Friday, August 19, 2016



      
മറഞ്ഞു പോയീ ആ മന്ദഹാസം ... PART 2

എന്റെ ആദ്യ പോസ്റ്റ് ആയ മറഞ്ഞു പോയീ ആ മന്ദഹാസത്തിന്റെ തുടർച്ചയായി അല്പം കാര്യങ്ങൾ കൂടി പറഞ്ഞു കൊള്ളട്ടെ . അമ്മച്ചിയില്ലാത്ത ഞങ്ങളുടെ ആദ്യത്തെ വെക്കേഷനെ പറ്റി .
ഓരോന്നും നമ്മുടെ ജീവിതത്തിൽ എത്ര വലുതാണെന്നറിയണമെങ്കിൽ
നഷ്ടപ്പെടീലിന്റെ നൊമ്പരം അനുഭവിച്ചു തന്നെ അറിയണം .
മുൻപ് ഞാൻ പറഞ്ഞപോലെ തന്നെ ഇത്തവണ ഞങ്ങളുടെ വരവും കാത്തിരിക്കാൻ പൂമുഖത്തെ കസേരയിൽ അമ്മച്ചി ഇല്ലായിരുന്നു .അനാഥത്വം വഹിച്ചു നിൽക്കുന്ന വീട് .

'' എന്റെ മക്കൾ എന്തിയെ ? അമ്മച്ചി നോക്കട്ടെ വലുതായോ എന്ന് "

വിശക്കുന്നമ്മച്ചീ എന്ന് പറയുമ്പോൾ  " ഓരോരുത്തർക്കും ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട് .മിനിയെ ... കുഞ്ഞുങ്ങൾക്ക് ചായ കൊടുക്കടീ "  " അമ്മച്ചീ കൊച്ചുമക്കളെ മാത്രം കണ്ടാൽ മതിയോ ? അപ്പൊ എന്നെ കാണണ്ട അല്ലെ ? "

" അയ്യോ പിന്നെ വേണ്ടായോ നീ എന്റെ പുന്നാര മരുമകളല്ലേ ?"

എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു മാറോടു ചേർക്കാൻ .

" എന്റെ മോനെന്തിയെ ? ഞാനൊന്നു ശരിക്കു കണ്ടില്ലല്ലോ "

പതിവ് പോലുള്ള ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നു . അത് പറയാൻ  അമ്മച്ചി അവിടെ ഇല്ലായിരുന്നു . തീർത്തും ശാന്തമായ അന്തരീക്ഷം .വല്ലാതെ വീർപ്പുമുട്ടിക്കുന്ന ഏകാന്തത .
                                ഗൾഫുകാരെ                          ഗൾഫുകാരെ മറ്റൊരു കണ്ണ് കൊണ്ട്  കാണുന്ന സമൂഹം .തീർത്തും ഒറ്റപ്പെട്ടു പോകും പോലെ തോന്നി . പിരിവിനു വരുന്നവരുടെ എണ്ണത്തിന് മാത്രം യാതൊരു വ്യത്യാസവും ഇല്ല . ഓർക്കുമ്പോൾ അത്ഭുതം തോന്നുകയാണ് .മുറ്റത്തും പറമ്പിലും നിറയെ പുല്ലും പോച്ചയും വളർന്നു കാട് കയറുകയാണ് . ജോലി ചെയ്യാൻ ആളെ കിട്ടാനുള്ള പ്രയാസം വേറെ .കൂലി കേട്ടാലോ നമ്മളൊക്കെ വിഡ്ഢികളാണോ എന്ന് തോന്നി പോകുന്നു .പിരിവിനു വരുന്നവരിൽ മിക്കതിനും മേലനങ്ങിയാൽ വിയർപ്പിന്റെ അസുഖം . വെറുതെ കാശു കിട്ടിയാൽ വളരെ സന്തോഷം .ഒട്ടുമിക്ക എണ്ണവും കാശു കിട്ടിയാൽ ഉടൻ നേരെ കള്ളുഷാപ്പ് ലക്‌ഷ്യം ആക്കി വിടുന്നത് കാണാം .ഗൾഫിൽ ഈ പൊരിയുന്ന , കരിയുന്ന വെയിലത്തും കോച്ചുന്ന തണുപ്പത്തും ഒക്കെ പ്രവാസികൾ സുഖിക്കുകയാണെന്നും പണം ഇഷ്ടം പോലെ വെറുതെ കിട്ടുന്നുണ്ടെന്നും ധരിച്ച് വച്ചിരിക്കുന്ന പോലെ . ക്ഷമിക്കണം മനസിലെ രോഷം എവിടെയെങ്കിലും ഒന്ന് പറഞ്ഞു തീർക്കണ്ടേ ? നിസ്സഹായ അവസ്ഥ ഓർത്തു പറഞ്ഞു പോയതാ .തൽക്കാലം അതിലേക്കു ഞാൻ കടക്കുന്നില്ല .

