നൊമ്പരക്കിളിയുടെ മൌനം - രണ്ടാം ഭാഗം
എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു മടുപ്പ് തോന്നിപ്പിക്കുന്ന യാന്ത്രികമായ ജീവിതത്തിൽ വല്ലപ്പോഴും ആണ് ഇതുപോലെ ഓരോ ഒത്തുചേരലുകൾ ഉണ്ടാകുക .
അതുകൊണ്ട് തന്നെ അവിടെ നടന്ന കളികളിലൊക്കെ വളരെ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുത്തു . പാസിംഗ് ദി പാർസൽ എന്ന കളിയെത്തിയപ്പോൾ ഞാനും വീണയും അവശേഷിച്ചു . എനിയ്ക്കൊത്തിരി സന്തോഷം തോന്നി . വിജയം എനിയ്ക്കൊരു പ്രശ്നമേ അല്ലായിരുന്നു .അവളോടൊപ്പം അൽപ നിമിഷങ്ങൾ ചിലവിടാൻ കിട്ടിയ സന്തോഷമായിരുന്നു .ഒടുവിൽ പാട്ട് നിന്നപ്പോൾ പാർസൽ രണ്ടുപേരും പിടിച്ചിട്ടുണ്ടായിരുന്നു . എന്ത് വേണം എന്നറിയാതെ നിൽക്കവെ അവൾ തന്നെ പറഞ്ഞു ഇറ്റ്സ് ഓക്കേ പുള്ളിയ്ക്ക് കൊടുത്തേക്കു . ഞാൻ അവളെ ഒന്ന് നോക്കി പക്ഷെ അവൾ തിരികെ നടക്കാൻ തുടങ്ങിയിരുന്നു .ഒരു മര്യാദ എന്ന നിലയ്ക്ക് പേരെങ്കിലും ചോദിയ്ക്കും എന്ന് കരുതി.
എന്താ ഉണ്ണീ വിന്നെർ ആയിട്ടും മുഖത്തൊരു സന്തോഷം ഇല്ലാത്തെ ?
തൊമ്മിയുടെ ചോദ്യത്തിനു ഒരു ചിരി മുഖത്ത് വരുത്തി നിനക്ക് തോന്നുന്നതാ എന്ന് പറഞ്ഞൊഴിഞ്ഞു . ഒന്ന് മിണ്ടാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ കണ്ണുകൾ ചുറ്റും പരതി . അവിടെയെങ്ങും അവളെ കണ്ടില്ല .
ഉണ്ണീ നീ ആരെയാ ഈ നോക്കണേ ? ഒന്നും കഴിക്കണ്ടേ? എനിക്ക് വിശക്കുന്നു..വരൂ .അപ്പു ആണ് അവനു വിശന്നാൽ പിന്നെ അങ്ങനെ ആണ് .നീ പൊയ്ക്കോ ഞാൻ വന്നേക്കാം എന്ന് പറഞ്ഞു അപ്പൂനേ പറഞ്ഞയച്ചു .സ്ത്രീകളുടെ ഇടയിലെങ്ങും വീണയെ കണ്ടില്ല .വല്ലാത്ത നിരാശ തോന്നി .ഇത്രയും അടുത്ത് വന്നിട്ടും ഒന്ന് പരിചയപ്പെടാൻ കഴിഞ്ഞില്ലല്ലോ .
വീണയെ വീണ്ടും പലയിടത്ത് വച്ചും കണ്ടു .എപ്പോഴും ഒരു എകാന്ത പഥികയെ പോലെ ആരോടും മിണ്ടാതെ ഒന്ന് ചിരിക്കുക കൂടി ചെയ്യാതെ .
ഇതെന്തു സ്വഭാവം എന്നോർത്തു . ഒരു വൈകുന്നേരം സീനയെ വഴിയിൽ വച്ച് കണ്ടു . എവിടേയ്ക്ക്കാ ? എന്താ ഒറ്റയ്ക്കു ? തൊമ്മി എവിടെ ?
