Friday, March 3, 2017


വാശി (ചെറുകഥ )

ആ സന്ധ്യയിൽ ....ആർത്തലച്ച് പെയ്യുന്ന മഴയിലേക്ക് നോക്കി അസ്വസ്ഥമായ മനസ്സോടെ അയാളിരുന്നു ...

                   രണ്ടു വർഷങ്ങൾക്കു മുൻപ് ഇത് പോലൊരു ദിവസമാണ് ഉറങ്ങിക്കിടന്ന മോനെയും വാരിയെടുത്ത് അഭിരാമി  ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് ...

ആ നശിച്ച ദിവസത്തിന്റെ ഓർമ്മ അയാളിലൊരു നടുക്കമുണർത്തി .

സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കുന്ന ഒരു പ്രകൃതം ആയിരുന്നു അഭിയുടേത് . ആദ്യമൊക്കെ കൊച്ചു കൊച്ചു കാര്യങ്ങൾക്കു മുഖം വീർപ്പിക്കലും കുറെ നേരം മൗനവ്രതം ആചരിക്കലും മാത്രമേ ഉണ്ടായിരുന്നുള്ളു . പോകെ പോകെ തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കിടാൻ തുടങ്ങി . പിണക്കത്തിന്റെ ദൈർഘ്യം കുറവായിരുന്നതിനാൽ ഒന്നും അത്ര കാര്യമാക്കിയില്ല .

ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം സംശയദൃഷ്ടിയോടെ നോക്കിക്കാണുവാൻ തുടങ്ങി . മനസ്സിൽ ചെറിയൊരു ആശങ്ക ഉടലെടുത്തു . 
       " എന്തെ ഈ കുട്ടി ഇങ്ങനെ ? "
'അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേൾക്കാമായിരുന്നു . അച്ഛന്റെ മരണ ശേഷം കഷ്ടപ്പെട്ട് വളർത്തിയ മകന് നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട പാവം 'അമ്മ . സ്വന്ത ഇഷ്ട പ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത്‌ അവളുടെ കൈ പിടിച്ച് കയറി വന്നപ്പോഴും മറുത്തൊരക്ഷരം പറയാതെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതേ ഉള്ളൂ 'അമ്മ. .മകന്റെ മനസ്സുരുകുന്നത് മറ്റാരേക്കാളും അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു .  

ഒരേ കോളേജിൽ ഒരേ ബാച്ചിൽ ആയിരുന്നതിനാൽ ഇരുവരുടെയും സുഹൃത്തുക്കളും ഏതാണ്ട് ഒരേ ആളുകൾ തന്നെ ആയിരുന്നു. പെൺസുഹൃത്തുക്കളുടെ സാന്നിധ്യം അഭിയെ വല്ലാതെ അസ്വസ്ഥയാക്കി . ആരോടെങ്കിലും ഒന്ന് മിണ്ടിപ്പോയാൽ ആരെങ്കിലും ഒരു മെസ്സേജ് അയച്ചാൽ അന്നത്തെ കലഹത്തിന് അത് മതിയാകും . 

വഴക്കൊഴിവാക്കാനായി വീട്ടിലുള്ള സമയമെല്ലാം ഫോൺ അവളുടെ കയ്യിൽ ഏൽപ്പിക്കും . എങ്ങനെയൊക്കെ ശ്രദ്ധിച്ചു ...  

മോന്റെ ജനനത്തോടെയെങ്കിലും അവളുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമെന്നു കരുതിയ തനിയ്ക്ക് തെറ്റി .

അന്ന് ഞങ്ങളുടെ വിവാഹ വാർഷികമായിരുന്നു .

      " ഇന്ന് നേരത്തെ വരില്ലേ ? "

ഇറങ്ങാൻ നേരം വളരെ സന്തോഷത്തോടെ അവൾ ചോദിച്ചു .

      " നേരത്തെ വരാം നീ റെഡിയായി നിന്നോളൂ "
പുഞ്ചിരിയോട് തന്നെ മറുപടി കൊടുത്തു കാർ സ്റ്റാർട്ട് ചെയ്തു .

