Friday, April 15, 2016



പുനർജ്ജന്മം - രണ്ടാം ഭാഗം


 

 ദിവസങ്ങൾക്കു വല്ലാത്ത ദൈർഘ്യം . ക്ലോക്കിന്റെ സൂചികൾ അനങ്ങാത്ത പോലെ . രണ്ടു ദിവസം പതിയെ ഇഴഞ്ഞു നീങ്ങി . പ്രാർത്ഥനകൾ എല്ലാം തിരു സന്നിധിയിൽ എത്തിയത് കൊണ്ടാവും അതോ കാലനു തെറ്റി പോയതോ ? എന്റെ ശിക്ഷയുടെ കാലാവധി കുറച്ചു കിട്ടി .പരോൾ അനുവദിച്ചു . എന്നെ മാത്രം നോക്കി നിന്ന മമ്മയെ അത്ഭുദപ്പെടുത്തി കൊണ്ട് എന്റെ കണ്ണുകൾ ഒന്ന് അനങ്ങി . മമ്മി വേഗം വിവരം അവരെ അറിയിച്ചു . ഡോക്ടർമാർ എത്തി അവർ പ്രത്യേകം ഒരു കാര്യം ഓർമ്മപ്പെടുത്തി , കണ്ണുകൾ തുറക്കുമ്പോൾ ജീവൻ തിരിച്ചു കിട്ടി എന്നുറപ്പിക്കാം പക്ഷെ അവസ്ഥ എങ്ങനെ ആയിരിക്കും എന്ന് പറയാൻ പറ്റില്ല . എല്ലാവരെയും തിരിച്ചറിയണം എന്നില്ല , ചിലപ്പോൾ കഴിഞ്ഞതൊന്നും ഓർമ്മ കാണില്ലായിരിക്കാം . എന്തു വന്നാലും അമ്മ പിടിച്ചു നില്ക്കണം . അവർ മമ്മയെ ആശ്വസിപ്പിച്ചു .