സീന പറഞ്ഞതൊക്കെ കേട്ടു എങ്കിലും ഞാൻ അപ്പോൾ വീണയെ പറ്റി ചോദിച്ചാലോ എന്ന് ആലോചിക്കുകയായിരുന്നു .അപ്പോഴേക്കും സീനയിൽ നിന്നും ഞാൻ പ്രതീക്ഷിച്ച ചോദ്യം എത്തി .
ഉണ്ണി എവിടെയ്ക്കാ ??
ഞാൻ വെറുതെ നടക്കാനിറങ്ങിയതാ ; അല്ലാ !!!! എവിടെ തന്റെയാ ബെസ്റ്റ് ഫ്രെണ്ട് ? ആ ഗായിക . സീനയുടെ ബെസ്റ്റ് ഫ്രെണ്ട് ആയിട്ടും സീനയുടെ വിപരീത സ്വഭാവം ആണല്ലോ .
എന്തേ ?
ഒന്നുമില്ല ; എപ്പോഴും വല്ലാത്ത ഗൌരവം .കക്ഷി വല്ല്യ ജാഡ ആണെന്ന് തോന്നുന്നു .
ഹെയ്യ് !!!! അവളൊരു പാവമാ ഉണ്ണിക്കു തോന്നിയതാവാം .ഞാൻ ഇവിടേക്കാ ഉണ്ണീ , എങ്കിൽ പിന്നെ കാണാം . സീന ആ ഷോപ്പിലേക്ക് തിരിഞ്ഞു .
പിന്നേയ് !!!
ഞാനൊന്നു തിരിഞ്ഞു നോക്കി .
ഞാൻ പറഞ്ഞേക്കാം അവളോട് അവൾക്കു ഉണ്ണി കൊടുത്ത വിശേഷണം .
അയ്യോ !!! ചതിക്കല്ലേ ,ഞാൻ ഒരു പാവം ; അപ്പോൾ നമ്മൾ തമ്മിൽ ഇന്ന് കണ്ടിട്ടേയില്ല . സീന ചിരിച്ചു കൊണ്ട് പോയി .
അങ്ങനെ ആ വർഷത്തെ വാലൻന്റൈൻസ് ഡേ വരവായി .ഇത്തവണ ഒരു കാർഡ് വാങ്ങി ധൈര്യമായി വീണയ്ക്ക് അങ്ങോടു കൊടുത്താലോ ; വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി നല്ല കാർഡ് സെലക്ഷൻ ഉള്ള ഒരു ഷോപ്പിൽ തന്നെ കയറി . അവിടെ ചെന്ന് നിന്ന് ആകെ കണ്ഫ്യുഷനിൽ ആയി .ഏതു കാർഡ് എടുക്കും . കൊള്ളാം എന്ന് തോന്നിയ ഒരെണ്ണം എടുത്തു അതിലെ വാചകങ്ങൾ വായിച്ചു കൊണ്ട് അങ്ങനെ നിൽക്കുമ്പോൾ പിന്നിൽ നിന്ന് ഒരു ചോദ്യം കേട്ടു.
എന്തേയ് ! പരീക്ഷ വല്ലതും ഉണ്ടോ ?
തിരിഞ്ഞു നോക്കി ഞെട്ടലാണോ ചമ്മലാണോ രണ്ടും കൂടി ആണോ ? തൊട്ടടുത്ത് വീണ . ചിരിയ്ക്കാനും കരയാനും പറ്റാത്ത ഒരു അവസ്ഥ .
