Thursday, October 13, 2016


ആനവാൽ മോതിരം.

എടോ അപ്പുണ്ണി നായരെ ഓർമ്മയുണ്ടോ തനിക്കു ? കുട്ടിക്കാലത്ത്

ഒരു ആനവാലിനു വേണ്ടി ഒരുപാട് നടത്തിപ്പിച്ചിട്ടുണ്ട് താൻ എന്നെ ! ഇപ്പോഴും

വാക്കു പാലിച്ചിട്ടില്ല .

 " അയ്യോ അങ്ങുന്നിനെന്തിനാണാവോ ഈ കിഴവൻ ആനയുടെ വാൽ .? "

   "അപ്പുണ്ണി   നായരേ , ഒരായിരം മോഹങ്ങളെ വീട്ടു പടിക്കൽ എറിഞ്ഞുടച്ചിട്ടാണ് അന്ന് വീട് വിട്ടിറങ്ങിയത് . എന്നെങ്കിലും വിജയിച്ചു തിരിച്ചു വരും എന്ന പ്രതീക്ഷയിൽ . കുട്ടിക്കാലം തൊട്ടേ കാണുന്നതാ മുത്തശ്ശന്റെ വിരലിലെ ആനവാൽ മോതിരം . അത് കണ്ടു കണ്ടു കുട്ടിയായിരുന്ന എന്നിലും അങ്ങനെ ഒരു മോഹം ഉദിച്ചു . ഒന്നും നടന്നില്ല ."

എല്ലാം കേട്ട് സഹതാപത്തോടെ അപ്പുണ്ണി നായരൊന്നു നോക്കി , ഒന്നും ഉരിയാടാതെ അയാൾ തന്റെ ജോലി തുടർന്നു.

എന്താണാവോ അയാളുടെ മനസ്സിൽ .ഒന്നും മനസ്സിലാവാതെ പതിയെ ഉമ്മറത്തെ ചാരു കസേരയിൽ  വന്നിരുന്നു .  പിന്നിലേക്ക് പതിയെ ചായ്ഞ്ഞു കിടക്കവേ മനസും വർഷങ്ങൾക്കു പിന്നിലേക്ക് പോയി .

അന്നാട്ടിലെ പേരുകേട്ട തറവാട്ടിലെ ഏക ആൺ തരിയായി ഒരു രാജകുമാരനെ പോലെ ജീവിച്ചിരുന്ന കാലം . ആജ്ഞാനു വർത്തികളായി ചുറ്റും ധാരാളം പേർ. മാനത്തെ അമ്പിളി അമ്മാവനെ പിടിച്ച് തരാം എന്ന് പറഞ്ഞു മടിയിൽ ഇരുത്തി മുത്തശ്ശി എന്നും ചോറുരുട്ടി വായിൽ വച്ച്‌ തരുമായിരുന്നു .കുറച്ചു കൂടി വളർന്നപ്പോൾ കൂടെ കളിക്കാൻ കൂട്ടുകാർ ഏറെയായി . എല്ലാവരെയും വെല്ലുവിളിച്ച് മുറ്റത്തെ ചക്കര മാവിൽ നിന്നും മാമ്പഴം പറിയ്ക്കാൻ കയറിയതും കൊമ്പ് ഒടിഞ്ഞു താഴേക്കു വീണതും അമ്മയുടെ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ ഓടി പോയി മുത്തശ്ശിയുടെ അടുക്കൽ അഭയം പ്രാപിച്ചതും ഒക്കെ ഓർത്തപ്പോൾ താനേ ചിരിച്ചു പോയി .കുസൃതികൾ കൂടി കൂടി വന്നതേ ഉള്ളു വളരുംതോറും .അച്ഛന്റെ വക തല്ലും ശകാരവും പതിവായി മാറി .കൂട്ടുകെട്ടുകൾ ഒരുപാട് ദുശീലങ്ങൾ സമ്മാനിച്ചു . വല്യച്ഛൻ വലിച്ചെറിഞ്ഞ ബീഡികുറ്റി പിന്നാമ്പുറത്തെ വളക്കുഴിയുടെ പിന്നിൽ പമ്മിയിരുന്നു വലിച്ചത് ചെറിയച്ഛൻ കണ്ടു പിടിച്ചു. അന്ന് ചെറിയച്ഛന്റെ ഊഴമായിരുന്നു .

