Thursday, April 7, 2016

 

കടലിന്നക്കരെ പോണോരെ കാണാ പൊന്നിനു പോണോരെ ...................


 

ഇരുൾ ഭൂമിയെ മൂടാൻ തുടങ്ങുന്ന നേരം ചില ദിവസങ്ങളിൽ ഫ്ലാറ്റിലെ  എന്റെ ബെഡ്  റൂമിലെ ജനാലയിൽ കൂടി പുറത്തേക്കു നോക്കി നില്ക്കും ഞാൻ. സമയം പോകുന്നത് അറിയില്ല അങ്ങനെ നിൽക്കുമ്പോൾ .കണ്മുന്നിലൂടെ കടന്നു പോകുന്ന ഓരോ കാഴ്ചകളുംകൌതുകത്തോടെ ഞാൻ വീക്ഷിക്കും  . അതിനെ പറ്റി വെറുതെ ഓരോന്നു സങ്കല്പ്പിക്കും .എല്ലാം വിശദീകരിക്കുന്നില്ല .ചിലപ്പോൾ എനിക്ക് കൗതുകകരം ആയി തോന്നുന്നത് നിങ്ങൾക്ക് ആകണം എന്നില്ലല്ലോ .

            ജനാലയുടെ ഗ്ലാസ്സുകൾ നീക്കിയിട്ട്ഞാൻ പുറത്തേക്ക് നോക്കും .ആകാശം മുട്ടെ ഉയർന്നു നില്ക്കുന്ന വലിയ വലിയ കെട്ടിടങ്ങൾ . ഓരോ കെട്ടിടങ്ങളിലും ഒരുപാട് ഫ്ലാറ്റുകൾ . ഓരോ ഫ്ലാറ്റിലും ഓരോ കുടുംബങ്ങളും വ്യത്യസ്തമായ ജീവിതങ്ങളും . ചില കുടുംബങ്ങളിൽ  ജീവിതം അതിന്റെ എല്ലാ വർണങ്ങളോ ടെയും സുന്ദരമായി പോകുമ്പോൾ മറ്റു ചില കുടുംബങ്ങളിൽ മരുഭൂമി പോലെ ഉണങ്ങി വരണ്ട ജീവിതങ്ങൾ .   നിര നിരയായി കടന്നു പോകുന്ന വാഹനങ്ങളുടെ നിലയ്കാത്ത പ്രവാഹം . അദ്ധ്വാനം കഴിഞ്ഞു അവശരായി കൂടണയാൻ വരുന്നവരും മനസ്സിന് ഉന്മേഷം പകരാനായി സകുടുംബം പുറത്തു പോകുന്നവരും ഉണ്ടാകും കൂട്ടത്തിൽ . താഴേക്ക്നോക്കിയാൽ ഡ്യൂട്ടി കഴിഞ്ഞു ബസ്സിൽ വന്നു ഇറങ്ങുകയും വീണ്ടും അടുത്ത ഡ്യൂട്ടിക്കായി ബസ്സിൽ കയറി പോകുകയും ചെയ്യുന്ന വെളുത്ത യൂണിഫോം ധരിച്ച വെള്ളരി പ്രാവുകളെ പോലെയുള്ള നേർസ്സുമാരേയും കാണാം . ചിരിച്ചും സല്ലപിച്ചും കൈ കോർത്ത്പിടിച്ചു സന്തോഷത്തോടെ പോകുന്ന നവദമ്പതിമാർ.ഇങ്ങനെ, പറഞ്ഞാൽ തീരാത്ത ഒരുപാട് കാഴ്ചകൾ നോക്കി നില്ക്കാൻ വളരെ രസമാണ് .   അങ്ങനെ നിൽക്കുമ്പോൾ ആകാശം ഭൂമിയോട് മുട്ടി ഉരുമ്മി നില്ക്കുന്ന ഒരു ഭാഗം കാണാം .അങ്ങകലെ എന്റെ കാഴ്ച്ചയുടെ അങ്ങേ അറ്റം . നീലാകശത്തു വളരെ കുറച്ചു താരകങ്ങൾ മാത്രം .അതും പൊട്ടു പോലെ വളരെ ചെറുതായി.