August 7 /2016

തിരിച്ചു പോകാൻ ഒരു ദിവസം കൂടി മാത്രം . എല്ലാ പ്രാവശ്യവും വന്നു പോകും പോലെ പറ്റില്ലല്ലോ ഇപ്പ്രാവശ്യം .ഒരുപാട് ഉത്തര  വാദിത്ത്വങ്ങൾ ഉണ്ടായിരുന്നു . അതിന്റെ കൂടെ ലീവ് ഇല്ലാത്തതു കൊണ്ട് അദ്ദേഹം നേരത്തെ പോയിരുന്നു .ഞാനും പറക്കമുറ്റാത്ത എന്റെ മക്കളും മാത്രം . മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ . ആകുലതപ്പെടുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ . ഓരോ മുറിയിലും ഞാൻ കയറി ഇറങ്ങി . പൂമുഖത്തെ തൂണുകളുടെ അരികിൽ ചെന്ന് അതിനെ തഴുകി തലോടി . " ഞങ്ങളെ തനിച്ചാക്കി വീണ്ടും പോകുകയാണ് . അല്ലെ ? " ആ തൂണുകൾ എന്നോട് ചോദിയ്ക്കുന്ന പോലെ എനിക്ക് തോന്നി . ഇനിയും ഒരു വെക്കേഷന് വരണോ എന്ന് തോന്നുമാറ് മനസ്സ് നൊന്തു . ഈ ഒരു രാത്രി വിടവാങ്ങി അടുത്ത പകൽ അവസാനിക്കുമ്പോൾ വീണ്ടും ഇവയെല്ലാം അനാഥത്തിലേക്കു വിട്ടിട്ടു ഞങ്ങൾ യാത്ര പറയും ... വാക്കുകൾക്കതീതമായ വേദന ഇതാ ഇവിടെ . ഇത് മനസ് കാണിക്കാൻ മാത്രം ഉദ്ദേശിച്ചെടുത്തതാ . അൽപ സമയം ചിലവാക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറഞ്ഞതിലൊക്കെ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് . " കണ്ണുള്ളപ്പോൾ ആരും അതിന്റെ വില അറിയുന്നില്ല " എന്ന സത്യം അനുസ്മരിപ്പിച്ച് കൊണ്ട് നിർത്തുന്നു .അമ്മച്ചിയുടെ ഓർമയിൽ ഈ വീഡിയോ സമർപ്പിക്കുന്നു .

 

 

Saturday, August 13, 2016





വാടക വീടൊഴിഞ്ഞു ഞാൻ എന്റെ ...............

ലോകമാകുന്ന തറവാട്ടിലെ വാടകക്കാരായ നമ്മൾ എല്ലാവരും ഇന്നല്ലെങ്കിൽ

നാളെ ഈ വീടൊഴിഞ്ഞു കൊടുക്കേണ്ടി വരും .തുടക്കം ഞാൻ അങ്ങനെ എഴുതിയെങ്കിലും പറയാനുള്ളത് അതിനു വിപരീതമായ ചില കാര്യങ്ങൾ ആണ് . വായനക്കാർക്കു ചിലപ്പോൾ തോന്നാം എന്താപ്പോ ഇതിലിത്ര എന്ന് .ശരിയാ എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടാകുമോ ? ചിലപ്പോൾ ഉണ്ടാകാം ; ചിലപ്പോൾ ഇല്ലായിരിക്കാം .