എല്ലാവരുടെയും പ്രിയങ്കരനായിരുന്നു താൻ പതിയെ പതിയെ എല്ലാവരുടെയും കണ്ണിൽ ചതുർത്ഥിയായി മാറുകയായിരുന്നു .പത്താം തരത്തിലെ പരീക്ഷാ ഫലം വന്നപ്പോളും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല .ആദ്യമായി അന്ന് മുത്തശ്ശിയും തനിക്കെതിരായി .അത്രയൊക്കെ ആയിട്ടും എന്ത് കൊണ്ടോ അമ്പാടിയിലെ ശങ്കരൻ ഉണ്ണിത്താൻ എന്ന താൻ വീണ്ടും വീണ്ടും ചെളിക്കുഴികളിലേക്കു പൊയ്ക്കൊണ്ടിരുന്നു . വാശിയോ പകയോ ഒക്കെ ആയിരുന്നു മനസ്സ് നിറയെ . എല്ലാവരും ശകാരിച്ചതു തന്റെ നന്മയ്ക്കാണെന്നു മനസ്സിലാക്കാൻ അന്ന് മനസ്സൊരുങ്ങിയില്ല . ആരും അറിയാതെ സ്വന്തം പറമ്പിലെ തേങ്ങാ മോഷ്ടിച്ച് വിൽക്കാൻ നടത്തിയ ശ്രമം പാളിപോകുകയും , മുറ്റത്തെ തെങ്ങിൽ കെട്ടിയിട്ടു പൊതിരെ അച്ഛൻ തല്ലിയപ്പോളും ഒരു തുള്ളി കണ്ണീർ പൊടിച്ചില്ല കണ്ണിൽ നിന്നും .

 അച്ഛന്റെ കല്പന ഇപ്പോളും ചെവിയിൽ കേൾക്കാം ,

 " ഒരുതുള്ളി വെള്ളം പോലും ആരും കൊടുത്തു പോകരുത് ഈ നിഷേധിയ്ക്കു ." 

ഇരുൾ പരക്കാൻ തുടങ്ങിയപ്പോളും കെട്ടഴിച്ച് വിട്ടില്ല . അല്പം വെള്ളത്തിനായി നാവു കൊതിച്ചു .വിശപ്പു വേറെയും . ശരിക്കും ക്ഷീണിതൻ ആയിരുന്നു . പിന്നിൽ ഒരു അനക്കം കേട്ട് തിരിഞ്ഞു നോക്കി .പേടിച്ചരണ്ട മുഖവുമായി ഒരു മൊന്തയിൽ വെള്ളവും പിടിച്ചു സുജാത .അടിച്ചു തളിക്കാരി കാർത്ത്യായനി അമ്മയുടെ മകൾ . വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നുവെങ്കിലും അഭിമാനം അവൾക്കു മുന്നിൽ അടിയറവു വയ്ക്കാൻ മനസ്സ് വന്നില്ല . വല്ലാത്ത അരിശത്തോടെ മൊന്ത തട്ടിക്കളഞ്ഞു കൊണ്ട് അവളോട് അമർത്തിയ സ്വരത്തിൽ ആക്രോശിച്ചു

"പെറ്റമ്മയ്ക്കില്ലാത്ത ദാക്ഷിണ്യം എന്നോട് കാണിക്കാൻ നീ എന്റെ ആരാ ?"

അവൾ ഭയത്തോടെ ചുറ്റും നോക്കി . പിന്നീട് ഇരുട്ടിലേക്ക് ഓടി മറഞ്ഞു  .