ഇനിയും എന്റെ ഓർമ്മയിൽ നിന്നും തന്നെ ഞാൻ പറയാം . ഞാൻ കണ്ണുകൾ പതിയെ തുറന്നു.എനിക്കൊന്നും മനസ്സിലായില്ല . ഇതുവരെ എവിടെയായിരുന്നു എന്നറിയാതെ ഒന്നും ഒന്നും മനസ്സിലാകാതെ ശൂന്യമായ മനസ്സോടെ ഞാൻ ചുറ്റും നിൽക്കുന്നവരെ നോക്കി . മമ്മി ,പപ്പ,അനുജൻ ഇവരെ എനിക്ക് മനസ്സിലായി . എനിക്കെന്തോ സംഭവിച്ചു എന്നും എനിക്ക് മനസ്സിലായി . ഞാനിതെവിടെയാണെന്നു മമ്മിയോട് ചോദിച്ചു . മോൾക്കൊരു പനി വന്നിരുന്നു എന്ന് മമ്മി പറഞ്ഞു . എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു . ഉള്ളിൽ നിന്ന് ഞാനറിയാതെ ഒരു പാട്ടിന്റെ കുറച്ചു വരികൾ വന്നു , ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് .  ഇന്നും എനിക്കതോർക്കുമ്പോൾ അത്ഭുതം ആണ് കാരണം അത് കഴിഞ്ഞു പിന്നെ എനിക്ക് ഒന്നും മിണ്ടാനായില്ല . എനിക്ക് എന്റെ  ശബ്ദം നഷ്ട്ടപ്പെട്ടു . കഴിഞ്ഞതൊന്നും എനിക്ക് ഓർമ്മ ഉണ്ടായിരുന്നില്ല . എല്ലാവരെയും ഒന്നും മനസ്സിലായതും ഇല്ല . പക്ഷെ എന്റെ കണ്ണുകൾ കൂട്ടത്തിൽ ഒരു മുഖം അന്വേഷിക്കുന്നുണ്ടായിരുന്നു . എനിക്ക് ഒരുപാട് പ്രിയപ്പെട്ട ഒരു മുഖം .  മുഖം മാത്രം എനിക്ക് ഓർമ്മ വന്നു . ഒന്ന് കാണാൻ എന്റെ മനസ്സ് കൊതിച്ചു . പക്ഷെ   കണ്ടില്ല എവിടെയും . ഒന്ന് എഴുന്നേൽക്കാൻ ഒന്ന് ഇരിക്കാൻ ഒക്കെ ഞാൻ കൊതിച്ചു .മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് ഞാൻ മനസ്സിലാക്കി . ദിവസങ്ങൾ കൊഴിഞ്ഞു വീണു .ഒടുവിൽ എന്നെ ഡിസ്ചാർജ് ചെയ്തു . മാതാപിതാക്കളും കൂടെപിറപ്പും കുഞ്ഞുങ്ങളെ നോക്കുന്ന പോലെ എന്നെ ശുശ്രുഷിച്ചു . പതിയെ എനിക്ക് എഴുന്നെറ്റിരിക്കാം എന്നായി . കുറച്ചു നാളുകൾ കൂടി കഴിഞ്ഞു ഇരുവശങ്ങളിലും ആരുടെയെങ്കിലും സഹായത്തോടെ പതിയെ നടക്കാൻ തുടങ്ങി . ചിലപ്പോൾ വീഴാൻ പോയി . അങ്ങനെ രണ്ടാം ജന്മം ഞാൻ പിച്ച വെച്ച് പിച്ച വെച്ച് നടക്കാൻ തുടങ്ങി . meningitis ന്റെ ബാക്കി പത്രമായി ഫിറ്റ്സ് വരാൻ തുടങ്ങിയിരുന്നു ഹോസ്പിറ്റലിൽ വെച്ച് . ഒരു നേരം 14 ടാബ്ലെട്സ് കഴിക്കാൻ ഉണ്ടായിരുന്നു .വീണ്ടും ഒരു ദിവസം രാത്രിയിൽ ഞാൻ ബോധം കെട്ടു വീണു . അര മാസത്തോളം വീണ്ടും  ഒരു പ്രൈവറ്റ് ആശുപത്രിയിൽ . എല്ലാത്തിന്റെയും തുടക്കം ഹോസ്റ്റലിൽ നിന്നും ആയിരുന്നത് കാരണം സത്യത്തിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലാരുന്നു . അതുകൊണ്ട് തന്നെ നാട്ടുകാർ അവരാൽ ആവും വിധം വർണ്ണപകിട്ടോടെ കഥകൾ മെനഞ്ഞു കൂട്ടി . ആത്മഹത്യാ ശ്രമം ആയിരുന്നെന്നു ഒരു കൂട്ടം വിധിയെഴുതി . ശബ്ദം വീണ്ടു കിട്ടാൻ നല്ല വോയിസ്റസ്റ്റ്എടുക്കാൻ പറഞ്ഞു . അത്യാവശ്യം ഉള്ള കാര്യങ്ങൾ എഴുതി കാണിച്ചു പേപ്പറിൽ . പതിയെ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടേയിരുന്നു . കാണാൻ കൊതിച്ച മുഖം മാത്രം മനസ്സിൽ ഒരു വിങ്ങലായി . ഇനിയും പഠിക്കാൻ പോകേണ്ടാ എന്ന് വീട്ടിൽ കർശനമായി പറഞ്ഞു .പക്ഷെ എന്റെ മനസ്സിന് അതിനു കഴിഞ്ഞില്ല . ഞാനും വാശി പിടിച്ചു . അടുത്തതായി ഞങ്ങൾക്ക് പ്രാക്ടിക്കൽ എക്സാം ആയിരുന്നു . ഒരുപാടു റെക്കോർഡ്ബുക്ക് വർക്കുകൾ എല്ലാം കുന്നു കൂടി . എന്റെ മനസ്സിന്റെ ആഗ്രഹം എനിക്ക് ശക്തിയായി; പിന്നെ എന്റെ ദൈവം ;.എന്റെ വീട്ടുകാർ എല്ലാരും എന്നെ സഹായിച്ചു . വീണ്ടും ഞാൻ ഹോസ്റ്റലിൽ എത്തി . എന്റെ പ്രിയപ്പെട്ട കൂട്ടുകാർ എനിക്ക് എല്ലാ സഹായങ്ങളും ചെയ്തു തന്നു . മരുന്നുകളുടെ സഹായത്തോടെ ഞാൻ ഓരോ കടമ്പകളും കടന്നു . വർഷം ഞങ്ങളുടെ പ്രൊജക്റ്റ്വർക്ക് പ്രെസന്റ് ചെയ്തതിനു ഒന്നാം സമ്മാനം എനിക്ക് കിട്ടി . ട്രോഫി ഇന്നും ഞാൻ സൂക്ഷിക്കുന്നു . കോളേജിൽ ഫെയർവെല്ലിനു ഞങ്ങളുടെ ഗാനമേള ഉണ്ടായിരുന്നു . എന്നെന്നേക്കും ആയി ശബ്ദം നഷ്ടമായി എന്ന് വിചാരിച്ച എനിക്ക് പാട്ടുകൾ പാടാനും കഴിഞ്ഞു .          