ഗേറ്റ് കടക്കും വരെയും കൈ വീശി കാണിച്ച് കൊണ്ട് അവൾ നിൽക്കുന്നുണ്ടായിരുന്നു .

                          നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി . ചെറിയ മഴ ചാറ്റലുണ്ടായിരുന്നു . മഴയുടെ ശക്തി കൂടി കൂടി വന്നിട്ടും കാര്യമാക്കാതെ വേഗം വീട്ടിലെത്താൻ ശ്രമിച്ചു . മഴത്തുള്ളികൾ റോഡിലെ ദൃശ്യങ്ങൾ അവ്യക്തമാക്കികൊണ്ടിരുന്നു .വാച്ചിലേക്ക് നോക്കിയപ്പോൾ വണ്ടിയെവിടെയും ഒതുക്കിയിടാനും തോന്നിയില്ല .

                                  പെട്ടെന്നാണ് വെയ്റ്റിംഗ് ഷെഡിൽ കുഞ്ഞിനേയും തോളിലേറ്റി തണുത്ത് വിറച്ച് നിൽക്കുന്ന സന്ധ്യയെ കണ്ടത് .ക്ലാസ്‌മേറ്റും സുഹൃത്തുമായ സന്ധ്യയുടെ ദുരന്ത പൂർണ്ണമായ ജീവിതം അറിയാവുന്നതു കൊണ്ട് തന്നെ അറിയാതെ കാൽ ബ്രേക്കിലമർന്നു.

കുഞ്ഞിന് സുഖമില്ലാതെ ഹോസ്പിറ്റലിൽ പോകാൻ ബസ്സ് കാത്ത് നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ താൻ പോകുന്ന വഴിയ്ക്കാണല്ലോ ഹോസ്പിറ്റൽ അങ്ങോട്ടിറക്കിയേക്കാം എന്ന് പറഞ്ഞു നിർബന്ധപൂർവ്വം ഡോർ തുറന്നു കൊടുത്തു .

          സന്ധ്യ കാറിലേക്ക് കയറിയതും അഭിയുടെ അനിയന്റെ കാർ എതിർദിശയിൽ നിന്നും കടന്നു പോയതും ഒരുമിച്ചായിരുന്നു . ഒന്ന് ഞെട്ടിയെങ്കിലും സന്ധ്യയുടെ നിസഹായത നിറഞ്ഞ മുഖവും പനിച്ച്‌ വിറയ്ക്കുന്ന കുഞ്ഞിന്റെ മുഖവും ഓർത്തു മുന്നോട്ടു തന്നെ പോയി .

                                       ഗേറ്റ് കടന്നപ്പോഴേ കണ്ടു കോപാന്ധയായി നിൽക്കുന്ന അഭിരാമിയെ . എന്ത് പറഞ്ഞിട്ടും അവളെ ശാന്തയാക്കാൻ കഴിഞ്ഞില്ല . മനസ്സിൽ പോലും നിനയ്ക്കാത്ത കാര്യങ്ങൾ ഓരോന്നവൾ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു .

                   ഒടുവിൽ നിയന്ത്രണം വിട്ടു തന്റെ കൈകൾ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു . എന്നത്തേയും പോലെ ഒരു പിണക്കം മാത്രമേ പ്രതീക്ഷിച്ചുള്ളു . ഒരു കൊടുങ്കാറ്റു പോലെ അവൾ അകത്തേക്ക് പോയി . കുഞ്ഞിനേയും തോളിലെടുത്ത് രൂക്ഷമായി ഒന്ന് നോക്കിയിട്ടു ആ മഴയത്തേക്കവൾ ഇറങ്ങി നടന്നു .

എല്ലാത്തിനും മൂക സാക്ഷിയായി നിന്ന 'അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് കേണപേക്ഷിച്ചു .

" മോനെ ... അവളെ തിരിച്ചു വിളിയ്ക്കെടാ ..."

