞ്ഞ വർഷം വരെ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ച വച്ച കുട്ടി .

 ഇന്നവന്റെ പേപ്പർ മറിച്ച് നോക്കിയിട്ടു അമ്പരന്നു പോയി . ഒന്നിനും ആൻസർ ചെയ്തിട്ടില്ല . ഫ്രീ ആകുമ്പോൾ  വന്നു കാണണം എന്ന് പറഞ്ഞിട്ടുണ്ട് . 
സമയം ഇഴഞ്ഞു നീങ്ങും പോലെ തോന്നി . അല്പസമയത്തിനു ശേഷം വാതിലിൽ കൃഷ്ണന്റെ മുഖം കണ്ടു : പതിയെ എഴുന്നേറ്റു... കോറിഡോറിലൂടെ അവന്റെ ഒപ്പം നടന്നു . എത്ര പ്രസരിപ്പാർന്ന കുട്ടിയായിരുന്നു . അവന്റെ കണ്ണുകളിലെ കുസൃതിയും സന്തോഷവും എല്ലാം നഷ്ടമായിരിക്കുന്നു . 

   " എന്ത് പറ്റി നിനക്ക്  ? സാവകാശം അവനോടു ചോദിച്ചു

അവൻ മുഖം ഉയർത്തിയില്ല .

" നിന്നെക്കുറിച്ച് ഞാൻ കേട്ടതൊക്കെ ...... "  അർദ്ധോക്തിയിൽ നിർത്തി അവന്റെ മുഖത്തേയ്ക്കു നോക്കി . ഒന്നും പറയാതെ അവൻ എന്നെ നോക്കി . കണ്ണുകളിൽ ദൈന്യത നിറഞ്ഞു നിന്നിരുന്നു .

അവന്റെ മൗനം എന്റെ ഉത്കണ്ട വർദ്ധിപ്പിച്ചു .അവന്റെ രക്ഷകർത്താക്കളോടു സംസാരിക്കാം എന്ന് വിചാരിച്ച് ഫോൺ നമ്പർ ചോദിച്ചു .പെട്ടെന്ന് ആ കുട്ടിയിൽ ഭാവമാറ്റം കണ്ടു.

 " വേണ്ട ..... അവരെ വിളിക്കണ്ട . "

 ദേഷ്യമോ പരിഹാസമോ എന്ന് നിർവ്വചിക്കാനാവാത്ത ഒരു ഭാവം ആയിരുന്നു അവന്റെ മുഖത്ത് .

അവൻ പതിയെ പറഞ്ഞു തുടങ്ങി .

അച്ഛനും അമ്മയും തമ്മിൽ കഴിഞ്ഞ കുറെ നാളുകളായി എന്നും വഴക്കായിരുന്നു . ആരും ആരും തോൽക്കാതെ മത്സരിക്കുന്നതിനിടയിൽ

അവർ എന്നെയും അനിയനെയും മറന്നു . മിക്ക ദിവസങ്ങളിലും ഞങ്ങൾ പട്ടിണിയായിരുന്നു . ഞങ്ങളുടെ പഠിപ്പൊന്നും അവർക്കൊരു വിഷയമേ അല്ലായിരുന്നു . ചെറിയ കുട്ടിയായ അനിയൻ എല്ലാത്തിനും എന്നെ ആശ്രയിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എന്നെ മറന്നു , എന്റെ പഠനം മറന്നു .

എനിക്കെല്ലാവരോടും ദേഷ്യം മാത്രമായി . ക്‌ളാസിൽ കുട്ടികളെയും അദ്ധ്യാപകരെയും ഞാൻ മനപ്പൂർവ്വം ദ്രോഹിച്ചു . ഈ അവസ്ഥയിലേക്ക്  ഞങ്ങളെ തള്ളി വിട്ടവരോടുള്ള പ്രതികാരം തീർക്കാൻ ഞാൻ കണ്ടെത്തിയ വഴി അതായിരുന്നു . എന്നെ തന്നെ നശിപ്പിക്കുക .അതിലൂടെ ഞാൻ സംതൃപ്തി കണ്ടെത്തി .       

വാക്കുകൾ വളരെ നിശ്ചയ ദാർഢ്യത്തോടെ പുറത്തേക്കു വീഴുമ്പോൾ

കണ്ണുകളിൽ നിന്നും അഗ്നി നാളങ്ങൾ പുറപ്പെടുന്നത് പോലെ തോന്നി . 

ഒന്ന് നിർത്തിയിട്ടു അവൻ  തുടർന്നു ...