   എല്ലാം പഴയ പോലെ ആയി കൊണ്ടിരിക്കുക ആയിരുന്നു . അപ്പോഴാണ്എല്ലാം കീഴ്മേൽ മറിച്ചു കൊണ്ട് അത് സംഭവിച്ചത് . രണ്ടു വർഷം മുൻപ് തന്നെ വിവാഹം നിശ്ചയിച്ചു വച്ചിരിക്കുക ആയിരുന്നു . പരസ്പരം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു രണ്ടാളും . ഇത്രയും അപകടകരമായ കണ്ടീഷനിലേക്ക് പോയ എനിക്ക് തിരിച്ചു സാധാരണ ജീവിതത്തിലേക്ക് വരാൻ പറ്റില്ലെന്നു അവരും വിധി എഴുതിക്കാണും . വിവാഹത്തിൽ നിന്ന് പിന്മാറാൻ അവർ തീരുമാനിച്ചു . രണ്ടു വർഷത്തെ ഇഷ്ടം മറന്നു കളയാൻ അദ്ദേഹം നിർബന്ധിതൻ ആയി . സങ്കടങ്ങൾ എല്ലാം ഞാൻ ഉള്ളിൽ ഒതുക്കി . ആരും കാണാതെ നിശബ്ധമായി കരഞ്ഞു . സ്വപ്നങ്ങളും മോഹങ്ങളും എല്ലാം മനസ്സിൽ കുഴിച്ചു മൂടി . വീഴാതെ  തളരാതെ ഞാൻ പിടിച്ചു നിന്നു. എല്ലാ പ്രദേശങ്ങളിലും കാണുമല്ലോ കഥകൾ ഉണ്ടാക്കാനും അത് ആഘോഷിക്കാനും ശവത്തിൽ കുത്തി രസിക്കാനും കുറെ ആളുകൾ . അവർ അതൊക്കെ ആഘോഷമാക്കി . സഹിക്കാനാവാത്ത ആക്ഷേപങ്ങൾ എല്ലാം ഞാൻ ഏറ്റു വാങ്ങി .

സ്നേഹ ബന്ധങ്ങൾക്ക് ഇത്ര മാത്രം വിലയെ ഉള്ളു എന്ന് ഞാൻ തിരിച്ചറിഞ്ഞു . പണം , സൌന്ദര്യം , ആരോഗ്യം ഇതൊക്കെയാണ് സ്നേഹത്തിന്റെ അളവ് കോൽ എന്ന് അനുഭവം എന്നെ പഠിപ്പിച്ചു . ജീവിതം പ്രശ്നങ്ങളുടെ ഒരു പരമ്പര ആണ് . പ്രതീക്ഷിക്കാത്ത എന്തെല്ലാം  കാര്യങ്ങൾ ആണ് അഭിമുഖീകരിക്കേണ്ടി വരുന്നത് . ഇത് ഒരു ഒറ്റപ്പെട്ട സംഭവം ഒന്നും അല്ല . എല്ലാ ജീവിതങ്ങളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവും . മനോധൈര്യം കൈ വിടാതെ എല്ലാം അഭിമുഖീകരിക്കുക . എല്ലാ വിജയപരാജയങ്ങളുടെയും ഉറവിടം മനസ്സാണ് . ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരം അല്ല .പ്രശ്നങ്ങളെ സധൈര്യം അഭിമുഖീകരിക്കുക . നിങ്ങൾക്ക് വിജയം ഉറപ്പാണ്‌ .