എന്ത് തന്നെ ആയാലും ഇതെഴുതുമ്പോൾ എന്റെ ഹൃദയത്തിൽ ഒരായിരം കഠാര മുള്ളുകൾ കുത്തിയിറങ്ങുന്ന വേദനയുണ്ട് . എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാത്തതു കൊണ്ട് അല്പം പിറകിലേക്ക് പോകുകയാണ്

                                      രണ്ടാം ക്ലാസ്സിൽ പഠിക്കാനാണ് ഞാൻ ആ നാട്ടിലേക്കു ആദ്യമായി എത്തുന്നത് . സാധാരണയിലും സാധാരണക്കാരായ കുറെ പാവം മനുഷ്യർ ജീവിച്ചിരുന്ന ഒരു കൊച്ചു കുഗ്രാമം .എല്ലാം എനിയ്ക്കു കൗതുകങ്ങൾ ആയിരുന്നു . ഓരോന്നും കണ്ടും കേട്ടും ഞാൻ വളർന്നു . ഞാൻ ആ നാടിനെ സ്നേഹിച്ച പോലെ ആ നാടും നാട്ടുകാരും എന്നെ സ്നേഹിച്ചു . വളർന്നപ്പോൾ ആ നാട്ടിൽ തന്നെ ( അല്പം ദൂരമുണ്ട് ) എന്നെ വിവാഹം ചെയ്തു അയയ്ക്കുകയും ചെയ്തു .എനിക്ക് വലിയ സന്തോഷമായിരുന്നു കാരണം എനിയ്ക്കു എന്റെ നാടും നാട്ടുകാരും ഒന്നും നഷ്ടമാകില്ലല്ലോ എന്നോർത്തിട്ടു .വർഷങ്ങൾ കടന്നു പോയി . ഞാൻ ഉൾപ്പെടെ എല്ലാവരും വിദേശത്തായി .എങ്കിലും എപ്പോൾ നാട്ടിൽ വന്നാലും എല്ലാവരും ഉറങ്ങാൻ പോകുമ്പോൾ ഞാൻ വേഗം കുളിച്ച് റെഡി ആയി വീട്ടിലേക്കു പോകും . അവിടെ ചെന്ന് മമ്മി ഇട്ടു തരുന്ന ഒരു ചായയും എടുത്ത് അടുക്കളയിൽ ഇട്ടിരിക്കുന്ന അരിപ്പെട്ടിയുടെ മുകളിൽ കയറി ചാരി ഇരുന്നു അത് കുടിക്കുമ്പോൾ എത്ര ആശ്വാസമായിരുന്നെന്നോ . അവിടെ ആകെ ഓടി നടന്നു ഞാൻ എത്തി എന്ന് ഓരോ മൺതരികളോടും അറിയിക്കും . അവയുടെ ഒക്കെ സന്തോഷം എനിക്ക് കാണാമായിരുന്നു .

കാലം കടന്നു പോയപ്പോൾ എല്ലായിടവും പുതിയ സ്റ്റൈലിലുള്ള വീടുകളായി. ഞങ്ങളുടെ വീട്ടിൽ അത് നടപ്പാക്കണമെങ്കിൽ ഇപ്പൊ ഉള്ള വീട് ഇടിച്ച് കളയണം ആയിരുന്നു . അങ്ങനെ കുറെ ദൂരേക്ക് മാറി പുതിയ വീട് വെച്ച് താമസവും ആരംഭിച്ചു .അപ്പോഴാണ് ഒഴിഞ്ഞു കിടന്ന വീട് വാടകയ്ക്ക് ചോദിച്ചു ആളുകൾ എത്താൻ തുടങ്ങിയത് . അങ്ങനെ ഒടുവിൽ കൊള്ളാം എന്ന് തോന്നിയ ഒരു കൂട്ടർക്കു വീട് കൊടുക്കാൻ തീരുമാനമായി . അന്ന് പാലുകാച്ചൽ നടത്തി വീട് മാറിയ ദിവസം എന്റെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു .എന്തിനെന്നു ഞാൻ ഒരുപാട് ആലോചിച്ചപ്പോഴാ മനസ്സിലാകുന്നത് എന്റെ വീടിനെ ഞാൻ എത്രയധികം സ്നേഹിച്ചിരുന്നെന്നു ,എന്റെ മാതാപിതാക്കളെ ഞാൻ സ്നേഹിച്ച പോലെ തന്നെ ആ വീടും പരിസരവും എല്ലാം എല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു .ഞാൻ കളിച്ചു വളർന്ന വീട് , വീട്ടുമുറ്റം , പറമ്പ് അങ്ങനെ ഓരോ മണൽത്തരിക്കും