 " കഴിഞ്ഞ മാസം അച്ഛനും അമ്മയും വേർപിരിഞ്ഞു .സ്‌കൂൾ ഉള്ള ദിവസങ്ങളിലെല്ലാം അമ്മയുടെ ഒപ്പവും അവധി ദിവസങ്ങളിൽ അച്ഛന്റെ ഒപ്പവും ആണിപ്പോൾ . 'അമ്മ ഇപ്പോൾ അധികം സംസാരിക്കാറേയില്ല .തനിച്ചിരുന്നു കരയുന്നതു കാണാം . ഞങ്ങളെയും ശ്രദ്ധിക്കാറില്ല . "

" മടുത്തു മാം ... എന്റെ അനിയന് ഞാൻ മാത്രമേ ഉള്ളു . ഞങ്ങൾക്കാരുമില്ല . "

 മുഖം പൊത്തി അവൻ പൊട്ടിക്കരഞ്ഞു .

ഒരായിരം മുള്ളുകൾ ആഴ്ന്നിറങ്ങും പോലെ എന്റെ മനസ്സ് നീറി . നിയന്ത്രണം വിടാതെ ഞാൻ പിടിച്ച് നിന്നു.

 എങ്ങനെയാ .... എന്ത് പറഞ്ഞാ ഞാനീ കുട്ടിയെ ആശ്വസിപ്പിക്കുക ....

ജീവിച്ചു തുടങ്ങും മുൻപേ അവനു ജീവിതം മടുത്തു . 

പെട്ടെന്ന് അവൻ തിരിഞ്ഞു നടന്നു .

ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഇരച്ചു കയറി .

ശിഥില ബന്ധങ്ങളിലൂടെ നശിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് കുട്ടികളുടെ ഒരു പ്രതിനിധി മാത്രമാണ് കൃഷ്ണപ്രസാദ്‌ .

സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മത്സരിച്ച് വിജയം കൈവരിക്കുമ്പോൾ

 എന്ത് നേടി നിങ്ങൾ ????

 ഇതേപോലെയുള്ള പാവം കുട്ടികളെ ബലിയാടുകളാക്കി നിങ്ങൾ നേടിയ ഈ വിജയം ശാശ്വതമോ ???

സ്റ്റാഫ് റൂമിലേക്ക്  തിരിച്ചു   നടക്കുമ്പോൾ മനസ്സിൽ  കൃഷ്ണപ്രസാദിന്റെ ഓരോ വാക്കുകളും പ്രതിധ്വനിച്ച്‌ കൊണ്ടേയിരുന്നു ...

 

Friday, March 3, 2017


വാശി (ചെറുകഥ )

ആ സന്ധ്യയിൽ ....ആർത്തലച്ച് പെയ്യുന്ന മഴയിലേക്ക് നോക്കി അസ്വസ്ഥമായ മനസ്സോടെ അയാളിരുന്നു ...

                   രണ്ടു വർഷങ്ങൾക്കു മുൻപ് ഇത് പോലൊരു ദിവസമാണ് ഉറങ്ങിക്കിടന്ന മോനെയും വാരിയെടുത്ത് അഭിരാമി  ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് ...

ആ നശിച്ച ദിവസത്തിന്റെ ഓർമ്മ അയാളിലൊരു നടുക്കമുണർത്തി .

സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കുന്ന ഒരു പ്രകൃതം ആയിരുന്നു അഭിയുടേത് . ആദ്യമൊക്കെ കൊച്ചു കൊച്ചു കാര്യങ്ങൾക്കു മുഖം വീർപ്പിക്കലും കുറെ നേരം മൗനവ്രതം ആചരിക്കലും മാത്രമേ ഉണ്ടായിരുന്നുള്ളു . പോകെ പോകെ തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കിടാൻ തുടങ്ങി . പിണക്കത്തിന്റെ ദൈർഘ്യം കുറവായിരുന്നതിനാൽ ഒന്നും അത്ര കാര്യമാക്കിയില്ല .

ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം സംശയദൃഷ്ടിയോടെ നോക്കിക്കാണുവാൻ തുടങ്ങി . മനസ്സിൽ ചെറിയൊരു ആശങ്ക ഉടലെടുത്തു . 
       " എന്തെ ഈ കുട്ടി ഇങ്ങനെ ? "
'അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേൾക്കാമായിരുന്നു . അച്ഛന്റെ മരണ ശേഷം കഷ്ടപ്പെട്ട് വളർത്തിയ മകന് നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട പാവം 'അമ്മ . സ്വന്ത ഇഷ്ട പ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത്‌ അവളുടെ കൈ പിടിച്ച് കയറി വന്നപ്പോഴും മറുത്തൊരക്ഷരം പറയാതെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതേ ഉള്ളൂ 'അമ്മ. .മകന്റെ മനസ്സുരുകുന്നത് മറ്റാരേക്കാളും അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു .  