ഓ ! കാർഡ് സെലക്ട് ചെയ്യുവാരുന്നോ ? അതിനെന്തിനാ മാഷെ ഇത്രയേറെ ചമ്മുന്നെ ? ആരാണാ സ്പെഷ്യൽ ആള് എന്നൊന്നും ചോദിക്കുന്നില്ല , വെണമെങ്കിൽ ഞാൻ സഹായിക്കാം . പതിവിനു വിപരീതമായുള്ള അവളുടെ പെരുമാറ്റത്തിൽ ഞാൻ സ്തംഭനാവസ്ഥയിൽ ആയി പോയിരുന്നു . ആയിക്കോട്ടെ എന്ന് ഞാൻ തലയനക്കി .ഒരു മരപ്പാവയെ പോലെ അങ്ങനെ ഐസ് ആയി നിന്നപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു . "" എന്റെ കൊച്ചെ ഇത് നിനക്കായി തന്നെ ആണ് എന്ന് നീ അറിയുന്നില്ലല്ലോ """ എന്ന് . ഒരു കാർഡ് സെലക്ട് ചെയ്തു
ദേ! നോക്ക് ;ഇഷ്ട്ടായോ? എന്ന് ചോദിച്ചു കൊണ്ട് എനിക്ക് നേരെ നീട്ടി കൊണ്ട്
അവൾ പറഞ്ഞു
ഉണ്ണി
; അല്ലെ ?
ഇവിടെ ഫസ്റ്റ് യുനൈറ്റടിൽ എഞ്ചിനീയർ
ബാച്ചലർ
ദാ പിടിക്ക് ! അത്രയും പറഞ്ഞു അവൾ കാർഡ് കയ്യിൽ തന്നു . അപ്പൊ ഞാൻ പോകുന്നു .ഉണ്ണീടെ സ്പെഷ്യൽ ആളോട് എന്റെ അന്വേഷണം കൂടി അറിയിക്കാൻ മറക്കണ്ട . ഒന്ന് രണ്ടു ചുവടു മുന്നോട്ടു വെച്ചിട്ട് അവൾ തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് പറഞ്ഞു .
അതേയ് ! ഞാനത്ര ജാഡ പാർട്ടി ഒന്നും അല്ല കേട്ടോ .
ചമ്മൽ മറയ്ക്കാൻ പ്രയാസപ്പെട്ടു കൊണ്ട് ഞാനും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു . അവൾ പോയിക്കഴിഞ്ഞു എന്ന് ഉറപ്പായപ്പോൾ ഞാൻ ആ കാർഡിലേക്ക് നോക്കി .മെല്ലെ അതിലെ വരികൾ വായിച്ചു .
""" പറയാൻ മറന്ന പ്രണയം , കേൾക്കാൻ കൊതിച്ചൊരു വാക്ക് .......
................................................കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ്
....................................................ഒടുവിൽ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മറന്ന ജീവിതം ...................................അതാണ് ......................
പ്രണയം .
മനസ്സിലേക്കൊരു കുളിർ കാറ്റു വീശിയപോലെ . ഇഷ്ട്ടായി പക്ഷെ ഞാനിതെങ്ങനെ തരും നിനക്ക് . അല്ലെങ്കിൽ വേണ്ട ഇത് നീ എനിക്കായി സെലക്ട് ചെയ്തതല്ലേ ;ഒരു നിധി പോലെ ഞാനിതു സൂക്ഷിച്ചു കൊള്ളാം .എന്റെ ദുരഭിമാനബോധം അവിടെയും എനിക്ക് തോൽവിയായി . എങ്കിലും നല്ല സന്തോഷം തോന്നി . ഉറങ്ങാൻ ശ്രമിച്ചപ്പോളൊക്കെ പല ഭാവങ്ങളിലായി അവളുടെ മുഖം തെളിഞ്ഞു വന്നു .കൂടാതെ അവളുടെ സംഭാഷണങ്ങളും .