പൊന്നുമോന്റെ കുടുംബം പൊട്ടിത്തകരുന്നത് അമ്മയ്ക്ക് താങ്ങാനായില്ല .
കുഴഞ്ഞു വീണ അമ്മയെ താങ്ങി പിടിച്ച് നടന്നകലുന്ന അഭിരാമിയെയും നോക്കി സ്തബ്ധനായി നിന്ന് പോയി .        

അന്ന് കിടപ്പിലായതാണമ്മ  . ചികിത്സയ്ക്കും മരുന്നിനും ഒന്നും അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ ആയില്ല .. ഇടയ്ക്കിടയ്ക്ക് വിളിച്ച് പറഞ്ഞു കൊണ്ടിരിക്കും

 " മോനെ അവളെ തിരിച്ചു വിളിക്കു മോനെ .... "

ഇക്കാലത്തിനിടയ്ക്കു ഒരു വിളിയെങ്കിലും പ്രതീക്ഷിച്ചു. ഉണ്ടായില്ല .ഇനിയും താഴ്ന്നു കൊടുക്കാൻ മനസ്സ് വഴങ്ങിയതുമില്ല . കുഞ്ഞിനെ കാണാൻ അമ്മയെ പോലെത്തന്നെ വല്ലാതെ ആഗ്രഹമുണ്ട് തനിക്കും .

" മോനേ....."

 അമ്മയുടെ ശബ്ദത്തിൽ എന്തോ അസ്വാഭാവികത തോന്നി .

  " എന്താ ? എന്ത് പറ്റിയമ്മേ ? " വിങ്ങലോടെ അമ്മയെ നോക്കി

 അമ്മയുടെ കണ്ണുകളിലെ യാചന മനസ്സിലായിട്ടെന്ന പോലെ പതിയെ

പറഞ്ഞു .

"  ഞാൻ .... വിളിക്കാം  ..."

അമ്മയുടെ കണ്ണുകൾ ഒന്ന് തിളങ്ങി ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി ഊറിക്കൂടി . പെട്ടെന്ന് ശ്വാസഗതിയിൽ വ്യത്യാസം കണ്ടു .

തന്നെ തനിച്ചാക്കി 'അമ്മ യാത്രയാകുകയാണ് . അമ്മെ .... എന്ന വിളി തൊണ്ടയിൽ കുടുങ്ങി ...

ഇടനെഞ്ചു പൊട്ടിപ്പോകും പോലെ തോന്നി . ശാന്തമായ ആ മുഖത്തേക്ക് മുഖം ചേർത്തു വച്ചു ഉറക്കെ ഉറക്കെ  വിളിച്ചു....നിസ്സഹായനായ ഒരു കൊച്ചു കുട്ടിയെ പോലെ ..

 " അമ്മേ ..... "

മഴയപ്പോഴും ഒരു സംഹാര രുദ്രയെ പോലെ താണ്ഡവമാടി കൊണ്ടിരുന്നു ... 

6 comments:

  1. " എന്തെ ആ കുട്ടി അങ്ങനെ ? "

    ReplyDelete
  2. എങ്ങുമെങ്ങുമെത്താതെ അയാളുടെ ജീവിതം അങ്ങനെയങ്ങ് പോകുമൊ????

    നാത്തൂൻ പോര് സഹിക്കാൻ കഴിയാതെ അവൾ തിരികെ വരുന്ന രണ്ടാംഭാഗം പ്രതീക്ഷിക്കാമോ ടീച്ചറെ? !?!?!?

    ReplyDelete
  3. sudhee good idea !!! thank you for the visit sudhee ...

    ReplyDelete
  4. കൊള്ളാം .. നിസാര കാര്യങ്ങൾക്ക് സംശയിക്കുന്ന വ്യക്തിയുടെ ചിത്രം നന്നായി അവതരിപ്പിച്ചു ..ആശംസകൾ

    ReplyDelete
  5. നന്ദി കേട്ടോ . നല്ല വിലയിരുത്തൽ .

    ReplyDelete