ചില ദിവസങ്ങളിൽ അമ്പിളി അമ്മാവൻ വിരുന്നു വരും പല രൂപത്തിൽ . അത് കാണുമ്പോൾ മഹാനായ കവിയുടെ വരികൾ മനസിലേക്ക് ഓടിയെത്തും . "" ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം """ .വളരെ അർത്ഥമുള്ള വരികൾ . ജന്മ നാട്ടിൽ നിന്നും ഒരുപാട് ദൂരെ ആയതു കൊണ്ടാവും ഒരു പക്ഷെ ഇതൊക്കെ സുഖമുള്ള നൊമ്പരങ്ങളായി തോന്നുന്നത് . അങ്ങു ദൂരേക്ക്നോക്കുമ്പോൾ ഓർക്കും അതിന്റെ ഒക്കെ അപ്പുറത്ത് കടലുകൾക്കൊക്കെ അക്കരെ , മാമലകൾക്ക് അപ്പുറത്ത് മരതക പച്ച നിറഞ്ഞ മനോഹരമായ എന്റെ നാടുണ്ട് . സാഹചര്യങ്ങൾ കൊണ്ട് ഒറ്റപ്പെടീലിന്റെ വേദനയും ഉള്ളിൽ ഒതുക്കി മുഖത്തൊരു പുഞ്ചിരിയുടെ മൂടുപടവും അണിഞ്ഞു സന്തോഷം അഭിനയിച്ചു നടക്കുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട് മണലാരണ്യത്തിൽ . എന്റെ ഭാവനയിലൂടെ ഞാൻ അവരുടെ മനസ്സ് വായിക്കും .ഓരോ അന്തതരംഗവും മന്ത്രിക്കുന്നുണ്ടാവും , അങ്ങു ദൂരെ നാളീകേരത്തിന്റെ നാട്ടിൽ എനിക്കൊരു വീടുണ്ട് ,ഒരു കുടുംബം ഉണ്ട് .  മകന്റെ വരവും കാത്തിരിക്കുന്ന മാതാപിതാക്കളുണ്ട് , ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യ ഉണ്ട് ,അപ്പനെ കാത്തിരിക്കുന്ന മക്കളുണ്ട് , സ്നേഹം ഉള്ള ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട് .ഇവരുടെ ഒക്കെ അടുക്കലേക്കു ഓടിയെത്താൻ ഉള്ള കൊതിയോടെ നാഴികയും ദിവസങ്ങളും എണ്ണി എണ്ണി ജീവിക്കുന്ന പാവങ്ങൾ .ഓരോ പ്രാവശ്യവും നാട്ടിൽ നിന്ന് യാത്ര പറഞ്ഞു ഇവിടേയ്ക്കു തിരിക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിലേക്ക് ഭീതിയോടു കടന്നു വരുന്ന ഒരു ചിന്തയുണ്ട് , അടുത്ത പ്രാവശ്യം വരുമ്പോഴേയ്ക്കും ഇതിൽ എത്ര പ്രിയപ്പെട്ട മുഖങ്ങൾ വിശേഷം അന്വേഷിച്ചു സ്നേഹത്തോടെ ഓടി വരാൻ അവശേഷിക്കും .എത്ര മുഖങ്ങൾ എന്നെന്നേയ്ക്കുമായി തിരശീലയ്ക്കു പിന്നിലേക്ക്മാറ്റപ്പെടും.                                          