വീട് തന്നെ സംബന്ധിച്ച് ഉറങ്ങാനുള്ള ഒരു താവളം ആയി മാറുകയാരുന്നു .

ശകാരങ്ങൾക്കു മാത്രം ഒരു കുറവും ഉണ്ടായില്ല .

അച്ഛന്റെ വാക്കുകൾ ഇടയ്ക്കിടെ കേൾക്കാം ,

" നിഷേധി ! എന്ത് കേട്ടാലെന്താ ഒരു കൂസലുണ്ടോന്ന് നോക്ക്  "

മുത്തശ്ശി ഒരു ദിവസം പറയുന്നത് കേട്ടു ,

" എന്താണാവോ ഈ കുട്ടിയ്ക്ക് പറ്റീത് ? എപ്പോഴും  മുഖത്ത് പകയുടെ കനലുകൾ തന്നെ , ആരോടാണാവോ ഈ കുട്ടിയ്ക്ക് ഇത്രയ്ക്കു ദേഷ്യം ."

ആ വാക്കുകൾ മനസ്സിൽ ഒന്ന് തട്ടിയോ ? അമ്പലത്തിലേക്കുള്ള വഴിയിൽ ഉള്ള ആൽത്തറയിൽ കണ്ണടച്ച് കിടന്നു മുത്തശ്ശിയുടെ വാക്കുകൾ ഓർത്തു കൊണ്ട് .

" ഉണ്ണ്യേട്ടാ !!

പെട്ടെന്ന് കണ്ണുകൾ തുറന്നു . മുന്നിൽ സുജാത , അമ്പലത്തിൽ നിന്ന് മടങ്ങുന്ന വഴിയാകും .പേടിച്ച് നിൽക്കുന്ന അവളോട് എപ്പോഴത്തെയും പോലെ ദേഷ്യം ഒന്നും തോന്നീല . എഴുന്നേറ്റിരുന്നിട്ടു അവളുടെ മുഖത്തേക്കൊന്നു നോക്കി . എന്തോ പറയാനായി ഭയത്തോടെ നിൽക്കുന്ന

അവളെ നോക്കി ചോദ്യ ഭാവത്തിൽ .

   അവളുടെ ഭയം അവളെ കൊണ്ട് ഒന്നും പറയാൻ അനുവദിക്കില്ലെന്ന് മനസ്സിലായി . വെറുതെ ചോദിച്ചു ,

" എന്ത്യേ ? ആർക്കും തോന്നാത്ത ഒരു കാരുണ്യം ."

"  പൊയ്ക്കൊള്ളൂ " . ഒന്നും മിണ്ടാതെ അവൾ നോക്കി നിന്നതേ ഉള്ളു .

"എനിക്കാരുടെയും സഹതാപം ആവശ്യമില്ല്യ "

" എനിക്കാരോടും സഹതാപം ഒന്നൂല്ല " അവൾ പതിയെ പറഞ്ഞു .

"പിന്നെ ? " തെല്ല് ആശ്ചര്യത്തോടെ ഞാൻ അവളെ നോക്കി

"അറിയില്ല " അതും പറഞ്ഞു മെല്ലെ പുഞ്ചിരിയോടെ അവൾ ഓടി പോയി .

അത് തനിക്കൊരു പുതിയ അനുഭവം ആയിരുന്നു .ചുട്ടു പഴുത്ത കനലിലേക്ക് ഒരിറ്റു വെള്ളം വീണ പോലെ ,മനസ്സിനൊരു സുഖം അനുഭവപ്പെട്ടു .