ഒരേ കോളേജിൽ ഒരേ ബാച്ചിൽ ആയിരുന്നതിനാൽ ഇരുവരുടെയും സുഹൃത്തുക്കളും ഏതാണ്ട് ഒരേ ആളുകൾ തന്നെ ആയിരുന്നു. പെൺസുഹൃത്തുക്കളുടെ സാന്നിധ്യം അഭിയെ വല്ലാതെ അസ്വസ്ഥയാക്കി . ആരോടെങ്കിലും ഒന്ന് മിണ്ടിപ്പോയാൽ ആരെങ്കിലും ഒരു മെസ്സേജ് അയച്ചാൽ അന്നത്തെ കലഹത്തിന് അത് മതിയാകും . 

വഴക്കൊഴിവാക്കാനായി വീട്ടിലുള്ള സമയമെല്ലാം ഫോൺ അവളുടെ കയ്യിൽ ഏൽപ്പിക്കും . എങ്ങനെയൊക്കെ ശ്രദ്ധിച്ചു ...  

മോന്റെ ജനനത്തോടെയെങ്കിലും അവളുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമെന്നു കരുതിയ തനിയ്ക്ക് തെറ്റി .

അന്ന് ഞങ്ങളുടെ വിവാഹ വാർഷികമായിരുന്നു .

      " ഇന്ന് നേരത്തെ വരില്ലേ ? "

ഇറങ്ങാൻ നേരം വളരെ സന്തോഷത്തോടെ അവൾ ചോദിച്ചു .

      " നേരത്തെ വരാം നീ റെഡിയായി നിന്നോളൂ "
പുഞ്ചിരിയോട് തന്നെ മറുപടി കൊടുത്തു കാർ സ്റ്റാർട്ട് ചെയ്തു .

ഗേറ്റ് കടക്കും വരെയും കൈ വീശി കാണിച്ച് കൊണ്ട് അവൾ നിൽക്കുന്നുണ്ടായിരുന്നു .

                          നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി . ചെറിയ മഴ ചാറ്റലുണ്ടായിരുന്നു . മഴയുടെ ശക്തി കൂടി കൂടി വന്നിട്ടും കാര്യമാക്കാതെ വേഗം വീട്ടിലെത്താൻ ശ്രമിച്ചു . മഴത്തുള്ളികൾ റോഡിലെ ദൃശ്യങ്ങൾ അവ്യക്തമാക്കികൊണ്ടിരുന്നു .വാച്ചിലേക്ക് നോക്കിയപ്പോൾ വണ്ടിയെവിടെയും ഒതുക്കിയിടാനും തോന്നിയില്ല .

                                  പെട്ടെന്നാണ് വെയ്റ്റിംഗ് ഷെഡിൽ കുഞ്ഞിനേയും തോളിലേറ്റി തണുത്ത് വിറച്ച് നിൽക്കുന്ന സന്ധ്യയെ കണ്ടത് .ക്ലാസ്‌മേറ്റും സുഹൃത്തുമായ സന്ധ്യയുടെ ദുരന്ത പൂർണ്ണമായ ജീവിതം അറിയാവുന്നതു കൊണ്ട് തന്നെ അറിയാതെ കാൽ ബ്രേക്കിലമർന്നു.

കുഞ്ഞിന് സുഖമില്ലാതെ ഹോസ്പിറ്റലിൽ പോകാൻ ബസ്സ് കാത്ത് നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ താൻ പോകുന്ന വഴിയ്ക്കാണല്ലോ ഹോസ്പിറ്റൽ അങ്ങോട്ടിറക്കിയേക്കാം എന്ന് പറഞ്ഞു നിർബന്ധപൂർവ്വം ഡോർ തുറന്നു കൊടുത്തു .

          സന്ധ്യ കാറിലേക്ക് കയറിയതും അഭിയുടെ അനിയന്റെ കാർ എതിർദിശയിൽ നിന്നും കടന്നു പോയതും ഒരുമിച്ചായിരുന്നു . ഒന്ന് ഞെട്ടിയെങ്കിലും സന്ധ്യയുടെ നിസഹായത നിറഞ്ഞ മുഖവും പനിച്ച്‌ വിറയ്ക്കുന്ന കുഞ്ഞിന്റെ മുഖവും ഓർത്തു മുന്നോട്ടു തന്നെ പോയി .