ഞാൻ സുപരിചിതയായിരുന്നു .എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേക്കുള്ള യാത്ര ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു . സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിൽ ബസ് സ്റ്റോപ്പിൽ നിന്നും കൂട്ടുകാരുമൊത്ത് കഥ പറഞ്ഞു നടന്നിരുന്ന പാതയോരങ്ങൾ , കൗമാര സ്വപ്നങ്ങൾക്ക് ചിറകു മുളച്ചതിനും സ്വപ്‌നങ്ങൾ വിവിധ വർണ്ണങ്ങളോടെ പീലി വിടർത്തിയാടിയതിനും എല്ലാം സാക്ഷ്യം വഹിച്ച വഴിയോരങ്ങൾ. ടെൻഷൻ ഇല്ലാതെ ഉല്ലസിച്ചു നടന്നിരുന്ന ആ കാലഘട്ടത്തിലെ മധുരസ്മരണകൾ ആകാം ഒരുപക്ഷെ വീണ്ടും അവിടെയെത്തുമ്പോൾ എനിക്ക് കൂടുതൽ ഊർജം നൽകിയിരുന്നത് . എനിക്കീ വഴികളെല്ലാം ഇനി നഷ്ടമാകുകയാണല്ലോ എന്ന ഓർമ്മ എന്നിൽ നീറി പുകഞ്ഞു കൊണ്ടേയിരുന്നു . അപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പും കടിച്ചു എന്ന് പറഞ്ഞപോലെ വാടകക്കാരുടെ രംഗപ്രവേശം .                                       വാടകക്കാർ വരുന്നതിന്റെ തൊട്ടു മുന്നത്തെ ദിവസം വീട്ടിൽ നിന്നും എന്തൊക്കെയോ കൂടി എടുക്കാനുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ അവിടെ പോയി . ഞാൻ വീട്ടിലേക്കു കടന്നില്ല .എന്റെ നെഞ്ചു പൊട്ടുകയായിരുന്നു .ഞാൻ ഓടി ടെറസ്സിലേക്കു പോയി . കുറെയേറെ വർഷങ്ങൾ പിറകിലേക്ക് മനസ്സ് പോയി . കണ്ണുനീർ മൂടിയ കണ്ണുകൾ കൊണ്ട് ഞാനാ കാഴ്ചകൾ ഒക്കെ കണ്ടു .ഞാനും എന്റെ അനിയനും സമപ്രായക്കാരായ എല്ലാവരും കൂടി കളിച്ചതും ചിരിച്ചതും തമാശകൾ  ഒപ്പിച്ചതും വഴക്കു കൂടിയതും വൈകുന്നേരങ്ങളിൽ ഇളം കാറ്റ് ഏറ്റു വെറുതെ  ഓരോന്ന് പറഞ്ഞു ഇരിക്കാറുള്ളതും എല്ലാം കുറച്ച് നേരം കൊണ്ട് ഒരു സിനിമയുടെ ഫ്‌ളാഷ് ബാക് പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി .

