Wednesday, April 27, 2016

 


     നൊമ്പരക്കിളിയുടെ മൌനം-   ഒന്നാം ഭാഗം


            
വാതിലിൽ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. വേഗം എഴുന്നേറ്റു വാതിൽ തുറന്നു. എന്താ ഉണ്ണീ നീ ഇന്ന് ജോലിക്കൊന്നും പോകുന്നില്ലേ? സമയം എത്ര ആയെന്നു വല്ല നിശ്ചയോം ഉണ്ടോ? ഇല്ല ……….മണിചേട്ടാ നല്ല സുഖം തോന്നുന്നില്ല. എന്ത് പറ്റീ ഉണ്ണീ നിനക്ക്? രണ്ടു ദിവസമായി ഒന്നും സമയത്തിനും കാലത്തിനും ചെയ്യുന്നുമില്ല്യ. ഭക്ഷണോം കഴിക്കണില്ല്യ. ആശുപത്രിയിൽ പോകണോ? വേണ്ട മണിചേട്ടൻ പൊയ്ക്കോള്ളൂ. കുറച്ചു കിടന്നാൽ ശരിയാകും. ശരി നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്‌. മേശപ്പുറത്തു ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എടുത്തു കഴിച്ചിട്ട് വന്നു കിടക്കു. ഞാൻ പോകുന്നു. മണിചേട്ടൻ പോയി                          

                                             മുഖം കഴുകി പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു എന്തോ കഴിച്ചെന്നു വരുത്തി വീണ്ടും വന്നു കിടന്നു. വെറുതെ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കവേ മനസ്സ് വീണ്ടും അസ്വസ്ഥമാകാൻ തുടങ്ങി. തിരിഞ്ഞും മറിഞ്ഞും കിടന്നു.  ജോസേട്ടന്റെ കടയിലേക്ക് പോയാലോ?  ഇപ്പോൾ എല്ലാവരും ജോലിക്ക് പോയിരിക്കുന്ന സമയം ആയതിനാൽ തിരക്ക്കുറവായിരിക്കും . പക്ഷേ ശരീരം അനങ്ങുന്നില്ല.

                      ജീവിതത്തെ എങ്ങനെ നേരിടേണം എന്ന് എല്ലാവരെയും ഉപദേശിക്കുന്ന എനിക്ക് സ്വന്തം കാര്യം വന്നപ്പോൾ ഒന്നിനും കഴിയുന്നില്ല. മറക്കാൻ ശ്രമിക്കുന്ന മുഖം മനസ്സിലേക്ക് തെളിഞ്ഞു വരുന്നു. മനസ്സിൽ നിന്നും അറിയാതെ ഒരു ചോദ്യം ഉയർന്നു വന്നു .

" പെണ്ണേ നിന്നെ ഞാൻ ഇത്രമാത്രം സ്നേഹിച്ചിരുന്നുവോ?"

എന്ന് മുതൽക്കാണ് ഞാൻ അവളെ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് കൃത്യമായി ഓർമ്മയില്ല. ചെറുപ്പം മുതൽക്കേ സ്ത്രീകളോട് പൊതുവെ ഒരു വിദ്വേഷം മനസ്സിൽ വേരൂന്നിയിരുന്നു. ഞാൻ വളർന്നപ്പോൾ അറിയാതെ എന്നോടൊപ്പം വിദ്വേഷവും വളർന്നു. അതുകൊണ്ടുതന്നെ വിവാഹം വേണ്ടെന്നു വെച്ച് ജീവിക്കുന്ന സമയം
                