                                       ഗേറ്റ് കടന്നപ്പോഴേ കണ്ടു കോപാന്ധയായി നിൽക്കുന്ന അഭിരാമിയെ . എന്ത് പറഞ്ഞിട്ടും അവളെ ശാന്തയാക്കാൻ കഴിഞ്ഞില്ല . മനസ്സിൽ പോലും നിനയ്ക്കാത്ത കാര്യങ്ങൾ ഓരോന്നവൾ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു .

                   ഒടുവിൽ നിയന്ത്രണം വിട്ടു തന്റെ കൈകൾ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു . എന്നത്തേയും പോലെ ഒരു പിണക്കം മാത്രമേ പ്രതീക്ഷിച്ചുള്ളു . ഒരു കൊടുങ്കാറ്റു പോലെ അവൾ അകത്തേക്ക് പോയി . കുഞ്ഞിനേയും തോളിലെടുത്ത് രൂക്ഷമായി ഒന്ന് നോക്കിയിട്ടു ആ മഴയത്തേക്കവൾ ഇറങ്ങി നടന്നു .

എല്ലാത്തിനും മൂക സാക്ഷിയായി നിന്ന 'അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് കേണപേക്ഷിച്ചു .

" മോനെ ... അവളെ തിരിച്ചു വിളിയ്ക്കെടാ ..."

പൊന്നുമോന്റെ കുടുംബം പൊട്ടിത്തകരുന്നത് അമ്മയ്ക്ക് താങ്ങാനായില്ല .
കുഴഞ്ഞു വീണ അമ്മയെ താങ്ങി പിടിച്ച് നടന്നകലുന്ന അഭിരാമിയെയും നോക്കി സ്തബ്ധനായി നിന്ന് പോയി .        

അന്ന് കിടപ്പിലായതാണമ്മ  . ചികിത്സയ്ക്കും മരുന്നിനും ഒന്നും അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ ആയില്ല .. ഇടയ്ക്കിടയ്ക്ക് വിളിച്ച് പറഞ്ഞു കൊണ്ടിരിക്കും

 " മോനെ അവളെ തിരിച്ചു വിളിക്കു മോനെ .... "

ഇക്കാലത്തിനിടയ്ക്കു ഒരു വിളിയെങ്കിലും പ്രതീക്ഷിച്ചു. ഉണ്ടായില്ല .ഇനിയും താഴ്ന്നു കൊടുക്കാൻ മനസ്സ് വഴങ്ങിയതുമില്ല . കുഞ്ഞിനെ കാണാൻ അമ്മയെ പോലെത്തന്നെ വല്ലാതെ ആഗ്രഹമുണ്ട് തനിക്കും .

" മോനേ....."

 അമ്മയുടെ ശബ്ദത്തിൽ എന്തോ അസ്വാഭാവികത തോന്നി .

  " എന്താ ? എന്ത് പറ്റിയമ്മേ ? " വിങ്ങലോടെ അമ്മയെ നോക്കി

 അമ്മയുടെ കണ്ണുകളിലെ യാചന മനസ്സിലായിട്ടെന്ന പോലെ പതിയെ

പറഞ്ഞു .

"  ഞാൻ .... വിളിക്കാം  ..."

അമ്മയുടെ കണ്ണുകൾ ഒന്ന് തിളങ്ങി ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി ഊറിക്കൂടി . പെട്ടെന്ന് ശ്വാസഗതിയിൽ വ്യത്യാസം കണ്ടു .

തന്നെ തനിച്ചാക്കി 'അമ്മ യാത്രയാകുകയാണ് . അമ്മെ .... എന്ന വിളി തൊണ്ടയിൽ കുടുങ്ങി ...

ഇടനെഞ്ചു പൊട്ടിപ്പോകും പോലെ തോന്നി . ശാന്തമായ ആ മുഖത്തേക്ക് മുഖം ചേർത്തു വച്ചു ഉറക്കെ ഉറക്കെ  വിളിച്ചു....നിസ്സഹായനായ ഒരു കൊച്ചു കുട്ടിയെ പോലെ ..

 " അമ്മേ ..... "

മഴയപ്പോഴും ഒരു സംഹാര രുദ്രയെ പോലെ താണ്ഡവമാടി കൊണ്ടിരുന്നു ...