  അതുപറഞ്ഞപ്പോൾ അടുത്ത സമയത്ത് ഒരു സുഹൃത്തിന് ഉണ്ടായ അനുഭവം പറയാതെ ഇരിക്കാൻ വയ്യ . സുഖ ദുഃഖങ്ങൾ പങ്കിട്ടു അവർ നാല് സുഹൃത്തുക്കൾ ഒരുമിച്ചു ഒരുമുറിയിലായിരുന്നു താമസം . അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടത്തിലുള്ള കണ്ണനെ തേടി നാട്ടിൽ നിന്നും ഒരു കാൾ വന്നു .അച്ഛ്നു നല്ല സുഖം ഇല്ല ,മകനെ കാണണം എന്നും വേഗം നാട്ടിൽ എത്തണം എന്നുമായിരുന്നു ഫോൺ സന്ദേശം . കണ്ണനെ അടുത്തറിയാവുന്ന സുഹൃത്തുക്കൾ വിവരങ്ങൾ അറിയുവാനായി വേഗം നാട്ടിലേക്കു വിളിച്ചു .സംസാരിച്ചു കൊണ്ടിരിക്കുന്ന ബിജുവിന്റെ മുഖത്തെ ഭാവമാറ്റം കൂടെ നിന്നവരിലും അസ്വസ്ഥത ഉളവാക്കി . ഫോൺ കട്ട്ചെയ്ത ശേഷം ഉദ്വേഗത്തോടെ നോക്കി നില്ക്കുന്ന കൂട്ടുകാരോടായി കണ്ണൻ കേൾക്കാതെ ബിജു വിവരങ്ങൾ അറിയിച്ചു . അതെ ; കണ്ണന്റെ അച്ഛൻ മരിച്ചു . എത്രയും വേഗം കണ്ണനെ നാട്ടിലേക്കു അയയ്ക്കണം . അച്ഛന്റെ  ഓർമ്മകളിൽ പോലും വാചാലനാകുന്ന കണ്ണനെ എങ്ങനെ വിവരം അറിയിക്കും .ഏതായാലും കണ്ണനിൽ നിന്നും മരണ വാർത്തതല്ക്കാലം മറച്ചു പിടിക്കാൻ അവർ തീരുമാനിച്ചു .അച്ഛൻ ആശുപത്രിയിൽ ആണ് നീ വേഗം പുറപ്പെടാൻ നോക്ക്  എന്ന് പറഞ്ഞു . കമ്പനിയിൽ പോയി ലീവും ചോദിച്ചു തിരികെ വരും വഴി കണ്ണൻ അച്ഛനായി ഒരുപാടു സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു .ഓരോന്നും പെട്ടിയിലേക്ക് പെറുക്കി അടുക്കി വയ്ക്കുമ്പോൾ ഓരോ സാധനങ്ങളും അച്ഛന് കൊടുക്കുമ്പോൾ ഉള്ള അച്ഛന്റെ പ്രതികരണങ്ങൾ കണ്ണൻ പറഞ്ഞു കൊണ്ടേയിരുന്നു .അച്ഛന്റെ മുഖത്തെ സന്തോഷവും വേണ്ടിയിരുന്നില്ല എന്നുള്ള സ്നേഹത്തോടെയുള്ള ശാസനയും ഒക്കെ .എല്ലാവരും കണ്ണിൽ കണ്ണിൽ നോക്കുന്നതല്ലാതെ ആർക്കും ഒന്നുംപറയാൻ കഴിഞ്ഞില്ല .എല്ലാവരും മുഖത്ത് സന്തോഷം കാണിയ്ക്കാൻ പരമാവധി ശ്രമിച്ചു .   അച്ഛനായി വാങ്ങിയ ഷർട്ട്എടുത്തിട്ടു ഇത് അച്ഛന് നന്നായി ഇണങ്ങുമെന്നും , ചെരിപ്പെടുത്ത് വയ്ക്കുമ്പോൾ പാകമാകുമോ എന്നറിയില്ല എന്നും തനിയെ പറഞ്ഞു കൊണ്ട് ഓരോന്നും ചെയ്തു. വാച്ച് ,പെർഫ്യൂം , ഷേവിംഗ് ക്രീം ,പൌഡർ  എന്നു വേണ്ട എല്ലാം അച്ഛന് കൊണ്ട് കൊടുക്കാനായി എത്രയും വേഗം നാട്ടിൽ ഒന്ന് എത്തിയാൽ മതി എന്നായിരുന്നു കണ്ണനു . ഇതൊക്കെ കണ്ടു നിന്ന കൂട്ടുകാർ നിസ്സഹായതയോടെ നെഞ്ചിലെ വേദന പുറത്തു കാട്ടാതെ ഉള്ളിൽ ഒതുക്കി . അച്ഛന്റെ സമീപത്തെത്താൻ തിടുക്കപ്പെട്ടു അച്ഛനായി വാങ്ങിയ സാധനങ്ങൾ  കണ്ണൻ അടുക്കി പെറുക്കി പെട്ടി പായ്ക്ക് ചെയ്യുമ്പോൾ ഒന്നും ഒന്നും അറിയാതെ അച്ഛൻ മോർച്ചറിയിൽ ആണല്ലോ എന്ന ഓർമ്മ എല്ലാവരിലും ഭീതി ഉളവാക്കി . മോർച്ചറിയിലെ മരവിപ്പിക്കുന്ന തണുപ്പിൽ നിശ്ചലനായി കിടക്കുന്ന അച്ഛനു വേണ്ടി ആണല്ലോ കണ്ണൻ ഇതെല്ലാം കൊണ്ട് പോകുന്നത് എന്നോർത്തപ്പോൾ ഹൃദയം പൊട്ടിപോകുന്ന വേദന തോന്നി