ആണ്., അമ്മയെ വിളിക്കുമ്പോൾ കേൾക്കാം ഓരോ പെൺകുട്ടികളെ കുറിച്ചുള്ള വിവരണങ്ങൾ. ചിലപ്പോൾ ദേഷ്യം വരും. ചിലപ്പോൾ മറുപടിയൊന്നും കൊടുക്കാതെ ക്ഷമയോടെ കേൾക്കും. പാവം അമ്മ. മടുത്തു കാണും. ഈയിടെയായി വിവരണങ്ങൾ തീരെ കുറവാണ്. അങ്ങനെ വരണ്ട മനസ്സിലേക്ക് മുഖം എങ്ങനെ കയറിപ്പറ്റി എന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഒരു പക്ഷേ ഒറ്റപ്പെട്ട ജീവിതത്തിൽ അവൾ അറിയാതെ അവളെ ശ്രദ്ധിക്കുന്നതിൽ ഒരു രസം തോന്നിക്കാണും. ആദ്യാദ്യം അത് ഒരു രസം ആയിരുന്നു. പിന്നെ പിന്നെ അതൊരു കൌതുകം ആയി. അങ്ങനെ അവൾ എനിക്ക് പ്രീയപ്പെട്ടവൾ ആയി. അവൾ അറിയാതെ തന്നെ.  തിരക്ക് നിറഞ്ഞ ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് ഒരു നോട്ടം അവളെ കാണും.  അപ്പോഴൊക്കെ ആരും കാണാതെ അവളെ തന്നെ നോക്കി നിൽക്കും. ഒരിക്കൽ പോലും നേർക്കുനേർ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, എന്നിട്ടും അവൾ എന്റെ മനസ്സിൽ എന്റെതായി,  ഞാൻ അവളെ സ്നേഹിച്ചു, ലാളിച്ചു, ഒപ്പം കൊണ്ടുനടന്നു. ദിവസങ്ങൾക്ക് അല്പം കൂടി ഭംഗി ഉള്ളതുപോലെ തോന്നിത്തുടങ്ങി. ആഴ്ചകളും മാസങ്ങളും കടന്നുപോയ്ക്കൊണ്ടേ ഇരുന്നു. എല്ലാ ദിവസങ്ങളും ഒരേപോലെ .... 

                                                                      ഒരിക്കലെങ്കിലും അവളോടൊന്നു മിണ്ടാൻ മനസ്സു കൊതിച്ചു. പക്ഷേ ആരെയും ശ്രദ്ധിക്കാതെയുള്ള അവളുടെ ഭാവം എന്നിൽ ആശങ്ക ഉണർത്തി.ഒരു പക്ഷേ ജാഡ പാർട്ടി ആണെങ്കിലോ ; വേണ്ട  , എന്റെ ദുരഭിമാനം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു . ചിലപ്പോൾ തോന്നും എല്ലാം അവൾ അറിയുന്നുണ്ടെന്നും അറിയാത്ത ഭാവം നടിച്ചു നടക്കുകയാണെന്നും . ഒന്നും പിടികിട്ടുന്നില്ല .അറിയാൻ യാതൊരു വഴിയും ഇല്ല .അവളൊരു നൊമ്പരം ആയി മനസ്സിൽ ഒതുങ്ങി . ഞാൻ എന്റെ സുഹൃത്തുക്കളും പൊതുപ്രവർത്തനങ്ങളും ഒക്കെയായി മുന്നോട്ടു നീങ്ങി .                    