ആരും അടുത്തെങ്ങും ഇല്ലാതിരുന്നതിനാൽ ഞാൻ ഉറക്കെ കരഞ്ഞു .അമ്മെ എന്തിനാ 'അമ്മ കരയുന്നെ ?  എന്ന എന്റെ മോളുടെ ചോദ്യം കേട്ടപ്പോഴാ പരിസരബോധം ഉണ്ടായത് തന്നെ . വീടിനോടു വിട പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി . വീണ്ടും രണ്ടു ദിവസത്തിനു ശേഷം എനിക്കവിടെ പോകേണ്ടി വന്നു . കൂടെ എന്റെ സഹോദരനും ഉണ്ടായിരുന്നു. ഗേറ്റിന്റെ അവിടെ വച്ചെ കണ്ടു മുറ്റത്ത് മറ്റുള്ളവരുടെ കാറ് കിടക്കുന്നതു .മനസ്സൊട്ടും വഴങ്ങാഞ്ഞിട്ടും യാന്ത്രികമായി ഞാൻ നീങ്ങി . മുൻവശത്തെ വാതിലിൽ കൂടി അകത്തേക്ക് നോക്കിയ എന്റെ മനസ്സ് തകർന്നു .ഇന്നലെ വരെ എന്റെ വീടെന്നു പറയാമായിരുന്നിടത്ത് വീടിന്റെ ഉള്ളിൽ യാതൊരു പരിചയവും ഇല്ലാത്ത കുട്ടികളും മുതിർന്നവരും .മുറ്റത്തും പറമ്പിലും ഒക്കെ പരിചയമില്ലാത്ത മുഖങ്ങൾ . സഹോദരൻ അവർക്കു ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ ഒന്ന് ചിരിക്കാൻ കൂടി ആകാതെ നിറഞ്ഞു വരുന്ന കണ്ണുകൾ കവിഞ്ഞൊഴുകാതെ ഇരിക്കാൻ പാഴ്‌ശ്രമം നടത്തുക ആയിരുന്നു ഞാൻ . എന്റെ സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞു നിന്നിരുന്ന എന്റെ ബെഡ് റൂം എന്റെ നെടുവീർപ്പുകളും നിശ്വാസങ്ങളും തട്ടിയ ഭിത്തികൾ ഡൈനിങ് ടേബിളിൽ നിന്നും ചോറും എടുത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് കഴിക്കാനായി വന്നിരിക്കാറുള്ള പിന്നാമ്പുറം ( വർക്കേരിയ ) .മമ്മിയുടെ നാലുമണി സ്പെഷ്യലായ ഉഴുന്ന് വടയോ ഏത്തക്ക അപ്പമോ കഴിച്ച് കൊണ്ട് ചായയും കുടിച്ച്‌ തമാശകൾ പറഞ്ഞിരുന്നിരുന്ന പടികൾ എല്ലാം ഇനിയും എനിക്കന്യം .പെട്ടെന്ന് തന്നെ ഞാൻ അവിടെ ആരുമല്ലാതായി . നിറഞ്ഞ കണ്ണുകളോടെ വിങ്ങുന്ന ഹൃദയത്തോടെ പടിയിറങ്ങുമ്പോൾ മനസ്സും ശരീരവും മരവിച്ചപോലെ ആണ് തോന്നിയത്  . ജീവനുള്ള ഒരു ശവം പോലെ ഇരിക്കവേ ഞാൻ ഓർക്കുക ആയിരുന്നു.                                                         കടബാധ്യത മൂലം സ്വന്തം വീട് ജപ്തിചെയ്തു വഴിയിലേക്കിറങ്ങുന്നവർ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ ഉള്ളതെല്ലാം വിറ്റുപെറുക്കി തെരുവിലാക്കപ്പെടുന്നവർ എത്രയോ മടങ്ങു വലുതായിരിക്കും ഇവരുടെ ഒക്കെ അവസ്ഥ .ഞാൻ എന്റെ മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു ഇതൊക്കെയാണ് ജീവിതം .അതെ ഇതാണ് ജീവിതം . എല്ലാം നമ്മൾ വിചാരിക്കും പോലെ നടക്കാൻ ആയിരുന്നെങ്കിൽ ഇവിടെ ദൈവങ്ങൾ എന്തിനു ? പള്ളികളും അമ്പലങ്ങളും എന്തിനു ?

എങ്കിലും ഈ നീറ്റൽ മാറാൻ ഇനി എത്ര കാലം എടുക്കും .

( ഞാൻ പറഞ്ഞില്ലേ ഇതെന്റെ മാത്രം ഒരു സ്വകാര്യ ദുഃഖം ആണെന്ന് )