 

          ഒരു അവധിയ്ക്ക് ഞാൻ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം എത്തി യാത്ര പറയാൻ .നിറഞ്ഞു വന്ന കണ്ണുകൾ ഞാൻ മറച്ചു പിടിച്ചു . കണ്ണിൽ നിന്നു മായും വരെ ഞാൻ നോക്കി നിന്നു . ഒരിക്കൽ കൂടി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ മോഹിച്ചു . ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അദ്ദേഹം പോയി . എന്നെന്നേക്കുമായി .

 

എവിടെയോ സുഖമായി ജീവിക്കുന്ന അദ്ദേഹത്തിനോടായി ഒരു ചോദ്യം പോലെ എന്റെ അന്തരംഗം മന്ത്രിക്കുന്നു ഏതോ ഒരു ഗാനത്തിലെ ചില വരികൾ "  സഖിയെ നീ കാണുന്നുവോ എന്മിഴികൾ നിറയും നൊമ്പരം .................................എന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ.......................അന്ന് നാം തങ്ങളിൽ പിരിയും രാവു ...................."""    

19 comments:

  1. പുനർജ്ജന്മത്തിലേയ്ക്കുള്ള പിടിച്ച്‌ കയറ്റം വായിയ്ക്കാൻ വന്നത്‌ അവസാനിച്ചത്‌ നല്ലൊരു ദുഃഖവുമായി.


    നല്ല ആഴത്തിലുള്ള എഴുത്ത്‌.ഇനിയും വരാം.

    ഭാവുകങ്ങൾ ചേച്ചീ!!!!!!

    ReplyDelete
  2. സുധീ....
    പുനർജന്മ്മത്തിന്റെ രണ്ടാം ഭാഗവും വായിച്ചതിൽ നന്ദി . പച്ചയായ ജീവിതം തുറന്നു കാട്ടാൻ ഞാൻ ശ്രമിക്കുകയായിരുന്നു . അഭിനന്ദനത്തിനു നിറഞ്ഞ മനസ്സോടെ നന്ദി .....

    ReplyDelete
  3. പണം , സൌന്ദര്യം , ആരോഗ്യം ഇതൊക്കെയാണ് സ്നേഹത്തിന്റെ അളവ് കോൽ.....അതെ ഇപ്പോഴത്തെ സ്നേഹ ബന്ധത്തിനു അത്ര മാത്രമേ വിലയുള്ളൂ.....വലിയ ഒരു ജീവിത പ്രതിസന്ധിയിൽനിന്നും കരകയറിയ നിങ്ങൾക്ക് അതൊരു പ്രശ്നമെല്ലന്നു വിചാരിക്കുന്നു.
    വിദേശത്ത് എവിടെയാണ്......നല്ല എഴുത്ത് വീണ്ടും തുടരുക.

    ReplyDelete
  4. നന്ദി UNAIS ; എന്റെ ജീവിതമായതു കൊണ്ട് തന്നെ ഞാൻ അഭിമുഖീകരിച്ച പ്രശ്നങ്ങളുടെ
    50% മാത്രമേ പ്രകടമാക്കാൻ കഴിഞ്ഞുള്ളൂ . താങ്കൾ എന്ത് കൊണ്ടാണ് എനിക്കതൊരു പ്രശ്നം
    അല്ലെന്നു തോന്നുന്നു എന്ന് പറഞ്ഞതെന്ന് മനസിലായില്ല . പിന്നെ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്നല്ലേ ? എന്തായാലും ഈ അഭിപ്രായങ്ങൾക്ക് ഞാൻ വല്ല്യ വില തന്നെ കൊടുക്കുന്നു , വീണ്ടും എഴുതുവാൻ ഈ പ്രോത്സാഹനം എനിക്കൊരു പ്രചോദനം തന്നെയാണ് .നന്ദി .