അങ്ങനെ ആ രാത്രി പകലായി .പിന്നെയും പല പ്രാവശ്യം വീണയെ കണ്ടു
രാവിലെ ജോലിക്ക് പോകാൻ ഉള്ള തിരക്കിലാകും രണ്ടു പേരും .കാണുമ്പോഴൊക്കെ ഒരു പുഞ്ചിരി കൈമാറി .പക്ഷെ മനസ്സിലെ ഇഷ്ട്ടം അവളെ ഒന്നറിയിക്കാൻ മാത്രം പറ്റിയില്ല . നാട്ടിലേക്കു അത്യാവശ്യമായി ചെല്ലണം എന്ന് പറഞ്ഞു ഒരു കാൾ വന്നു .
വീണയെ കണ്ടു ഒന്ന് പറഞ്ഞിട്ട് പോകണം എന്നുണ്ടായിരുന്നു .കാരണം അവളുടെ അഭിപ്രായം അറിഞ്ഞിരുന്നേൽ കാര്യം വീട്ടിൽ അവതരിപ്പിക്കാമല്ലൊ എന്ന് വിചാരിച്ചു . പക്ഷെ എങ്ങനെ ? അത് മാത്രം അറിയില്ല .ആരോടെങ്കിലും പറഞ്ഞാലും വിശ്വസിക്കില്ല .ഇത്രയും നാളുകൾ ആയിട്ടും ഒന്നും തുറന്നു സംസാരിച്ചില്ലെന്നു പറഞ്ഞാലോ ഒരു കോണ്ടാക്റ്റ് നമ്പർ പോലും ഇല്ലെന്നു പറഞ്ഞാലോ ആരാ വിശ്വസിക്കുക . നമ്പർ ചോദിച്ചാൽ എന്ത് ആവശ്യത്തിനു ആണെന്ന് ചോദിച്ചാൽ എന്ത് പറയും എന്ന ഭയം മൂലം അതിനൊന്നും മുതിർന്നില്ല എന്നതാണ് സത്യം . കൂടാതെ അവളുടെ ഭാഗത്ത് നിന്നും ഉള്ള പ്രതികരണങ്ങളിൽ ഒരു അസ്വാഭാവികതയും കാണാനും കഴിയുന്നില്ല . അതുകൊണ്ട് തന്നെ എന്റെ മനസ്സ് തുറന്നു കാട്ടാൻ എനിക്കും കഴിയുന്നില്ല . കിട്ടുന്ന ഉത്തരം പ്രതീക്ഷയ്ക്ക് വിപരീതം ആണെങ്കിൽ അത് താങ്ങാനുള്ള കരുത്തു എന്റെ മനസ്സിന് ഉണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ലാ . ചിന്തകൾ വല്ലാതെ കാട് കയറുന്നു . ഏതായാലും നാട്ടിൽ വരെ പോകുവല്ലേ ചെറിയ രീതിയിൽ ഒരു ഷോപ്പിംഗ് ആകാം എന്ന് കരുതി .അടുത്ത് തന്നെ നല്ല ഷോപ്പുകൾ ഉണ്ട് , അതുകാരണം നടന്നു പോകാമെന്ന് വിചാരിച്ചു ,കുറച്ചു വ്യായാമവും ആകും പാർക്കിങ്ങിനു വേണ്ടി സമയവും വേസ്റ്റ് ആക്കണ്ട .
ആ പാർക്കിന്റെ ഇടയ്ക്കൂടെയുള്ള ഷോർട്ട് കട്ട് കയറിയാൽ എളുപ്പമുണ്ട് .പോകും വഴി എല്ലാ ആൾക്കൂട്ടത്തിലും വീണയെ തിരയുന്നുണ്ടായിരുന്നു .പാർക്കിന്റെ അരികിൽ എത്തിയപ്പോൾ വെറുതെ ഉള്ളിലെക്കൊന്നു നോക്കി .ഒരു ടേബിളിൽ ഒറ്റയ്ക്കിരിക്കുന്ന ആ പെൺകുട്ടി വീണയല്ലേ ?