   അച്ഛൻ കണ്ണനു നല്ല ഒരു സുഹൃത്തു കൂടി ആയിരുന്നു . കഴിഞ്ഞ തവണ യാത്ര പറയുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ കണ്ണൻ കൂടെ കൂടെ പറയുമായിരുന്നു  "" നീ അടുത്ത പ്രാവശ്യം വന്നിട്ട്  വേണം നമുക്കൊന്ന് അടിച്ചു പൊളിക്കാൻ "" . സന്തോഷത്തോടെ പോയി വരൂ എന്നു മകനെ ആശ്വസിപ്പിച്ചു അയച്ച അച്ഛൻ,  സ്വന്തം കണ്ണുകൾ നിറഞ്ഞത്ആരും കാണാതെ ഇരിക്കാൻ ബദ്ധപ്പെടുന്നുണ്ടായിരുന്നു എന്നും അയാൾ പറഞ്ഞത് അവർ ഓർത്തു . ഇനിയും തണൽ തനിക്കില്ലെന്നു അയാൾ അറിയുന്ന നിമിഷം ഓർത്തപ്പോൾ എല്ലാവരിലും അസ്വസ്ഥത നിറഞ്ഞു . എങ്ങനെയോ കണ്ണനെ യാത്ര ആക്കി , നാട്ടിലേക്കു വിവരങ്ങൾ എല്ലാം വിളിച്ചു പറഞ്ഞു . കാത്തിരിക്കുന്ന ദുരന്ത വാർത്ത അറിയാതെ കണ്ണനെയും വഹിച്ചു കൊണ്ടുള്ള ഫ്ലൈറ്റ് പറന്നകന്നു.      

                                                          എയർപോർട്ട് അടുത്തായതിനാൽ ഫ്ലൈറ്റുകൾ വരികയും പോകുകയും ചെയ്യുന്ന ദൃശ്യം കാണാമായിരുന്നു . നാട്ടിലേക്കു ഉള്ള ഫ്ലൈറ്റ് കളിൽ  ഭൂരിഭാഗം ആളുകളും നിറയെ സ്വപ്നങ്ങളോടെ അതീവ സന്തോഷത്തോടെ പോകുമ്പോൾ തിരിയെ എയർപൊർട്ടിലെക്കു പറന്നിറങ്ങുന്ന ഫ്ലൈറ്റ് കളിൽ കുടുംബത്തെ പിരിഞ്ഞു ,ഇനിയെന്ന് കാണും നമ്മൾ എന്ന ചോദ്യവുമായി ഭാരമേറിയ ഹൃദയത്തോടെ വരുന്നുണ്ടാവും ചിലർ . നാട്ടിൽ നിന്നും തിരിച്ചെത്തുന്ന ദിവസം റൂമിൽ കയറി വാതിൽ അടച്ചു ദിവസം മുഴുവൻ നെഞ്ചു പൊട്ടി ഉറക്കെ കരയുന്ന ഒരു സുഹൃത്തിനെ എനിക്കറിയാം . പ്രവാസികൾ എല്ലാം സമൃദ്ധിയുടെ നടുവിൽ ആണെന്നാണ്  നാട്ടിലുള്ളവർ ധരിച്ചു വച്ചിരിക്കുന്നത് . എല്ലാവരും ഉണ്ടിവിടെ . സന്തോഷത്തോടെ അടിച്ചു പൊളിച്ചു ജീവിക്കുന്നവരുടെ ഇടയിൽ പട്ടിണി  ഉൾപ്പെടെ കഷ്ടതയുടെ നടുവിൽ കുടുംബം പുലർത്താൻ പാടുപെടുന്ന അനേകായിരങ്ങൾ ഉണ്ടിവിടെ .  