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു . അമ്മയെ തേടി സുജാത വീട്ടിൽ വരുന്നത് കാണാറുണ്ട് . ആരും കാണാതെ അവളുടെ കണ്ണുകൾ തന്നെ തിരയുന്നത് കാണുമ്പോൾ മനസ്സിൽ എവിടെയോ ഒരു പുതിയ അനുഭൂതി ഉറവെടുക്കുക ആയിരുന്നു താൻ പോലും അറിയാതെ .ആരോടും ഒന്ന് ചിരിക്കാൻ മിനക്കെടാത്ത താൻ ആദ്യമായി അവളെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി . ദിവസങ്ങൾ പോകവേ സുജാതയും ആയി കൂടുതൽ അടുത്തു. എല്ലാവരിൽ നിന്നും നഷ്ടപെട്ട സ്നേഹം അവളിലൂടെ തിരിച്ചു കിട്ടുകയായിരുന്നു . വസന്തങ്ങളും ഗ്രീഷ്മങ്ങളും കടന്നു പോയപ്പോൾ എല്ലാ അതിർവരമ്പുകളും ലംഘിച്ച് കൊണ്ട് ഞങ്ങളുടെ പ്രണയവും പൂത്തുലഞ്ഞു . ഒടുവിൽ ആ അരമന രഹസ്യം അങ്ങാടി പാട്ടായി . തറവാട്ടിലും വാർത്ത എത്തി .

അച്ഛന്റെ അലർച്ച എനിക്ക് കേൾക്കാമായിരുന്നു .

" തറവാടിന്റെ മാനം കളയാൻ ഉണ്ടായ നശിക്കപ്പെട്ട സന്തതി ."

തറവാട്ടിൽ എല്ലാവരും എതിർത്തു .

" ഇന്നത്തോടെ ഈ ബന്ധം അവസാനിപ്പിച്ചേക്കണം ." കല്പനയും വന്നു .

ഒരു പാവം പെൺകുട്ടിയെ ചതിക്കുവാൻ പക്ഷെ എന്റെ മനസ്സനുവദിച്ചില്ല . അത്രമാത്രം താൻ അവളെ സ്നേഹിച്ചിരുന്നു .അത്രയ്ക്കും അവൾ തന്റെ ആത്മാവിന്റെ ഭാഗമായി തീർന്നിരുന്നു .സുജാതയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് തീരുമാനത്തിൽ ഉറച്ച് നിന്നു അച്ഛനും മറ്റുള്ളവരും .എല്ലാവരെയും ധിക്കരിച്ച് കൊണ്ട് ഒടുവിൽ വീടിന്റെ പടിയിറങ്ങിയപ്പോൾ മുത്തശ്ശി പോലും ശപിച്ചു .എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് അന്ന് സുജാതയേയും കൂട്ടി നാടും വീടും വിട്ടിറങ്ങി തിരിക്കുമ്പോൾ എന്നെങ്കിലും ഒരിക്കൽ വിജയശ്രീലാളിതനായി തിരിച്ചു വരണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു .

എനിക്കവളും അവൾക്കു ഞാനും മാത്രമായി ഒതുങ്ങി ഞങ്ങളുടെ ലോകം .ദിവസങ്ങൾ പറന്നു പൊയ്ക്കൊണ്ടിരുന്നു .ഞങ്ങൾ ഒരുമിച്ചിരുന്നു ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി .സ്വന്തമായി ഒരു കൊച്ചു കൂര . പുര നിറയെ ഓടിക്കളിക്കുവാൻ ഞങ്ങളുടെ കുട്ടികൾ . തുലാ വർഷം പലതവണ വന്നു പോയി .പക്ഷെ ഞങ്ങളുടെ മോഹങ്ങളൊന്നും പൂവണിഞ്ഞില്ല . ഒരിക്കൽ വേദനയോടെ ഞാൻ ആ സത്യം അറിഞ്ഞു .എന്റെ സുജാതയ്ക്കൊരിക്കലും ഒരമ്മയാകാൻ കഴിയില്ലെന്ന് ; ഒരുപക്ഷെ മുത്തശ്ശിയുടെ ശാപം അല്ലെങ്കിൽ അമ്മയുടെ ,അച്ഛന്റെ എന്തിനു ഏറെ അനുഗ്രഹിച്ച മനസ്സുകൾ കാണില്ലല്ലോ .യാഥാർഥ്യത്തോട് പൊരുത്തപ്പെടുവാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടേ ഇരുന്നു . പക്ഷെ പതിയെ ജീവിതം കൈവിട്ടു പോവുകയായിരുന്നു .മനസ്സിനേറ്റ ആഘാതം മൂലം സുജാതയുടെ പഴയ പ്രസാദവും ചൊടിയും ചുണയും എല്ലാം മങ്ങിക്കൊണ്ടിരുന്നു .