ഒന്ന് കൂടി നോക്കി അതെ അത് അവൾ തന്നെ . തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ സന്തോഷത്തോടെ അവളുടെ അടുത്തേക്ക് നടന്നു . ഞാൻ അടുത്തെത്തിയിട്ടും അവൾ അറിഞ്ഞില്ല . പതിയെ വിളിച്ചു .
അവൾ ഒരു നടുക്കത്തോടെ നോക്കി .
എന്തെ ഈ ലോകത്തെങ്ങും അല്ലെ ?
ഉണ്ണിയോ ? എന്താ ഇവിടെ ?
അവളുടെ മുഖം അത്ര പ്രസന്നമായി തോന്നിയില്ല .താൻ എന്താ ഇവിടെ ഒറ്റയ്ക്കു ?
ഒറ്റയ്ക്കല്ല കൂടെയുള്ള ഫാമിലിയിലെ വികൃതികളെയും കൊണ്ട് വന്നതാ .
അവർക്കും ഒരു സന്തോഷം ആകും എനിക്കും ഇഷ്ടമാ ഇവിടെ ഇങ്ങനെ ഒറ്റയ്ക്കു ഇരിക്കാൻ .അവൾ എന്തോ മറയ്ക്കാൻ ശ്രമിക്കും പോലെ തോന്നി .എന്തായാലും നാട്ടിൽ പോകുന്ന കാര്യം അവളോട് പറഞ്ഞു . നിർവികാരതയോടെ അവളൊന്നു നോക്കി . ഇടയിൽ മൌനം കനത്തപ്പോൾ വെറുതെ ചോദിച്ചു എന്താ എപ്പോഴും ഇങ്ങനെ ഒറ്റയ്ക്കു കൂട്ടുകാരൊന്നും
ഇല്ലാതെ .അവൾ ഒന്നും പറഞ്ഞില്ല .പക്ഷെ എന്തോ അവളെ അലട്ടുന്നുണ്ടെന്ന് മുഖത്ത് നിന്നും വായിക്കാമാരുന്നു . അവൾ മുഖം കുനിച്ചിരുന്നതെ ഉള്ളു .
തനിക്കീ വിഷാദഭാവം ചേരില്ല കേട്ടോ .ഇയാളുടെ പുഞ്ചിരിക്കുന്ന മുഖം കാണാനാ ഭംഗി .ഒരു ചിരി പ്രതീക്ഷിച്ചു പക്ഷെ അതുണ്ടായില്ല . പകരം ആ കണ്ണുകളിൽ വിഷാദം തളം കെട്ടി നിന്നു . ഇങ്ങനെ ഇരിക്കുന്ന ഈ മൂഡിൽ എങ്ങനെ എന്തെങ്കിലും ഒന്ന് പറയും .എന്റെ കണക്കു കൂട്ടലുകൾ എല്ലാം പിഴയ്ക്കുക ആണല്ലോ എന്റെ കൃഷ്ണാ .അറിയാതെ മനസ്സിൽ പറഞ്ഞു പോയി .
ഓക്കെ ഞാൻ ഒരു ചെറിയ ഷോപ്പിംഗിനിറങ്ങിയതാ .വരുന്നോ ? ഒരു കമ്പനിക്കു . ഇല്ല . ഉണ്ണി പൊക്കോളൂ .കുട്ടികളെ വീട്ടിൽ എത്തിക്കാറായി .
എങ്കിൽ പിന്നെ കാണാം . അവളൊരു ശുഭയാത്ര ആശംസിച്ചു . മുന്നോട്ടു നടക്കവേ അവളുടെ വിഷാദാർദ്രം ആയ മുഖം ആയിരുന്നു മനസ്സ് നിറയെ .ഒന്ന് കൂടി ചോദിച്ചിരുന്നെങ്കിൽ അവൾ പറഞ്ഞേനെ .പോട്ടെ ഇനിയെന്തിനാ പറയുന്നേ . ഞാൻ ഷോപ്പിങ്ങിൽ മുഴുകി . …………………………………………………
( തുടരും)
( തുടരും)