    ReplyDelete
  5. ഓർമകളുടെ താഴ്‌വാരത്തിൽ ഒരേ സമയം ആശ്വാസവും അസ്വസ്ഥതയും കണ്ടു മടങ്ങുന്നു. എഴുത്ത് നന്നായിട്ടുണ്ട്. തുടരുക. ആശംസകൾ.
    (ആദ്യമായി വരുമ്പോൾ വെറും കയ്യോടെ വരുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ഒരു നിർദേശം കൊണ്ടു വന്നിട്ടുണ്ട് :) എല്ലാ പോസ്റ്റുകളുടെയും ഫോണ്ട് സൈസ് ഒന്നു പോലെ ക്രമീകരിച്ചാൽ നന്നായിരിക്കും.)

    ReplyDelete
    Replies
    1. ആദ്യ വരവിൽ തന്നെ നിറകയ്യോടെ വന്ന എല്ലാവരുടെയും കേഡി ആയ
      കേഡി ചേട്ടാ ഓർമ്മയുടെ താഴ്വാരം സന്ദർശിച്ചതിനും നിർദേശങ്ങൾ തന്നതിനും വളരെ നന്ദി . ഫോണ്ട് സൈസ് എല്ലാം ഒരുപോലെ ആക്കിയിട്ടാണ് പബ്ലിഷ് ചെയ്യുന്നത് .പക്ഷെ ............. കൂടുതൽ അറിവുകൾ
      പകർന്നു തന്നാൽ ഉപകാരം ആയിട്ട് സ്വീകരിച്ചു കൊള്ളാം .

      Delete
  6. കാര്യങ്ങൾ മനസ്സിൽ നന്നായി ആലോചിച്ചു രൂപപ്പെടുത്തി എടുക്കുക. അപ്പോൾ ആവശ്യമില്ലാത്തത് പലതും കളയാൻ കഴിയും. എന്നിട്ട് അത്യാവശ്യമുള്ളത് മാത്രം നല്ല ഭാഷയിൽ എഴുതുക. എഴുത്ത് തുടരുക. ആശംസകൾ.

    പാട്ടും പാടി കഥ അവസാനിപ്പിക്കാനുള്ള പരിപാടി ആണോ?

    ReplyDelete
    Replies
    1. ബിപിൻ ഭായീ ,
      വീട്ടിലെത്തിയാലും തൊഴിൽ സംബന്ധമായ തിരക്കുകൾ ഒരുപാടുള്ളതു കാരണം എഴുത്തിനും വായനയ്ക്കും വളരെ കുറച്ചു സമയമേ ഇപ്പോൾ കിട്ടുന്നുള്ളൂ . പിന്നെ എഴുത്തിനു അത്യാവശ്യം വേണ്ട ഏകാന്തതയും കിട്ടുന്നില്ല . ഈ പരിമിധികളിൽ നിന്ന് കൊണ്ട് തുടരണം എന്ന് തന്നെയാണ്
      ആഗ്രഹം . ബിപിൻ ഭായി യുടെ ഗൈഡൻസ് ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു . പറഞ്ഞു തന്ന ഉപദേശങ്ങൾക്ക് വളരെ നന്ദി .

      Delete
  7. രണ്ടു ഭാഗങ്ങളും ഒരുമിച്ച് വായിച്ചു.

    ശരിയ്ക്കും ഒരു രണ്ടാം ജന്മം തന്നെ.

    ReplyDelete
    Replies
    1. നന്ദി ശ്രീ . ഓർമ്മയുടെ താഴ്വാരത്തിൽ വന്നു എന്റെ പോസ്റ്റുകൾ വായിച്ചതിനും കമന്റ്സ് പറഞ്ഞതിനും . ശ്രീ തന്നെയാണോ ഈ അപ്പു . ആദ്യാക്ഷരി ശ്രീയുടെ അല്ലെ ? വളരെ സഹായകം ആയിരുന്നു . നന്ദി

      Delete
  8. വിഷമിക്കാതിരിക്കൂ എല്ലാം നല്ലതിനാണ്‌

    ReplyDelete
    Replies
    1. പ്രീത എന്റെ ബ്ലോഗ്‌ സന്ദർശിച്ചതിനും കമ്മെന്റ്‌ എഴുതിയതിനും നന്ദി . ഒപ്പം തുടർന്നും വരുമെന്നു പ്രതീക്ഷിക്കുന്നു.