പ്രവാസിയുടെ അനുഭവങ്ങൾ ഇവിടെ തീരുന്നില്ല .അതൊരു തുടർക്കഥ ആണ് . അതുപോലെ    എന്റെ  ജാലക കാഴ്ചകളും . മറ്റു ചില അനുഭവങ്ങളുമായി അപ്പോൾ പിന്നെ കാണാം . ഇത് കഥയല്ല കേട്ടോ പ്രിയ സുഹൃത്തുക്കളെ ജീവിതമാണ് പച്ചയായ മനുഷ്യരുടെ പച്ചയായ ജീവിതം .    

 

 

 

 

     

   

9 comments:

  1. പ്രവാസം വലിയ ഒരു വിഷയമാണ്. എഴുതാനും ,പറയാനും . ഓരോ പ്രവാസിയും ദുഖങ്ങളുടെ വലിയ കെട്ടുകളാണ്. നല്ല പ്രവാസ എഴുത്ത്.

    ReplyDelete
  2. നന്ദി UNAIS ; താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് . പ്രവാസ ജീവിതം വായിച്ചു അതിന്റേതായ ഗൌരവത്തോടെ മനസ്സിലാക്കിയതിൽ സന്തോഷം ഉണ്ട് . പ്രോത്സാഹനത്തിനു
    നന്ദി . വീണ്ടും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു .

    ReplyDelete
  3. ജീവിതം മുന്നോട്ടു കൊണ്ടു പോകുവാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ വിധിയ്ക്കപ്പെട്ടവര്‍... ഒരു നല്ല നാളെ എന്നെങ്കിലും വരും എന്ന സ്വപ്നം മാത്രം മനസ്സില്‍ നിര്‍ത്തി ജീവിയ്ക്കുന്നവര്‍...

    ReplyDelete
    Replies
    1. അതെ ശ്രീ . അടുത്തയിടെ പത്തേമാരി എന്ന മൂവി കണ്ടു . അതിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ
      സത്യങ്ങൾ ആണ് . വളരെ നന്ദി ശ്രീ അഭിപ്രായം പറഞ്ഞതിന് .

      Delete
  4. എത്രയോ കണ്ണന്മാർ ഇതുപോലെ... :(

    ReplyDelete
  5. പ്രവാസികളുടെ കഥ പറഞ്ഞാലും പറഞ്ഞാലും തീരില്ല .

    ReplyDelete
  6. പ്രവാസം അത് അനുഭവിച്ചു തന്നെയറിയണം .... നാട്ടിൽ വെച്ചു കാണുന്ന ചില്ലുകൊട്ടാരസ്വപ്‌നങ്ങൾ തകർന്നടിഞ്ഞ സ്പടികകൂമ്പാരത്തിൽ ആകും മിക്കവരുടെയും ജീവിതം . ..നന്നായിരിക്കുന്നു എഴുത്ത് ..

    ReplyDelete
    Replies
    1. നന്ദി സാംസൺ . ബ്ലോഗിലേക്ക് സമയം കിട്ടുമ്പോഴൊക്കെ വരണം . ജീവിതത്തിന്റെ തിരക്കിൽ ഒന്നിനും സമയം കിട്ടുന്നില്ല എന്നുള്ളതാണ്
      സത്യം .

      Delete