വടക്കു ഉത്സവത്തിന് പോയി വന്നവരാരോ പറഞ്ഞറിഞ്ഞു മുത്തശ്ശിയും മുത്തശ്ശിക്ക് പിന്നാലെ അച്ഛനും കടന്നു പോയെന്നു . മനസ്സ് നീറിപുകഞ്ഞു . അവസാനമായി ആ കാലിൽ വീണൊന്നു മാപ്പു ചോദിയ്ക്കുവാൻ പോലും കഴിഞ്ഞില്ല .

                   തുലാമഴ ഇടിവെട്ടി പെയ്യുന്ന ഒരു രാത്രിയിൽ തന്നെയും തന്റെ സ്വപ്നങ്ങളെയും തനിച്ചാക്കിയിട്ടു സുജാതയും പോയി എന്നെന്നേക്കുമായി .മരവിച്ച് പോയ മനസ്സിലെ തേങ്ങലുകൾ കേൾക്കുവാനോ ആശ്വസിപ്പിക്കുവാനോ ആരും ഉണ്ടായിരുന്നില്ല .ജീവിതത്തിൽ ഏകനായി തീർന്നു . ജീവിതം ആകുന്ന അങ്കത്തിൽ പടവെട്ടി തോറ്റുപോയ തേരാളി ,അതായി ഒടുവിൽ ശങ്കരൻ ഉണ്ണിത്താൻ ,അമ്പാടിയിലെ ശങ്കരൻ ഉണ്ണിത്താൻ .

                സ്വപ്നങ്ങളും മോഹങ്ങളും ഇല്ലാതെ മരവിച്ച് പോയ മനസ്സുമായി കഴിഞ്ഞ ഇരുപതു വർഷമായി കാത്തിരിക്കയാണ് .കൂട്ടിക്കൊണ്ടു പോകുവാനായി അവൾ വരുന്നതും കാത്ത് , എന്റെ സുജാത . വർഷങ്ങൾക്കു ശേഷം ഇന്ന് അപ്പുണ്ണി നായരെ കണ്ടപ്പോൾ ആണ് മനസ്സൊന്നുണർന്നതു .അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് ആനയെയും കൊണ്ട് വന്നതാണ് അപ്പുണ്ണി നായർ .ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു പഴയ കാര്യങ്ങൾ ഒക്കെ അയവിറക്കി .നഷ്ടപ്പെട്ട ബാല്യവും നശിപ്പിച്ച് കളഞ്ഞ കൗമാരവും യവ്വനവും എല്ലാം എല്ലാം .അപ്പുണ്ണി നായർ എത്താൻ വൈകും . അൽപ നേരം ഒന്ന് മയങ്ങാം .

                                      ഉത്സവം കഴിഞ്ഞു അപ്പുണ്ണി നായരും ആനയും എത്തി .