      Delete
  9. ബ്ലോഗ്‌ സഞ്ചാരം നടത്തുകയായിരുന്നു അങ്ങനെ ആണ് ഇവിടെ എത്തിയത്... നല്ല എഴുത്ത് നല്ല ധൈര്യം ...
    രണ്ടു ഭാഗങ്ങളും വായിച്ചു ... !
    എനിക്ക് അദ്ദേഹത്തെ അത്ര ഇഷ്ടപ്പെട്ടില്ല ... !അദ്ദേഹത്തിനു വേണ്ടി അവസാനം എഴുതിയ ആ വരികൾ അദ്ദേഹം അർഹിക്കുന്നുണ്ടോ?
    ഇനിയും വരാമേ :)

    ReplyDelete
  10. സത്യം തുറന്നു പറയാൻ കാണിച്ച ഈ തന്റേടവും എനിക്കിഷ്ടമായീട്ടൊ. ഇനിയും വരുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുന്നു. അപരിചിതയുടെ ബ്ലോഗ്‌ ഞാൻ സന്ദർശിച്ചിരുന്നു. നല്ല രസമുള്ള എഴുത്തു . അപ്പൊ കാണാം അല്ലെ ?

    ReplyDelete
  11. പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു ... ഇഷ്ടങ്ങൾ ഇപ്പോഴും അങ്ങനെ അല്ലെ?
    :) ഞാൻ പറഞ്ഞതിനെ നന്നായി ഉൾക്കൊണ്ടതിൽ സന്തോഷം :D

    ReplyDelete
  12. നൊമ്പരം അവശേഷിപ്പിച്ചു കൊണ്ട്‌...

    ReplyDelete
  13. ഇല്ല പോയതല്ലാ ! സുഖദുഖ സമ്മിശ്രമായ ജീവിതത്തിലെ ഒരോരൊ അനുഭവങ്ങളുമായി ഇടയ്കക്കു വരാം . അപ്പൊ ബോർ അടിക്കില്ലല്ലൊ .

    ReplyDelete
  14. ജീവിതം അനുഭവങ്ങളുടെ ഒരു തീച്ചൂള തന്നെയാണ് മിക്കവര്‍ക്കും!!
    നന്നായി എഴുതാന്‍ ശ്രമിക്കൂ....
    ഈ പോസ്റ്റ് കുറച്ചുകൂടി മെച്ചപ്പെടുത്താം..
    തുടക്കം ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണെങ്കില്‍ ഒടുക്കം പ്രതിശ്രുത വരന്‍റെ വിടവാങ്ങലാണ്. കാടുകയറിയതുപോലെ പറഞ്ഞു പോയി... വായിക്കുമ്പോള്‍ ഒരു പൂര്‍ണത കിട്ടുന്നില്ല.
    ചേച്ചിക്ക് നല്ല പ്രതിഭയും അതിലേറെ അനുഭവങ്ങളുമുണ്ട്. വാക്കുകളിലൂടെ അതു പ്രതിഫലിപ്പിക്കാനുമറിയാം... അതുകൊണ്ട് കൂടുതൽ മെച്ചപ്പെടുത്തൂ... ഒരു വായനക്കാരിയായി കൂടെയുണ്ട്.

    ReplyDelete
  15. നന്ദി ദിവ്യ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. എന്റെ കഥ ഞാൻ അപൂർണ്ണതയിൽ ആണു നിർത്തിയേക്കുന്നെ എന്നു എനിക്കറിയാം ദിവ്യ . തുടരാൻ എനിക്കാവില്ല ദിവ്യ . ഒരുപാടു പരിമിധികൾ ഉണ്ടു . അല്ലെങ്കിൽ ബ്ലോഗ്‌ തുടങ്ങിയപ്പോൾ അങ്ങനെ ഐഡ്ന്റിറ്റി വെളിപ്പെടുത്തരുതാരുന്നു.

    ReplyDelete