 അങ്ങനെ ഇരിക്കെ എന്റെ അടുത്ത സുഹൃത്ത് ആയ തൊമ്മി എന്ന് വിളിക്കുന്ന തോമസിന്റെ ആദ്യ വിവാഹ വാർഷികം വന്നു . ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം കൂടി ആഘോഷം പൊടി പൊടിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു . അറിയാതെ എന്റെ കണ്ണുകൾ സ്റ്റേജിലേക്കൊന്നു പാളി . ഞാൻ ഒന്നമ്പരന്നു ആദ്യം . ഒന്നുകൂടി നോക്കി .അതെ അവൾ തന്നെ ദമ്പതിമാരെ ആശംസിച്ചു കൊണ്ട് നിൽക്കുന്നു . എന്റെ മനസ്സിലൂടെ കടന്നു പോയ വികാരങ്ങൾ ഏതൊക്കെ എന്നോ എന്തൊക്കെ എന്നോ എനിക്ക് തന്നെ മനസ്സിലായില്ല . പോകും മുന്നേ എങ്ങനെ എങ്കിലും ഒന്ന് പരിചയപ്പെടണം എന്ന് ഞാൻ ഉറപ്പിച്ചു . പക്ഷേ എങ്ങനെ ? ഒരു അവസരത്തിനായി ഞാൻ നോക്കിയിരുന്നു . ഊരും പേരും അറിയാത്ത എന്റെ പ്രിയപ്പെട്ടവളെ എങ്ങനെ ഒന്ന് പരിചയപ്പെടും എന്ന് തല പുകച്ചു കൊണ്ടിരുന്നപ്പോൾ തൊമ്മിയുടെ ഭാര്യ അവളെ എല്ലാവർക്കും പരിചയപ്പെടുത്തി , ഇത് വീണ എന്റെ അടുത്ത സുഹൃത്ത് , കോളേജിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു , കക്ഷി നല്ലൊരു ഗായിക കൂടി ആണ് കേട്ടോ . വീണ ഇപ്പോൾ നമ്മുക്കായി ഒരു ഗാനം ആലപിക്കുന്നതായിരിക്കും . ഏതായാലും ആളിന്റെ പേര് കിട്ടി . എന്നാലും എന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലല്ലോ ! എന്റെ വിഷമം ഈശ്വരനു മനസ്സിലായി എന്ന് തോന്നുന്നു . ഒരു അവസരം ഒത്തു വന്നു . എന്റെ മനസ്സെന്നോട് മന്ത്രിച്ചു .

ഉണ്ണീ ......................... ഇനിയും ഇത് പോലെയൊരു ചാൻസ് കിട്ടിയെന്നു വരില്ല . . ഇനി ഒക്കെ നിന്റെ മിടുക്ക് പോലെ . ഒരു ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞു പുള്ളി കൈ വിട്ടു ( സാക്ഷാൽ ഈശ്വരൻ ) .

 

                              (തുടരും)



           

8 comments:

  1. ആഹ,


    കൊള്ളാം ചേച്ചീ.

    ആകെ സസ്പെന്‍സ് ഇട്ട തനി ബ്ലോഗര്‍ ആയല്ലോ.



    ReplyDelete
    Replies
    1. എല്ലാം എഴുതിയിട്ടു സുധിയ്ക്ക്കു ലിങ്ക്‌ അയച്ചു തരാം എന്നു വിചാരിച്ചിരിക്കുവാരുന്നു . ബാക്കി കൂടി വായ്ച്ചിട്ടു അഭിപ്രായം പറയണെ.അപ്പൊ എന്റെ പേരിലും ബ്ലോഗിന്റെ പേരിലുമുള്ള നന്ദി അറിയിച്ചു കൊള്ളുന്നു.

      Delete
  2. വായിയ്ക്കുന്നുണ്ട്

    ReplyDelete
  3. നന്ദി ശ്രീ ; മറക്കാതെയിരുന്നതിനു ;ശ്രീയെ എങ്ങനെ ഒന്നറിയിക്കും എന്ന് വിചാരിച്ചിരിക്കുവാരുന്നു . അപ്പൊ എന്റെ മനസ് വായിച്ചിട്ടെന്ന പോലെ ശ്രീ വന്നു . നന്ദി . എല്ലാ ഭാഗങ്ങളും വായിക്കണേ എന്ന് ഒരു ചെറിയ റിക്വസ്റ്റ് .

    ReplyDelete
  4. ഇതു കൊള്ളാല്ലോ... വായനക്കാരെ സസ്പെൻസിൽ നിർത്താനൊക്കെ പഠിച്ചുവല്ലേ...?

    ReplyDelete
    Replies
    1. വിനുവേട്ടന്റെ വാക്കുകൾ എനിക്കൊരു ശക്തിയായീട്ടൊ !!!

      Delete
  5. ശരിക്കും ഈ പോസ്റ്റ് ഞാൻ നേരത്തെ നോക്കിയിട്ട് കണ്ടില്ല ചേച്ചീ....

    നന്നായിട്ടുണ്ട്.!!!

    ReplyDelete
  6. നന്ദി ദിവ്യാ തിരിച്ചു വന്നു വായ്ച്ചതിനു .

    ReplyDelete