" ശങ്കരേട്ടാ ...ഇതാ നോക്കൂ എന്താണിതെന്നു . ശങ്കരേട്ടന്റെ സ്വപ്നമായ ആനവാൽ .ഇനി പരാതി പറയരുത് മേലിൽ ,അപ്പുണ്ണി നായരേ താൻ എന്റെ ആഗ്രഹം സാധിച്ചു തന്നില്ലല്ലോടോ എന്ന് . "

 

"ശങ്കരേട്ടാ... ശങ്കരേട്ടാ ."...ആനവാൽ കൊടുക്കാൻ എടുത്ത് പിടിച്ച കൈകൾ തണുത്ത് വിറങ്ങലിച്ചിരുന്നു . " ശങ്കരേട്ടാ ... ഇടനെഞ്ചിലെ ഗദ്ഗദം ഇടർച്ചയോടെ പുറത്ത് വന്നു പോയി .

പലവുരു വിളിച്ചിട്ടും ശങ്കരേട്ടൻ കണ്ണ് തുറന്നില്ല .വിളിച്ചാൽ കേൾക്കുന്ന ദൂരത്തിനപ്പുറത്തേക്കു ,തന്റെ സുജാതയുടെ അടുത്തേക്ക് അയാൾ പോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും .സ്വപ്നങ്ങളും മോഹങ്ങളും ബാക്കിയാക്കി .ജീവിതത്തിൽ ആദ്യമായി താൻ ജയിച്ചു എന്ന ഭാവം ആയിരുന്നു ആ മുഖത്ത് .

12 comments:

  1. ഒന്നും നേടാതെ ശങ്കരൻ ഉണ്ണിത്താൻ എന്ന ശങ്കരേട്ടൻ... ചില ജന്മങ്ങൾ അങ്ങനെയാണ്... ഒഴുക്കിനെതിരെ നീന്തി പരാജയമടയുന്നവർ...

    ReplyDelete
    Replies
    1. നന്ദി വിനുവേട്ടാ . നോവൽ വായ്ക്കുന്നുണ്ടു. സമയക്കുറവു മൂലം ആണു കമന്റ്സ്‌ ഇടാത്തതു . വീണ്ടും നന്ദി അറിയിക്കുന്നു .

      Delete
  2. നന്നായിരിക്കുന്നു.......

    ReplyDelete
  3. പ്രോത്സാഹനത്തിനു നന്ദി. വീണ്ടും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

    ReplyDelete
  4. കൊള്ളാം നന്നായിരിക്കുന്നു. കഥയുടെ ആശയം വായനക്കാരിലേക്ക് എത്തുന്നുന്നുണ്ട്. ആശംസകൾ..



    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു വളരെ നന്ദി . വീണ്ടും സന്ദർശനം പ്രതീക്ഷിക്കുന്നു.

      Delete
  5. മോശമായില്ല, ഇനിയുമെഴുതുക...

    ReplyDelete
    Replies
    1. നന്ദി ശ്രീ .ഈ വർഷം നല്ല തിരക്കായി പോയി . ഒരുപാടുകാലത്തിനു ശേഷം ആണ് ബ്ലോഗിൽ വരുന്നത് തന്നെ . വളരെ നന്ദി .

      Delete
  6. ടീച്ചറേ,വായിക്കാൻ വൈകി.

    പതിവ്‌ രീതികൾ വിട്ട കഥയാണല്ലോ.നല്ല ഇഷ്ടമായി.ഇത്ര വലിയ തറവാട്ടിൽപ്പിറന്നയാൾ ഇത്ര പരാജയമാകുവോ????

    ReplyDelete
    Replies
    1. നന്ദി സുധീ . അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി . വീണ്ടും വരുമെന്ന പ്രതീക്ഷയിൽ .

      Delete
  7. അങ്ങനെ എത്ര എത്ര ഉണ്ണിത്താന്‍മാര്‍... ഉണ്ണിത്താന്റെ ജീവിതം എഴുതി ഫലിപ്പിച്ചു... പുതിയ ആശയങ്ങളുമായി എഴുത്ത് തുടരുക. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സുധീർദാസ് . വളരെയധികം സന്തോഷമുണ്ട് .പ്രോത്സാഹനത്തിനു വളരെ നന്ദി . വീണ്ടും വരുമല്ലോ !!!!

      Delete